തിരുവനന്തപുരം: സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും സമ്പൂര്‍ണ്ണമായ തകര്‍ച്ചയാണ് ഇപ്പോള്‍ ജനങ്ങള്‍ കാണുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നാലര വര്‍ഷക്കാലം മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കര്‍ സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട് അഞ്ചാമത്തെ പ്രതിയായി നില്‍ക്കുകയാണ്. സംസ്ഥാനത്ത് ഭരണത്തിന് നേതൃത്വം കൊടുക്കുന്ന സിപിഐഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയുടെ മകന്‍ മയക്ക് മരുന്ന് കേസുമായി ബന്ധപ്പെട്ട് ഇ. ഡി. അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യുകയാണെന്നും ചെന്നിത്തല പറഞ്ഞു.
ചെന്നിത്തലയുടെ വാക്കുകള്‍
ഇന്നലെ മുഖ്യമന്ത്രി അദ്ദേഹത്തിന്റെ രാജി പ്രഖ്യാപിക്കുമെന്നാണ് കരുതിയത്. എന്നാല്‍ എവിടെ ആലു കിളിര്‍ത്താലും അത് തണലാണെന്ന് വിചാരിക്കുന്ന മുഖ്യമന്ത്രിയാണ് കേരളത്തിലുള്ളത്. ഏകദേശം 20-21 മിനിറ്റ് ദൈര്‍ഘ്യമുള്ള പ്രത്യേകതരം ക്യാപ്സ്യൂള്‍ ആണ് ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്‍ സായാഹ്നപരിപാടിയില്‍ അവതരിപ്പിച്ചത്. 20 മിനിറ്റ് നീളുന്ന അതിനെ ക്യാപ്സ്യൂള്‍ എന്നല്ല വിളിക്കേണ്ടത്. ഡ്രിപ്പ് ഇട്ട് കിടക്കുകയാണ് ഭരണവും പാര്‍ട്ടിയും എന്നാണ് അതില്‍ നിന്ന് മനസിലാക്കേണ്ടത്.
നാലര വര്‍ഷത്തെ പിണറായി വിജയന്റെ ഭരണത്തില്‍ സിപിഎം എന്ന പാര്‍ട്ടി ഇന്ന് ശരശയ്യയിലെത്തിയിരിക്കുകയാണ്. പാര്‍ട്ടിക്കാണോ അതോ ഭരണത്തിനാണോ കൂടുതല്‍ ദുര്‍ഗന്ധം എന്നതില്‍ മാത്രമാണ് തര്‍ക്കം. ഈ ദുര്‍ഗന്ധത്തെ സൗരഭ്യമായി ചിത്രീകരിച്ചുകൊണ്ടാണ് പിണറായി വിജയന്‍ പത്ര സമ്മേളനം നടത്തിയത്. ഇതിനെ ന്യായീകരിച്ച് തളര്‍ന്ന പാര്‍ട്ടി നേതാക്കള്‍ ചാനല്‍ച്ചര്‍ച്ചകളില്‍ നിന്ന് ഇറങ്ങിപ്പോകുന്നതുവരെ കണ്ടു.ഇപ്പോള്‍ ഒരു ഉദ്യോഗസ്ഥന്റെ തലയില്‍ എല്ലാം കെട്ടി വച്ച് രക്ഷപ്പെടാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. ലാവലിന്‍ അഴിമതിയിലും അവസാനം പിണറായി വിജയന്‍ ചെയ്തത് ഇത് തന്നെയായിരുന്നു. അഴിമതിക്ക് നേതൃത്വം കൊടുക്കുകയും അഴിമതിയില്‍ പങ്കാളി ആവുകയും ചെയ്തിട്ട് അവസാനം ഉദ്യോഗസ്ഥന്‍മാരുടെ തലയിലേക്ക് മുഴുവന്‍ കെട്ടിവച്ച് രക്ഷപ്പെടുന്ന മുന്‍ വൈദ്യുതി മന്ത്രിയെ കേരളം കണ്ടിട്ടുണ്ട്. ഇപ്പോഴാകട്ടെ നാലരവര്‍ഷക്കാലം തന്റെ ആജ്ഞകള്‍ അനുസരിച്ച് പ്രവര്‍ത്തിച്ച ശിവശങ്കറിന്റെ തലയില്‍ എല്ലാം കെട്ടിവച്ച് രക്ഷപ്പെടാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്.
