ഡല്‍ഹി: കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഒറ്റഘട്ടമായി നടക്കും. ഏപ്രില്‍ 6നാണ് വോട്ടെടുപ്പ്. എല്ലാ സംസ്ഥാനങ്ങളില്‍ വോട്ടെണ്ണല്‍ മെയ് രണ്ടിനാണ്. മലപ്പുറം ഉപതെരഞ്ഞെടുപ്പും ഏപ്രില്‍ 6ന് നടക്കും. വിജ്ഞാപനം മാര്‍ച്ച് 12ന് പുറപ്പെടുവിക്കും. മാര്‍ച്ച് 20ന് സൂക്ഷ്മപരിശോധന നടക്കും.പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതി മാര്‍ച്ച് 22 ആണ്.
അസമില്‍ മൂന്ന് ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യ വോട്ടെടുപ്പ് മാര്‍ച്ച് 27നാണ്. ഏപ്രില്‍ 1, ഏപ്രില്‍ 6 എന്നീ തിയതികളിലാണ് രണ്ടും മൂന്നും ഘട്ടം വോട്ടെടുപ്പ് നടക്കുന്നത്. ബംഗാളില്‍ എട്ട് ഘട്ടമായാണ് വോട്ടെടുപ്പ്. ആദ്യഘട്ടം മാര്‍ച്ച് 27ന് നടക്കും. തമിഴ്‌നാട്ടിലും പുതുച്ചേരിയിലും കേരളത്തിനൊപ്പം വോട്ടെടുപ്പ് നടക്കും. ഉത്സവ സീസണ്‍, പരീക്ഷ എന്നിവ പരിഗണിച്ചാണ് തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുനില്‍ അറോറ പറഞ്ഞു.
ആരോഗ്യരംഗത്ത് അത്ഭുതപൂര്‍വമായ പ്രതിസന്ധി തുടരുന്നു. ജനങ്ങളുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കി തെരഞ്ഞെടുപ്പ് നടത്തുമെന്നും സുനില്‍ അറോറ പറഞ്ഞു. പോളിങ് സമയം ഒരു മണിക്കൂര്‍ കൂട്ടിയിട്ടുണ്ട്. രാവിലെ ഏഴ് മുതല്‍ വൈകുന്നേരം 6 മണിവരെയാണ് വോട്ടെടുപ്പ്. കോവിഡ് ബാധിതര്‍ക്ക് പ്രത്യേക സൗകര്യം ഒരുക്കും. 80 വയസ്സിന് മുകളിലുള്ളവര്‍ക്ക് തപാല്‍ വോട്ട് അനുവദിക്കും.
കേരളത്തില്‍ കോവിഡ് സാഹചര്യം വെല്ലുവിളി ഉയര്‍ത്തുന്നു. 40,771 പോളിങ് ബൂത്തുകളാണ് കേരളത്തിലുള്ളതെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. 2016ല്‍ 21,794 ആയിരുന്നു പോളിങ് സ്‌റ്റേഷനുകള്‍. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ സ്ഥാനാര്‍ത്ഥിക്കൊപ്പം രണ്ട് പേര്‍ മാത്രം മതി. വീടുകയറിയുള്ള പ്രചാരണത്തിന് അഞ്ച് പേര്‍ക്ക് മാത്രമാണ് അനുമതി. കേരളത്തിലെ നിരീക്ഷകന്‍ ദീപക് മിശ്ര ഐപിഎസ് ആയിരിക്കും. തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷിക്കുന്നത് പുഷ്‌പേന്ദ്രകുമാര്‍ പുനിയ ആണ്. കേരളത്തില്‍ ഒരു മണ്ഡലത്തില്‍ ചെലവാക്കാവുന്നത് 30.8 ലക്ഷം രൂപയാണ്.
ആകെ സീറ്റുകള്‍-824
ബംഗാള്‍- 294
തമിഴ്‌നാട്-234
കേരളം-140
അസം-126
പുതുച്ചേരി-30