തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് നിയന്തണങ്ങള്‍ ശക്തമാക്കുകയാണെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. ഇനി നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് ഉപദേശങ്ങളൊന്നും നല്‍കില്ല പകരം കര്‍ശന നടപടികളിലേക്ക് നീങ്ങുമെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് പ്രതിരോധത്തിന്റെ നിയന്ത്രണങ്ങള്‍ പോലീസ് ഏറ്റെടുത്തിരിക്കുകയാണ്. കോവിഡ് കേസുകളുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചു കൊണ്ടിരിക്കുമ്പോഴും ജനങ്ങളുടെ ജാഗ്രത കുറയുന്നതിലാണ് വീണ്ടും നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നതിലേക്ക് നീങ്ങുന്നത്. സാമൂഹിക അകലം പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്തുന്നതിനാണ് പോലീസ് പരിശോധനയ്ക്ക ഇറങ്ങുന്നത്.
90 ശതമാനം പോലീസുകാരോടും കൊവിഡ് ഡ്യൂട്ടിയ്ക്ക് ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ക്വാറന്റൈനില്‍ പോയ പൊലീസുകാരൊഴികെയുളളവരെയെല്ലാം ഡ്യൂട്ടിയിക്കിടാനാണ് തീരുമാനം. ജില്ലകളിലെ കണ്ടെയിന്‍മെന്റ് സോണുകള്‍, രോഗികള്‍ കൂടുതലായി ഉള്ള സ്ഥലങ്ങള്‍ എന്നിവടങ്ങളില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കും. കടകളിലെ ആളുകളുടെ തിരക്ക്, വാഹനങ്ങളിലെ ആളുകളുടെ എണ്ണം എന്നിവയില്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കുമെന്നും വ്യക്തമാക്കി. ലോക്ക്ഡൗണ്‍ ഇളവുകള്‍ ആളുകള്‍ പാലിക്കാത്തതോടെയാണ് വീണ്ടും നിയന്ത്രണങ്ങളും പരിശോധനകളും പൊലീസ് ശക്തമാക്കുന്നത്.