ശിവശങ്കര്‍ ചെയ്ത വ്യക്തിപരമായ കാര്യങ്ങള്‍ക്ക് ഞങ്ങള്‍ക്കാര്‍ക്കും ഉത്തരവാദിത്വമില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. അങ്ങനെ പറയാന്‍ മുഖ്യമന്ത്രിക്ക് കഴിയുമോ, അങ്ങനെ പറയുന്ന മുഖ്യമന്ത്രിയെ ജനങ്ങള്‍ വിശ്വസിക്കുമോ. ഇരുപത്തിരണ്ട് തവണ കള്ളക്കടത്ത് നടത്തിയപ്പോഴും ശിവശങ്കറിന് അറിവുണ്ടായിരുന്നു, ശിവശങ്കറിന്റെ സഹായമുണ്ടായിരുന്നു എന്ന്ഇ.ഡി. പറയുന്നുണ്ട്. ശിവശങ്കറിന്റെ സഹായമെന്നാല്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സഹായമാണ്.
22 തവണ സ്വര്‍ണ്ണക്കള്ളടത്ത് നടക്കുമ്പോള്‍ അതിന്റെ കടിഞ്ഞാണ്‍ മുഴുവന്‍ കേരളത്തിലെ മുഖ്യമന്ത്രിയുടെ ഓഫീസിലായിരുന്നു. ഇതില്‍ മുഖ്യമന്ത്രിക്ക് ഉത്തരവാദിത്വമില്ലേ. സ്വര്‍ണ്ണം നയതന്ത്ര ബാഗേജുവഴി കൊണ്ടുവരാന്‍ കസ്റ്റംസ്‌കാരെ വിളിച്ചുവെന്ന് ശിവശങ്കര്‍ സമ്മതിച്ചിട്ടുള്ള കാര്യമാണ്.
ഇത് പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്ന പദവിയുടെ നഗ്‌നമായ ദുരുപയോഗമാണ് എന്ന് ആര്‍ക്കാണ് മനസിലാകാത്തത്. നിയമപരമായും ധാര്‍മികമായും മുഖ്യമന്ത്രിക്ക് ഇക്കാര്യത്തിലുള്ള പങ്ക് വ്യക്തമാണ്. ശിവശങ്കറിനെ മുന്‍ നിര്‍ത്തി മുഖ്യമന്ത്രി പ്രവര്‍ത്തിച്ച ഒരോ കാര്യങ്ങളും എടുക്കാം, സ്പ്രിംഗ്‌ളര്‍ അഴിമതി. പ്രതിപക്ഷം ഇതാദ്യം പുറത്തു കൊണ്ടുവന്നപ്പോള്‍ മുഖ്യമന്ത്രി എന്നെ ആക്ഷേപിക്കുകയായിരുന്നു. ചാനല്‍ ഓഫീസുകളില്‍ വന്ന് അതിനെയെല്ലാം ന്യായീകരിച്ചത് ശിവശങ്കറല്ലേ, ഇപ്പോള്‍ സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റി പോലും അതിലെ തെറ്റുകള്‍ ചൂണ്ടിക്കാണിക്കുന്നു.
