നിര്‍മ്മാണ സാമഗ്രികള്‍ക്ക് അടുത്തയിടെ വന്‍ വിലവര്‍ധന നേരിടുന്ന സാഹചര്യത്തില്‍, ഈ മേഖലയിലെ വില നിയന്ത്രിക്കുന്നതിന് പ്രത്യേക വായ്പ പദ്ധതികളുമായി കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍.
ഇന്ന് വിവിധ ക്രഷര്‍ അസോസിയേഷന്‍ അംഗങ്ങളുമായി നടന്ന വെബിനാറിലാണ് ഈ തീരുമാനം എടുത്തത്. ക്വാറി ക്രഷര്‍ മേഖലയിലെ ആറ് പ്രമുഖ സംഘടനകളുടെ മുന്നൂറോളം വരുന്ന അംഗങ്ങള്‍ ഓണ്‍ലൈനായി കെഎഫ്‌സിയുമായി ചര്‍ച്ച നടത്തി .
പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത വിധത്തില്‍ പ്രകൃതിവിഭവങ്ങളെ വരുംതലമുറക്ക് കൂടി ഉപയോഗിക്കത്തക്ക വിധത്തില്‍ ശാസ്ത്രിയമായി ക്രഷറുകള്‍ നടത്തുന്നതിന് ആവശ്യമായ ആധുനിക യന്ത്രങ്ങള്‍ക്കായി ന്യായമായ പലിശയ്ക്ക് മൂലധനം ലഭ്യമാക്കുമെന്ന് കെ എഫ് സി – സി എം ഡി ശ്രി ടോമിന്‍ ജെ തച്ചങ്കരി അറിയിച്ചു.
500 കോടി രൂപയാണ് ക്രഷറുകള്‍ക്കായി കെ എഫ് സി വകയിരുത്തിയിരിക്കുന്നത്. പാരിസ്ഥിതിക അനുമതിയും അനുബന്ധ ലൈസന്‍സുകളും ഉള്ള യൂണിറ്റുകള്‍ക്ക് ബന്ധപ്പെട്ട രേഖകള്‍ സമര്‍പ്പിച്ചാല്‍ ഒരാഴ്ചക്കകം വായ്പ ലഭ്യമാക്കും ഈ മേഖലയില്‍ നിയമവിധേയമായി പ്രവര്‍ത്തിക്കുന്ന യൂണിറ്റുകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ട് വരുമെന്നും സി എം ഡി കൂട്ടിച്ചേര്‍ത്തു.
ഇപ്രകാരം കുറഞ്ഞനിരക്കില്‍ വായ്പകള്‍ ലഭ്യമാകുന്നതോടെ നിര്‍മ്മാണസാമഗ്രികളുടെ വിലയിലും കുറവ് വരുത്തണമെന്ന് കെ എഫ് സി ക്രഷര്‍ ഉടമകളോട് അഭ്യര്‍ത്ഥിച്ചു. 20 കോടി വരെയുള്ള വായ്പകള്‍ ആണ് കെ എഫ് സി അനുവദിക്കുന്നത്. പ്രോജക്ടിന്റെ 66 ശതമാനം വരെ വായ്പ നല്‍കും. ട്ടേം ലോണ്‍ കൂടാതെ ആവശ്യമുള്ള യൂണിറ്റുകള്‍ക്ക് വര്‍ക്കിംഗ് ക്യാപിറ്റല്‍ വായ്പകള്‍ അനുവദിക്കും. മറ്റു ക്രഷറുകള്‍ വാങ്ങുന്നതിനും വായ്പ അനുവദിക്കുന്നതാണ്. 8 ശതമാനമാണ് കെ എഫ് സി യുടെ ബേയ്‌സ് റേറ്റ്.