തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി റേഷൻ കടകളിലെത്തിച്ച പുഴുവരിച്ച അരിച്ചാക്കുകൾ കടകളിൽനിന്ന് ഭക്ഷ്യവകുപ്പ് നീക്കിത്തുടങ്ങി. ആദ്യഘട്ടത്തിൽ തിരുവനന്തപുരം നെടുമങ്ങാട് താലൂക്കിലെ റേഷൻ കടകളിലുണ്ടായിരുന്ന മുന്നൂറോളം ചാക്കുകളാണ് താലൂക്ക് സപ്ലൈ ഓഫിസറുടെയും റേഷനിങ് ഇൻസ്പെക്ടർമാരുടെയും നേതൃത്വത്തിൽ ബുധനാഴ്ച നീക്കിയത്.
ജില്ല സപ്ലൈ ഓഫിസർമാർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വരും ദിവസങ്ങളിൽ മറ്റ് ജില്ലകളിലെ മോശം ചാക്കുകളും നീക്കുമെന്നും കേടായ ഭക്ഷ്യധാന്യങ്ങൾക്ക് പകരമുള്ളവ അടിയന്തരമായി കടകളിൽ എത്തിക്കുമെന്നും അധികൃതർ അറിയിച്ചു. കഴിഞ്ഞ മാസമാണ് സ്പെഷൽ റേഷന്റെ ഭാഗമായി മൂന്നുവർഷം പഴക്കമുള്ള ചാക്കരി, ഗോതമ്പ് എന്നിവ വാതിൽപടിയായി കടകളിലെത്തിയത്. ചാക്കുകളിൽനിന്ന് ദുർഗന്ധം വമിച്ചതിനെതുടർന്ന് വ്യാപാരികൾ പരിശോധിച്ചപ്പോഴാണ് പലതും പുഴുവരിച്ചനിലയിൽ കണ്ടത്.
ഇതിൽ പലതും എഫ്.സി.ഐയുടെ ടാഗില്ലാതെ ഗോഡൗണിലെ തൊഴിലാളികളെകൊണ്ട് തുന്നിക്കെട്ടിച്ചവയായിരുന്നു. ഇതുസംബന്ധിച്ച് ജൂൺ 10 ന് ‘മാധ്യമം’ വാർത്ത പുറത്തുവിട്ടതോടെയാണ് ഭക്ഷ്യമന്ത്രി പി. തിലോത്തമൻ അന്വേഷണത്തിന് ഉത്തരവിട്ടത്.സിവിൽ സപ്ലൈസ് ഡയറക്ടറുടെ അന്വേഷണത്തിൽ സംസ്ഥാനത്തെ വിവിധ ഗോഡൗണുകളിൽനിന്ന് കടകളിലെത്തിയ ചാക്കുകളിൽ പലതും മോശമാണെന്ന് കണ്ടെത്തി. തിരുവനന്തപുരത്തെ നെടുമങ്ങാട് സപ്ലൈകോയുടെ മൂന്ന് ഗൗഡൗണുകളിലായി മാത്രം ഏകദേശം 18200 ചാക്ക് ഭക്ഷ്യധാന്യങ്ങളാണ് നശിച്ചത്.
മാവേലിക്കര എഫ്.സി.ഐ ഗോഡൗണിൽനിന്ന് കാർത്തികപ്പള്ളി താലൂക്കിലെത്തിച്ച ചാക്കുകളിലും തൃശൂരും സമാനരീതിയിൽ മോശം ചാക്കുകൾ കണ്ടെത്തി.എഫ്.സി.ഐയിൽനിന്ന് ആദ്യമാദ്യമെത്തുന്ന അരി കടകളിലേക്ക് ക്രമമായി വിതരണം ചെയ്തതിലുണ്ടായ പിഴവാണ് കോടികളുടെ നഷ്ടത്തിന് കാരണമെന്നും ഉദ്യോഗസ്ഥരുടെ അലംഭാവം കൊണ്ട് നശിച്ച ചാക്കുകളാണ് ജൂണിൽ വാതിൽപടി വിതരണത്തിെൻറ മറവിൽ നല്ല ചാക്കുകൾക്കൊപ്പം കടകളിലേക്ക് കയറ്റിവിട്ടതെന്നും റിപ്പോർട്ടിലുണ്ടായിരുന്നു.
ഇതിനെതുടർന്നാണ് മോശം ചാക്കുകളുടെ എണ്ണം തിട്ടപ്പെടുത്തി, പകരം സാധനങ്ങൾ മാറ്റിനൽകാൻ ജില്ല സപ്ലൈ ഓഫിസർമാരോട് മന്ത്രി നിർദേശിച്ചത്.ഗോഡൗണിൽനിന്ന് വാതിൽപടിയായി എത്തുന്ന ചാക്കുകൾ വ്യാപാരികൾ പരിശോധിച്ച് മാത്രമേ കടയിലേക്ക് ഇറക്കാവൂയെന്നും എഫ്.സി.ഐ ടാഗില്ലാത്ത ചാക്കുകൾ കൈപ്പറ്റരുതെന്നും ഭക്ഷ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.