പശ്ചിമേഷ്യയില്‍ സമാധാനം പുനസ്ഥാപിക്കാനുള്ള അമേരിക്കയുടെ ഇടപെടലിന് പിന്തുണ പ്രഖ്യാപിച്ച് സൗദി അറേബ്യ. ഇസ്രയേല്‍-പലസ്തീന്‍ പ്രശ്‌നപരിഹാരത്തിനായുള്ള യുഎസ് ഇടപെടലിനെ പിന്തുണയ്ക്കുന്നതായി സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് പറഞ്ഞു. യുഎസ് മധ്യസ്ഥതയില്‍ യുഎഇയും ബഹ്‌റൈനും ഇസ്രയേലുമായി നയതന്ത്രബന്ധം തുടങ്ങുന്നതിന് പിന്നാലെയാണ് സൗദി ഭരണാധികാരിയുടെ പ്രസ്താവന.
പിടിച്ചെടുത്ത പലസ്തീന്‍ പ്രദേശങ്ങള്‍ വിട്ടുകൊടുക്കുന്നതടക്കമുള്ള അറബ് സമാധാന പദ്ധതി അംഗീകരിക്കാതെ ഇസ്രയേലുമായി സഹകരിക്കില്ലെന്ന് സൗദി അറേബ്യ നേരത്തേ വ്യക്തമാക്കിയിരുന്നു. ഭീകരതയെ പ്രതിരോധിക്കുന്നതിനും സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കുന്നതിനും സഹായകമാകുന്ന രാഷ്ട്രീയ പരിഹാരങ്ങളെ രാജ്യം പൂര്‍ണമായും പിന്തുണയ്ക്കുന്നുവെന്ന് സല്‍മാന്‍ രാജാവ് വ്യക്തമാക്കി. മേഖലയിലെ സമാധാനവും സുരക്ഷയും സുസ്ഥിരതയും ഉറപ്പുവരുത്തുന്നതിനുള്ള ശ്രമം തുടരും. മേഖലയേയും ലോകത്തേയും അസ്ഥിരപ്പെടുത്തുന്ന ഇറാന്റെ നീക്കങ്ങളെ പ്രതിരോധിക്കേണ്ടതുണ്ടെന്ന് സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭ വിലയിരുത്തി.