ബെവ്ക്യു ആപ്പ് അഴിമതിയുടെ മറ്റൊരു മുഖമായിരുന്നു. പമ്പാ മണല്‍ക്കടത്തും അതുപോലൊരു അഴിമതിയായിരുന്നു. അതിനുള്ള എല്ലാ സഹായങ്ങളും ചെയ്ത് കൊടുത്തത് ശിവശങ്കരനായിരുന്നു. ഇ മൊബിലിറ്റി പദ്ധതിയുടെ ഫയല്‍ ഒറിജിനേറ്റ് ചെയ്യുന്നത് ഐ ടി സെക്രട്ടറിയില്‍ നിന്നായിരുന്നു. വടക്കാഞ്ചേരിയിലെ ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതി. ഇതിന്റെ എല്ലാ കാര്യങ്ങളും ഉയര്‍ന്ന് വരുന്നത് ശിവശങ്കറും സ്വപ്നാ സുരേഷും ഗള്‍ഫില്‍ പോയപ്പോള്‍ ഉണ്ടായ ചര്‍ച്ചകളുടെ വെളിച്ചത്തിലാണ്.
ഇതെല്ലാം മുഖ്യമന്ത്രിയുടെ നിര്‍ദേശാനുസരണം ശിവശങ്കര്‍ ചെയ്ത് കൂട്ടിയ കാര്യങ്ങളല്ലേ.
ഒരു ഉദ്യേഗസ്ഥനെ ചാരി സര്‍ക്കാരിനെതിരെ യുദ്ധം നടത്തേണ്ട എന്നാണ് പറയുന്നത്. ശിവശങ്കറിനെ മുന്‍ നിര്‍ത്തി നടത്തിയ അഴിമതിയും തീവെട്ടിക്കൊള്ളകളും കണ്ടില്ലെന്ന് നടിക്കാന്‍ ആര്‍ക്കെങ്കിലും കഴിയുമോ. ഈ അഴിമതിയുടെയെല്ലാം ഉത്തരവാദി മുഖ്യമന്ത്രിയാണെന്ന് സ്ഥാപിച്ചുകൊണ്ടുള്ള യുദ്ധം യു ഡി എഫ് മുന്നോട്ട് കൊണ്ടുപോകും. ഉദ്യോഗസ്ഥരെ ചാരിയാണ് ഈ അഴിമതി മുഴുവന്‍ നടന്നത്. അതുകൊണ്ട് തന്നെ കൂടുതല്‍ ശക്തമായ യുദ്ധം പ്രതിപക്ഷം മുന്നോട്ട് കൊണ്ടുപോകും.
ഈ അഴിമതികളൊക്കെ നടന്നപ്പോള്‍ നിങ്ങള്‍ മന്ത്രിസഭയെയും മുന്നണിയെയും പാര്‍ട്ടിയെയുമെല്ലാം ഇരുട്ടത്ത് നിര്‍ത്തിയില്ലേ. ഇതെല്ലാം മുഖ്യമന്ത്രിയുടെ നിര്‍ദേശാനുസരണം ശിവശങ്കര്‍ ചെയ്ത കാര്യമല്ലേ. സ്വര്‍ണ്ണക്കള്ളക്കടത്ത് കേസിലും അനുബന്ധമായി വന്ന എല്ലാ അഴിമതി ആരോപണങ്ങളിലും ഒന്നാം പ്രതിയായി നില്‍ക്കുന്നത് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനാണ് എന്നതില്‍ ഒരു സംശയവും വേണ്ട.
അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ നിയമക്കോടതികളെ മനസ്സാക്ഷി ക്കോടതിയുടെ സ്ഥാനത്ത് പ്രതിഷ്ഠിക്കാന്‍ തയ്യാറായില്ലെന്ന് ഇന്നലെ മുഖ്യമന്ത്രി പറഞ്ഞു. മനസാക്ഷിയുണ്ടെങ്കിലല്ലേ മനസാക്ഷിയുടെ കോടതിയില്‍ പ്രതിഷ്ഠിക്കാന്‍ കഴിയൂ. ഇതുപോലെയൊരു മനസാക്ഷിയില്ലാത്ത സര്‍ക്കാരിനെ കേരളത്തിന്റെ ചരിത്രത്തില്‍ നമ്മള്‍ കണ്ടിട്ടില്ല. ഉന്നതമായ ജനാധിപത്യ ബോധവും, ഉയര്‍ന്ന ധാര്‍മിക ബോധവും, ജനങ്ങളോടും നാടിനോടുമുള്ള കൂറും കടപ്പാടും കറയില്ലാത്ത സത്യസന്ധതയും ഉളളവര്‍ക്ക് മാത്രമേ മനസാക്ഷിക്ക് അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയൂ.
