തൃശ്ശൂര്‍: കേരളവര്‍മ്മ കോളേജിലെ പ്രിന്‍സിപ്പല്‍ സ്ഥാനത്ത് നിന്ന് പ്രൊഫ.എ.പി.ജയദേവന്‍ രാജിവെച്ചു. സി.പി.ഐ.എം താല്‍ക്കാലിക സെക്രട്ടറി എ.വിജയരാഘവന്റെ ഭാര്യയെ വൈസ് പ്രിന്‍സിപ്പല്‍ ആക്കിയതില്‍ പ്രതിഷേധിച്ചാണ് സ്ഥാനമൊഴിഞ്ഞത്.ഏഴ് വര്‍ഷം കൂടി കാലാവധി ബാക്കിയുള്ളപ്പോഴാണ് എ.പി ജയദേവന്‍ പ്രിന്‍സിപ്പല്‍ സ്ഥാനമൊഴിയുന്നത്. രാജി സംബന്ധിച്ച് ജയദേവന്‍ കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് കത്ത് നല്‍കി. വൈസ് പ്രിന്‍സിപ്പലിന നിയമിക്കാനുള്ള സാഹചര്യം എന്താണെന്ന് പ്രിന്‍സിപ്പല്‍ കത്തില്‍ ചോദിച്ചിട്ടുണ്ട്. തന്നോട് കൂടിയാലോചിക്കാതെയാണ് വൈസ് പ്രിന്‍സിപ്പലിനെ നിയമിച്ചത്. രണ്ട് അധികാര കേന്ദ്രങ്ങള്‍ ഉണ്ടാകുന്നത് ഭരണ പ്രതിസന്ധി ഉണ്ടാക്കും. ഈ സാഹചര്യത്തില്‍ സ്ഥാനം ഒഴിയുന്നുവെന്നും ജയദേവന്‍ കത്തില്‍ പറയുന്നു.എന്നാല്‍ യുജിസി മാനദണ്ഡമനുസരിച്ചാണ് വൈസ് പ്രിന്‍സിപ്പലിന്റെ നിയമനമെന്നാണ് ദേവസ്വം ബോര്‍ഡിന്റെ വിശദീകരണം.
കഴിഞ്ഞമാസം 30നാണ് കേരള വര്‍മ കോളജിലെ ഇംഗ്ലീഷ് വിഭാഗം മേധാവി അസോസിയേറ്റ് പ്രൊഫസര്‍ പ്രൊഫ. ബിന്ദുവിനെ വൈസ് പ്രിന്‍സിപ്പലായി നിയമിച്ചു കൊണ്ടുള്ള ഉത്തരവ് ഇറങ്ങിയത്.ആദ്യമായാണ് കേരളവര്‍മ്മയില്‍ വൈസ് പ്രിന്‍സിപ്പലിനെ നിയമിക്കുന്നത്. പ്രിന്‍സിപ്പാളിന്റെ അധികാരം വൈസ് പ്രിന്‍സിപ്പാളിന് വീതിച്ച് നല്‍കിയിരുന്നു. ആര്‍. ബിന്ദുവിനെ സിപിഎം നിയന്ത്രണത്തിലുള്ള കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള കോളജില്‍ വൈസ് പ്രിന്‍സിപ്പല്‍ തസ്തിക പ്രത്യേകം സൃഷ്ടിച്ച് പ്രിന്‍സിപ്പലിന്റെ ചുമതലകള്‍ ബിന്ദുവിന് കൈമാറിയത് വിവാദമായിരുന്നു. പകുതിയിലേറെ ചുമതലകള്‍ വൈസ് പ്രിന്‍സിപ്പലിന് നല്‍കുക വഴി പരീക്ഷാ നടത്തിപ്പും കോളജിന്റെ നടത്തിപ്പും മാത്രമായി പ്രിന്‍സിപ്പലിന്റെ പദവി ചുരുങ്ങിയെന്നായിരുന്നു ഉയര്‍ന്ന ആക്ഷേപം. ഇല്ലാത്ത തസ്തിക സൃഷ്ടിക്കുക വഴി ചട്ടലംഘനമാണ് നടന്നതെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു.