പാലക്കാട്: ആലപ്പുഴ മാന്നാറില്‍ നിന്നും അര്‍ധരാത്രി ഒരുസംഘം തട്ടിക്കൊണ്ടുപോയ യുവതിയെ കണ്ടെത്തി. പാലക്കാട് ജില്ലയിലെ വടക്കുംചേരിയില്‍ നിന്നാണ് യുവതിയെ കണ്ടെത്തിയത്. മാന്നാര്‍ കുരട്ടിക്കാട് വിസ്മയ ഭവനത്തില്‍ ബിനോയിയുടെ ഭാര്യ ബിന്ദു(39)വിനെയാണ് അജ്ഞാത സംഘം പിടിച്ചുകൊണ്ടുപോയത്.
തട്ടിക്കൊണ്ടുപോയ സംഘം തന്നെ ദേശീയപാതയോരത്ത് ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് ബിന്ദു പോലീസിന് നല്‍കിയിരിക്കുന്ന വിവരം. മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയയാക്കിയ യുവതിയെ മാന്നാര്‍ പോലീസിന് കൈമാറുമെന്ന് ആലത്തൂര്‍ ഡിവൈഎസ്പി വ്യക്തമാക്കി. യുവതി നാല് ദിവസം മുന്‍പാണ് ഗള്‍ഫില്‍ നിന്നും എത്തിയത്. ക്വാറന്റൈനില്‍ കഴിയുന്നതിനിടയിലായിരുന്നു തട്ടിക്കൊണ്ടുപോകല്‍. പുലര്‍ച്ചെ രണ്ടോടെ വീടിന്റെ ഗേറ്റ് തകര്‍ക്കുന്ന ശബ്ദം കേട്ടം വാതില്‍ തുറന്നപ്പോള്‍ 20 ഓളം വരുന്ന സംഘം വീടിനുള്ളില്‍ കടന്ന് യുവതിയെ പിടിച്ചുകൊണ്ടുപോയെന്നാണ് ബന്ധുക്കള്‍ പോലീസിന് നല്‍കിയിരുന്ന മൊഴി.
ദുബായിയിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലി ചെയ്തിരുന്ന യുവതി വീട്ടില്‍ എത്തിയതിന്റെ തൊട്ടടുത്ത ദിവസം മലപ്പുറം കൊടുവള്ളി സ്വദേശികളാണെന്നു പരിചയപ്പെടുത്തി മൂന്നു പേര്‍ വന്നിരുന്നു. ബിന്ദുവിനെ കണ്ട ഇവര്‍ ഗള്‍ഫില്‍നിന്നു കൊടുത്തു വിട്ട സ്വര്‍ണത്തെക്കുറിച്ചു ചോദിച്ചു. എന്നാല്‍, ആരും സ്വര്‍ണം തന്നുവിട്ടിട്ടില്ലെന്നു യുവതി പറഞ്ഞതിനെത്തുടര്‍ന്ന് ആള്‍ മാറിപോയതാണെന്നു പറഞ്ഞു മൂവര്‍ സംഘം തിരികെ പോവുകയും ചെയ്തു. ഇതിനു ശേഷമാണ് ഇന്നു പുലര്‍ച്ചെ വീട് ആക്രമിച്ചു യുവതിയെ തട്ടികൊണ്ടുപോയത്.
സ്വര്‍ണക്കടത്ത് സംഘമെന്നാണ് തട്ടികൊണ്ടുപോകലിനു പിന്നിലെന്നു സംശയിക്കുന്നതായി പോലീസ് പറഞ്ഞു. ബിന്ദു നാട്ടിലെത്തിയതു മുതല്‍ ഇവര്‍ നിരീക്ഷണത്തിലായിരുന്നുവെന്നു കരുതുന്നു. തുടര്‍ന്നാണ് തട്ടികൊണ്ടുപോകാന്‍ പദ്ധതിയിട്ടതെന്നും പോലീസ് പറയുന്നു.
വീട്ടില്‍ കാണാന്‍ എത്തിയവരുടെ ചിത്രങ്ങളും യുവതി ഉപയോഗിച്ചിരുന്ന ഫോണും ബന്ധുക്കള്‍ പോലീസിനു കൈമാറി. രാത്രിയിലെ സിസിടിവി ദൃശ്യങ്ങളും ബിന്ദുവിന്റെ ഫോണിലേക്കു വിളിച്ചവരുടെ വിവരങ്ങളും പോലീസ് ശേഖരിച്ചു വരികയാണ്.