ഇന്നീ സര്‍ക്കാര്‍ മനസാക്ഷിയെ വഞ്ചിച്ചുകൊണ്ട് അഴിമതിക്കേസുകളില്‍ നിന്ന് രക്ഷപ്പെടാന്‍ നിയമത്തിന്റെ പഴുതുകള്‍ തേടിക്കൊണ്ടിരിക്കുകയാണ്. വടക്കാഞ്ചേരിയിലെ ലൈഫ് പദ്ധതിയിലെ അഴിമതി സി ബി ഐ അന്വേഷിക്കാന്‍ പോയപ്പോള്‍ ആരാണ് മുടക്കിയത്. ഹൈക്കോടതിയില്‍ പോയി സി ബി ഐ അന്വേഷണം വേണ്ടാ എന്ന് വിധി സമ്പാദിച്ചത് ആരാണ്. പമ്പാ മണല്‍ക്കടത്ത് 45 ദിവസത്തിനകം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്ന് കോടതി പറഞ്ഞു. അതിനെതിരെയും ഹൈക്കോടതിയില്‍ പോയി സര്‍ക്കാര്‍ സ്റ്റേ വാങ്ങിച്ചു. പെരിയ ഇരട്ടക്കൊലക്കേസിലും സുപ്രിം കോടതിയില്‍ പോയി സ്റ്റേ വാങ്ങിക്കാന്‍ ശ്രമിച്ചില്ലേ
പ്രതിപക്ഷ നേതാവ് ഉന്നയിച്ച ആരോപണങ്ങളൊന്നും വസ്തുതാപരമല്ലെന്ന് ഇന്നലെ മുഖ്യമന്ത്രി പറഞ്ഞു. ഏത് ആരോപണമാണ് വസ്തുകളുടെ പിന്‍ബലമില്ലാതെ രേഖകളുടെ പിന്‍ബലമില്ലാതെ ഞാന്‍ ആരോപിച്ചത്. എല്ലാറ്റിലും വസ്തുതകളുടെയും രേഖകളുടെയും പിന്‍ബലമുണ്ടായിരുന്നു എന്ന് ജനങ്ങള്‍ അംഗീകരിക്കുന്ന കാര്യമാണ്. ബ്രൂവറി ഡിസ്റ്റിലറി, മന്ത്രി കെ ടി ജലീലിന്റെ മാര്‍ക്ക് ദാനം, ട്രാന്‍സ്ഗ്രിഡ് അഴിമതി, സ്പ്രിംഗ്ളര്‍, പമ്പാ മണല്‍കടത്ത്,ബെവ്കോ ആപ്പ് ,ഇ മൊബിലിറ്റി, കണ്‍സള്‍ട്ടന്‍സി അനധികൃത നിയമനങ്ങള്‍ ഒക്കെ ഞാന്‍ പുറത്തു കൊണ്ടുവന്നപ്പോള്‍ സര്‍ക്കാരിന് അനുമതികള്‍ റദ്ദാക്കി പിന്തിരിയേണ്ടി വന്നു. ഇതെല്ലാം ഞാന്‍ ഉയര്‍ത്തിക്കൊണ്ടുവന്നത് വസ്തുകളുടെയും ഫയലുകളുടെയും പിന്‍ബലത്തോടെയാണ്.
