തിരുവനന്തപുരം: ആധുനിക സാങ്കേതിക വിദ്യയെ കുറിച്ചുളള ആഴത്തിലുളള അറിവ് കുറ്റാന്വേഷണ രംഗത്തെ മികവ് തെളിയിക്കുന്നതിന് പോലീസിന് അത്യാവശ്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള പോലീസ് അക്കാഡമി സംഘടിപ്പിച്ച രണ്ടാമത് പോലീസ് സയന്‍സ് കോണ്‍ഗ്രസ് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഫോറന്‍സിക് സയന്‍സ്, ഫോറന്‍സിക് മെഡിസിന്‍, സൈബര്‍ സെക്യൂരിറ്റി തുടങ്ങിയ മേഖലകളിലെ നൂതന സാങ്കേതിക വിദ്യയും നിയമപരമായി അവ ഉപയോഗിക്കാനുളള അറിവും പോലീസിലെ എല്ലാ വിഭാഗത്തിനും വേണമെന്ന് അദ്ദേഹം പറഞ്ഞു. ശാസ്ത്രസാങ്കേതിക വിദ്യയിലൂന്നിയ സമ്മേളനങ്ങളിലൂടെയും മറ്റും നേടുന്ന അറിവിലൂടെ പോലീസുദ്യോഗസ്ഥര്‍ക്ക് തികച്ചും സാാങ്കേതിക തികവാര്‍ന്ന പരിശീലനം നല്‍കാന്‍ കഴിയും. കേരള പോലീസ് അക്കാഡമി പോലീസ് സയന്‍സ് ഉള്‍പ്പെടെ വിവിധ മേഖലകളിലെ ഗവേഷണ കേന്ദ്രമായി മാറണമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. അതിലൂടെ രാജ്യത്തെ ഏറ്റവും കഴിവുറ്റ അന്വേഷണ ഏജന്‍സിയായി കേരള പോലീസ് മാറുമെന്നും മുഖ്യമന്ത്രി പറഞ്ഞു.











