കോട്ടയം: കേരള കോണ്‍ഗ്രസ് (എം) ഇടതുമുന്നണിയിലേക്ക്. ജോസ് കെ മാണി രാഷ്ട്രീയനിലപാട് പ്രഖ്യാപിച്ചു. മതേതര നിലപാട് കാത്തുസൂക്ഷിക്കുന്നത് ഇടതുമുന്നണിയാണെന്നും ഇനി അവര്‍ക്കൊപ്പം പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ അവസാനിക്കുന്നത് യുഡിഎഫുമായുള്ള കേരള കോണ്‍ഗ്രസിന്റെ ദീര്‍ഘകാല ബന്ധമാണ്. 1982ന് ശേഷം ആദ്യമായാണ് മാണി ഗ്രൂപ്പ് ഇടതിനൊപ്പം നില്‍ക്കുന്നത്.
അതേസമയം, രാജ്യസഭാംഗത്വം രാജിവെക്കുമെന്ന് ജോസ് കെ മാണി അറിയിച്ചു. മാണി സാറിനെ ചതിച്ചവര്‍ക്കൊപ്പം ആരും പോകില്ലെന്ന് അദ്ദേഹം അറിയിച്ചു.
കോണ്‍ഗ്രസിലെ ചിലരില്‍ നിന്ന് കേരള കോണ്‍ഗ്രസ് കടുത്ത അനീതി നേരിട്ടു. പി.ജെ ജോസഫ് നീചമായ വ്യക്തിഹത്യ നടത്തി. യുഡിഎഫ് മൗനം പാലിച്ച് ജോസഫിനെ സഹായിച്ചു. മാണിയുടെ രാഷ്ട്രീയത്തെയും ഒപ്പം നിന്നവരെയും യു.ഡി.എഫ് അപമാനിച്ചു. സംസ്ഥാന കമ്മിറ്റി പിടിച്ചെടുക്കാന്‍ ശ്രമിച്ചു, പാര്‍ട്ടിയെ ഹൈജാക്ക് ചെയ്യാന്‍ ശ്രമിച്ചു. ഒരു പഞ്ചായത്തിന്റെ പേരില്‍ മുന്നണിയില്‍ നിന്ന് പുറത്താക്കുകയായിരുന്നുവെന്ന് ജോസ് കെ മാണി പറഞ്ഞു.
പാര്‍ട്ടിയെ പുറത്താക്കിയശേഷം എംഎല്‍എമാരെ പോലും ചര്‍ച്ചയ്ക്ക് വിളിച്ചില്ല.തിരിച്ചെത്തിക്കാന്‍ ഒരു ഫോര്‍മുലയും മുന്നോട്ടുവെച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫ് പുറത്താക്കിയ ശേഷം സ്വതന്ത്ര്യ നിലപാടാണ് സ്വീകരിച്ചത്. 38 വര്‍ഷം യുഡിഎഫിന്റെ ഉയര്‍ച്ചയിലും താഴ്ച്ചയിലും കെ.എം മാണി ഭാഗമായിരുന്നു.ഇപ്പോള്‍ കെ.എം മാണിയോട് വലിയ സ്‌നേഹപ്രകടനമാണെന്നും ജോസ് കെ മാണി പറഞ്ഞു.