കൊച്ചി: സംസ്ഥാനത്ത് ഉടന്‍ തിയറ്ററുകള്‍ തുറക്കില്ല. ഫിയോക് ജനറല്‍ബോഡിയില്‍ ആയിരുന്നു തീരുമാനം. ആന്റണി പെരുമ്പാവൂര്‍, ദിലീപ് എന്നിവരാണ് തിയറ്റര്‍ തുറക്കേണ്ട സാഹചര്യമല്ലെന്ന് അഭിപ്രായപ്പെട്ടത്. തമിഴ് സിനിമയ്ക്ക് വേണ്ടി തിയറ്റര്‍ തുറന്നാല്‍ ഉണ്ടാവുന്ന ഭവിഷ്യത്തുകള്‍ വലുതായിരിക്കും. നമുക്കു വേണ്ടിയാണ് നിര്‍മാതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയതെന്ന് ഓര്‍ക്കണമെന്നും ദിലീപ് യോഗത്തില്‍ പറഞ്ഞു.
സര്‍ക്കാരിന് മുന്നില്‍ വെച്ച ഉപാധികള്‍ അംഗീകരിക്കാതെ തിയറ്റര്‍ തുറക്കില്ലെന്ന് കഴിഞ്ഞ ദിവസം ചേര്‍ന്ന അടിയന്തര യോഗത്തിലും തീരുമാനമായിരുന്നു. ലൈസന്‍സ് കാലാവധി 6 മാസത്തേക്ക് നീട്ടുക, തിയറ്റര്‍ സജ്ജീകരിക്കാന്‍ ഒരാഴ്ച്ചയെങ്കിലും സമയം അനുവദിക്കണം തുടങ്ങിയവയാണ് നിര്‍മ്മാതാക്കളും വിതരണക്കാരും മുന്നോട്ട് വെച്ച ഉപാധികള്‍. ജനുവരി അഞ്ചു മുതല്‍ സിനിമാ തിയറ്ററുകള്‍ തുറന്നുപ്രവര്‍ത്തിക്കാനാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്. സീറ്റിങ് കപ്പാസിറ്റിയുടെ പകുതിയില്‍ മാത്രമാണ് പ്രവര്‍ത്തിക്കുകയെന്നും കര്‍ശനമായ കൊവിഡ് മാനധണ്ഡങ്ങളോടെ പ്രവര്‍ത്തിക്കാത്ത തിയറ്ററുകള്‍ക്കെതിരെ നിയമനടപടികളുണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചിരുന്നു.
എന്നാല്‍ ഇത്തരത്തില്‍ ഒരു തീരുമാനം സര്‍ക്കാരില്‍ നിന്നും പ്രതീക്ഷിച്ചില്ലെന്നാണ് ഫിലിം ചേംബര്‍ അറിയിച്ചത്. അതിനാലാണ് ജനുവരി അഞ്ചിന് തിയറ്റര്‍ തുറക്കില്ലെന്ന തീരുമാനം ഫിലിം ചേംബര്‍ അറിയിച്ചത്. തിയറ്ററുകള്‍ തുറന്നാലും സിനിമ നല്‍കില്ലെന്നാണ് ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്‍ മുന്നേ അറിയിച്ചിരുന്നു. തിയറ്ററുകളില്‍ നിന്നും ലഭിക്കാനുള്ള പണം തന്നാല്‍ മാത്രമേ പുതിയ സിനിമകള്‍ വിതരണം ചെയ്യുകയുള്ളൂ എന്നാണ് അസോസിയേഷന്റെ നിലപാട്. രാജ്യത്ത് കോവിഡ് വ്യാപനത്തെ തുടര്‍ന്നായിരുന്നു തിയറ്ററുകള്‍, ആരാധനാലയങ്ങള്‍ തുടങ്ങിയവയുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചത്. തിയറ്ററുകള്‍ തുറക്കണമെന്ന ആവശ്യം വിവിധ കേന്ദ്രങ്ങളില്‍ നിന്നും ഉയര്‍ന്നിരുന്നു. തിയറ്റര്‍ ഉടമകളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തിയിരുന്നെങ്കിലും ആദ്യഘട്ടത്തില്‍ ഇതില്‍ തീരുമാനമായിരുന്നില്ല.