സോണിയാഗാന്ധി പറയുന്നതിന് എതിരായി ഞാന്‍ പറയുന്നുവെന്നാണ് മുഖ്യമന്ത്രി പറയുന്നത്. സോണിയാഗാന്ധിയും രാഹുല്‍ഗാന്ധിയും പറയുന്നതിനോട് പൂര്‍ണ്ണമായും യോജിക്കുന്ന ആളാണ് ഞാന്‍. അവര്‍ എന്റെ നേതാക്കളാണ്. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് സംസ്ഥാന ഭണകൂടങ്ങളെ അട്ടിമറിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്നത് സത്യമാണ്. അതിനെതിരെ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ബി ജെപിക്കെതിരെ ശക്തമായ പോരാട്ടങ്ങള്‍ നടത്തുന്നുമുണ്ട്. എന്നാല്‍ കേരളത്തിലേക്ക് ഇ ഡിയെയും, സി ബി ഐയെയും, എന്‍ ഐ എ യെയും ക്ഷണിച്ച് കൊണ്ടുവന്നത് മുഖ്യമന്ത്രിയാണ്. 2020 ജൂലായ് 8 ന് മുഖ്യമന്ത്രിയാണ് സ്വര്‍ണ്ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് കേസ് അന്വേഷിക്കാന്‍ കേന്ദ്ര ഏജന്‍സികള്‍ വരണമെന്നാവശ്യപ്പെട്ട് കത്തെഴുതിയത്. ആ കത്തിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം ഏറ്റെടുത്തത്.
ഇന്നലത്തെ പത്ര സമ്മേളനത്തിലും മുഖ്യന്ത്രി കേന്ദ്ര ഏജന്‍സികള്‍ക്ക് ഗുഡ് സര്‍ട്ടിഫിക്കറ്റാണ് കൊടുത്തത്. അങ്ങനെ നല്ല സര്‍ട്ടിഫിക്കറ്റ് കൊടുത്ത മുഖ്യമന്ത്രിക്ക് കാര്യങ്ങള്‍ കുഴയുന്നുവെന്ന് കണ്ടപ്പോഴാണ് ഈ വിമര്‍ശനം. സേതുരാമയ്യര്‍ സി ബിഐ എന്ന സിനിമയില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാനെത്തന്നെപിടിച്ച് അകത്തിടുന്നുണ്ട്. അത് പോലെ ഇവിടെ സി ബിഐ അന്വേഷണം ആവശ്യപ്പെട്ടയാള്‍ തന്നെ എപ്പോഴാണ് കുടുങ്ങുന്നത് എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.അതുണ്ടാകാന്‍ പോകുന്നുവെന്നതാണ് ഈ നെഞ്ചിടിപ്പിന്റെ കാരണം.
ഇപ്പോഴെങ്കിലും വാളയാറിലെ കാറ്റിനെക്കുറിച്ച് അദ്ദേഹം ഓര്‍ത്തല്ലോ. വാളയാറിലെ കാറ്റിന് ചതിയുടെയും വഞ്ചനയുടെയും നീതിനിഷേധത്തിന്റെയും രോദനമാണുള്ളത്. വാളയാറിലെ കാറ്റിന് മാസ്മരിക ശക്തിയുണ്ടാകും. ആ കാറ്റില്‍ ഈ സര്‍ക്കാര്‍ ഒലിച്ചുപോകും. അതില്‍ ഒരു സംശയവും വേണ്ടാ. എന്നെ വിമര്‍ശിക്കാനെങ്കിലും വാളയാറിനെ ഓര്‍മിച്ച മുഖ്യമന്ത്രി അവിടെ നീതി നിഷേധിക്കപ്പെട്ട അമ്മക്ക് നീതി നല്‍കാന്‍ ശ്രമിക്കണമെന്നാണ് എനിക്ക് പറയാനുള്ളത്.
ഞാന്‍ കാടുകാണുന്നില്ല മരം മാത്രമേ കാണന്നുള്ളുവെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാല്‍ ഞാന്‍ കാടും കാണുന്നുണ്ട്. മരവും കാണുന്നുണ്ട്. കാട്ടില്‍ കയറി മരം വെട്ടുന്ന കാട്ടുകള്ളന്‍മാരെയും കാണുന്നുണ്ട്. ചിലരെയൊക്കെ കയ്യോടെ പൊക്കിയിട്ടുണ്ട്. ഇനി കുറെ പേരെക്കൂടി പൊക്കാനുമുണ്ട്. അത് സമയം പോലെ പൊക്കുകയും ചെയ്യും.
