മെയ്ഡ് ഇന്‍ ഇന്ത്യ എസ് യു വിയില്‍ ലോകം ചുറ്റാനിറങ്ങിയ മലയാളി യുവാക്കള്‍ തങ്ങളുടെ ആദ്യ സ്റ്റോപ്പായ യുഎഇയില്‍ എത്തി.
ദുബായ് :മെയ്ഡ് ഇന്‍ ഇന്ത്യ വാഹനമായ മഹീന്ദ്ര ഥാറില്‍ ലോകം ചുറ്റാനിറങ്ങിയ മലയാളി യുവാക്കള്‍ യുഎഇയിലെ ഷാര്‍ജയിലെത്തി.
യുഎഇയില്‍ ട്രക്ക് ഡ്രൈവര്‍മാരായിരുന്ന ബക്കര്‍, ഇക്ബാല്‍ എന്നിവരുടെ മക്കളാണ് അമ്പത് രാജ്യങ്ങളിലൂടെ ലോകം ചുറ്റാന്‍ പുറപ്പെട്ടിരിക്കുന്നത്.
ബെക്കറിന്റെ മകനായ ഹാഫിസിന് 19 ഉം ഇക്ബാലിന്റെ മകനായ ഹിജാസിന് 21 ഉം വയസ്സാണുള്ളത്. ഇരുവരും ബന്ധുക്കളുമാണ്.
തങ്ങളുടെ സഞ്ചാരപഥത്തിലുള്ള രാജ്യങ്ങളുടെ ദേശീയ പതാകള്‍ ഇവരുടെ കേരള രജിസ്‌ട്രേഷനിലുള്ള ഥാര്‍ വാഹനത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
മുവ്വാറ്റുപുഴ ആര്‍ടി ഒ രജിസ്ട്രഷനിലുള്ള വാഹനമായ കെഎല്‍ 17 ഡബ്ല്യൂ 2866 എന്ന നമ്പര്‍ പ്ലേറ്റുള്ള വാഹനമാണ് ഥാര്‍. ഇവരുടെ ട്രാവല്‍ വ്‌ളോഗിന് കെഎല്‍ 17 അണ്‍നോണ്‍ ഡെസ്റ്റിനേഷന്‍ എന്നാണ് പേര് നല്‍കിയിരിക്കുന്നത്.
യുഇഇ റസിഡന്‍സ് വീസ ഉള്ള ഇവര്‍ക്ക് ഇതരരാജ്യങ്ങളിലെ സന്ദര്‍ശക വീസ ലഭിക്കാന്‍ അധികം ബുദ്ധിമുട്ട് ഉണ്ടായില്ല.
കാശ്മീരില്‍ നിന്ന് കേരളത്തിലേക്ക് എസ് യു വിയില്‍ യാത്ര നടത്തിയതിന്റെ പരിചയമാണ് ഹാഫിസിന് ലോകം ചുറ്റാനുള്ള ആത്മവിശ്വാസം നല്‍കിയത്.
നാട്ടില്‍ വ്യാപാരസ്ഥാപനമുള്ള ഇരുവരും ബിസിനസില്‍ നിന്ന് ലഭിച്ച വരുമാനത്തില്‍ നിന്നും ബാങ്ക് വായ്പ എടുത്തുമാണ് ലോക യാത്രയ്ക്കുള്ള പണം കണ്ടെത്തിയതെന്ന് ഇരുവരും പറഞ്ഞു.
യാത്രയ്ക്കിടയില്‍ വിശ്രമിക്കുന്നത് വാഹനത്തിനുള്ളില്‍ തന്നെയായിരിക്കുമെന്നും ഇതിനായി ഥാറിനുള്ളില്‍ കിടക്കാനുള്ള സൗകര്യവും മറ്റും ഉണ്ടാക്കിയിട്ടുണ്ട്.
ഓരോ രാജ്യങ്ങളിലും മലയാളികളായ പലരും തങ്ങളെ സ്വാഗതം ചെയ്യാന്‍ ഒരുങ്ങിയിട്ടുണ്ടെന്നും ഇവരുടെ പിന്തുണയാണ് തങ്ങളുടെ യാത്രയുടെ വിജയമെന്നും ഇരുവരും പറയുന്നു.
കോവിഡ് 19 ഒമിക്രോണ്‍ ഭീഷണികള്‍ യാത്രയ്ക്ക് തടസ്സമാകില്ലെന്നാണ് ഇരുവരുടേയും പ്രതീക്ഷ. യുഎഇയില്‍ നിന്ന് 27 നാണ് ഇവരുടെ അടുത്ത ലക്ഷ്യകേന്ദ്രമായ ഒമാന്‍ യാത്ര.