കൊച്ചി: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് എപ്പോള്‍ നടത്തണമെന്ന് തീരുമാനിച്ചിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. കേരള ഹൈക്കോടതിയിലാണ് കമ്മീഷന്‍ ഇക്കാര്യം അറിയിച്ചത്. വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമേ തീരുമാനം എടുക്കുകയുള്ളൂവെന്നും കമ്മീഷന്‍ ഹൈക്കോടതിയെ അറിയിച്ചു. തെരഞ്ഞെടുപ്പ് തീയ്യതിയും വിജ്ഞാപനവും ഇതുവരെ പുറപ്പെടുവിച്ചിട്ടില്ല.
കോവിഡ് മഹാമാരിയെക്കുറിച്ച് കമ്മീഷന് വ്യക്തമായ ബോധ്യമുണ്ട്. കോവിഡ് പശ്ചാത്തലത്തിന്റെ ഗൗരവം കണക്കിലെടുത്താണ് തെരഞ്ഞെടുപ്പ് നടപടിയുമായി മുന്നോട്ട് പോകുന്നത്. നിലവിലെ സാഹചര്യത്തെ കുറിച്ച് ആരോഗ്യ വകുപ്പ് സെക്രട്ടറിയുമായി ചര്‍ച്ച നടത്തിയെന്നും കമ്മീഷന്‍ വ്യക്തമാക്കി.
കോവിഡ് പശ്ചാത്തലത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടണമെന്ന് ആവശ്യപ്പെടുന്ന ഹര്‍ജി തള്ളണമെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയോട് ആവശ്യപ്പെട്ടു. മലപ്പുറം സ്വദേശി മുഹമ്മദ് റാഫിയുടെ ഹര്‍ജിയിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം.