കൊച്ചി: കേരളത്തിൽ ഒരു കോവിഡ് മരണം കൂടി. കാക്കനാട്ടെ കന്യാസ്ത്രീ മഠത്തിലെ കിടപ്പുരോഗിയാണ് മരിച്ചത്. കുറച്ചു ദിവസങ്ങളായി ഇവരുടെ ആരോഗ്യനില മോശമായി തുടരുന്നതിനിടെയാണ് മരണം സംഭവിച്ചത്. ഇവർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. കന്യാസ്ത്രീകളടക്കം 139 പേരാണ് കാക്കനാട്ടെ മഠത്തിലുള്ളത്. ഇവർക്കെല്ലാം ആന്റിജൻ പരിശോധന നടത്തിയിരുന്നു. ഇവരിൽ 43 പേർക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിരുന്നു. 23 കിടപ്പ് രോഗികളും ഈ മഠത്തിലുണ്ട്.
അതിനിടെ വിദേശത്തുനിന്നെത്തി മലപ്പുറത്ത് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നയാള്‍ കുഴഞ്ഞുവീണ് മരിച്ചു. ചങ്ങരംകുളം നന്നമുക്ക് സ്വദേശി അബൂബക്കര്‍ എന്ന അമ്പത്തഞ്ചുകാരനാണ് മരിച്ചത്. 12ദിവസം മുമ്പാണ് ഇയാള്‍ നാട്ടിലെത്തിയത്. ഇയാളുടെ സ്രവപരിശോധന ഇന്ന് നടത്തും.
വ്യാഴാഴ്ച മരിച്ച കോഴിക്കോട് , കാരപ്പറമ്പ് സ്വദേശി റുഖ്യാബിയ്ക്കും രോഗം സ്ഥിരീകരിച്ചിരുന്നു. 57 വയസ്സായിരുന്നു. പക്ഷാഘാതത്തെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിൽസയിലായിരുന്നു റുഖ്യാബി. ഇവരുടെ ബന്ധുവിന് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു.