തിരുവനന്തപുരം: കിഫ്ബിയുടെ നേട്ടങ്ങളും അത് മൂലം വന്ന വികസന പ്രവര്‍ത്തനങ്ങളും നിയമസഭയില്‍ എണ്ണി എണ്ണി പറഞ്ഞ് ഭരണപക്ഷം. പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസ് ചര്‍ച്ചയെ ഭരണപക്ഷം അവസരമാക്കി. പ്രതിപക്ഷത്തിന്റെ കിഫ്ബി വിരുദ്ധ നിലപാടിന് പിന്നില്‍ ബിജെപി കോണ്‍ഗ്രസ് ഗൂഢാലോചനയാണെന്ന് ഭരണപക്ഷ എംഎല്‍എമാര്‍ തുറന്നടിച്ചു. 60000 കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്ത് കിഫ്ബി വഴി നടപ്പാക്കുമ്പോള്‍ അതിന് തുരങ്കം വക്കുകയാണ് പ്രതിപക്ഷം. സമാനതകളില്ലാത്ത വികസന പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. കിഫ്ബി വഴി സ്വന്തം മണ്ഡലത്തില്‍ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങളുടെ പേരില്‍ ഫ്‌ളക്‌സുകള്‍ നിരത്തുന്ന പ്രതിപക്ഷം അതിനെതിരെ നിയമസഭയില്‍ വന്നു പ്രസംഗിക്കുന്നത് പരിഹാസ്യമാണെന്നും ഭരണപക്ഷം പറഞ്ഞു.