സംസ്ഥാനത്ത് നടക്കുന്ന എല്ലാ നിയമവിരുദ്ധ രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ക്കും മുഖ്യമന്ത്രി കുട പിടിക്കുകയാണ്. കേരളത്തിലെ ഭരണത്തിന് നേതൃത്വം കൊടുക്കുന്ന പാര്‍ട്ടിയുടെ ജീര്‍ണ്ണത എത്രമാത്രമുണ്ട് എന്ന് ലോകത്തിന് മനസിലായി. നമ്മുടെ നാട്ടിലെ ചെറുപ്പക്കാരുടെ ജീവിതം ഇല്ലാതാക്കുന്ന മയക്കു മരുന്ന് മാഫിയയുടെ കിംഗ് പിന്‍ ആണ് പാര്‍ട്ടി സെക്രട്ടറിയുടെ മകന്‍ എന്ന് പറഞ്ഞാല്‍ നമ്മള്‍ എവിടെയാണ് എത്തി നില്‍ക്കുന്നത്. കേരളത്തിലെ യുവാക്കളെയും കുട്ടികളെയും വഴി തെറ്റിക്കുന്ന മാഫിയയുടെ പിന്നില്‍ കേരളത്തിലെ സി പി എം സംസ്ഥാന സെക്രട്ടറിയുടെ മകനാണെന്ന് പറയുമ്പോള്‍ ഈ പാര്‍ട്ടി എവിടെ നില്‍ക്കുന്നു എന്ന് മനസിലാകും.
ഇപ്പോള്‍ പറയുന്നത് പാര്‍ട്ടി സെക്രട്ടറിയും മകനുമായി ബന്ധമില്ലെന്നാണ്. ഭരണത്തിന്റെ തണലിലാണ് ഇതെല്ലാം അരങ്ങേറുന്നത്. പാര്‍ട്ടിയുടെ പ്ളീനങ്ങളിലും പാര്‍ട്ടി കോണ്‍ഗ്രസുകളിലും എടുത്തിട്ടുള്ള തിരുമാനങ്ങള്‍ക്ക് കടകവിരുദ്ധമാണ് ഇതെല്ലാം. പാര്‍ട്ടിക്ക് വേണ്ടി കഷ്ടപ്പെടുകയും ജീവിതം ഉഴിഞ്ഞ് വയ്ക്കുകയുംചെയ്ത സാധാരണ പ്രവര്‍ത്തകര്‍ ഇനിയെങ്കിലും ചിന്തിക്കണം. പാര്‍ട്ടിക്ക് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച രക്തസാക്ഷികളോടു ചെയ്യുന്ന അനീതിയല്ലേ ഇത്. പാര്‍ട്ടി സെക്രട്ടറി സ്ഥാനം രാജിവയ്ക്കാനുള്ള സാമാന്യ മര്യാദ കോടിയേരി ബാലകൃഷ്ണന്‍ കാണിക്കുമെന്ന് നമ്മള്‍ കരുതി. രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ട് നില്‍ക്കുന്ന ഒരു പിതാവായി അദ്ദേഹം നിലകൊള്ളുന്നത് കേരളീയ സമൂഹത്തിന് മുന്നില്‍ ആപ്തകരമായ പ്രവണതയാണ്. ഇനിയെങ്കിലും അദ്ദേഹം ആ സ്ഥാനം ഒഴിഞ്ഞ് മാതൃക കാട്ടണം.
അഞ്ച് ഐ ഫോണ്‍ പ്രതിപക്ഷ നേതാവിന് കൊടുത്തുവെന്നാണ് കോടിയേരി പറഞ്ഞത്. ഒക്ടോബര്‍ രണ്ടിലെ ദേശാഭിമാനിയില്‍ വാര്‍ത്ത വന്നു. സ്വപ്ന പറഞ്ഞത് പ്രകാരം ചെന്നിത്തലയ്ക്ക് കൊടുത്തത് 5 ഐഫോണ്‍. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിനെതിരെ കൂട്ടായ്മ നടത്തുന്നവര്‍ ആദ്യം ചെയ്യേണ്ടത് ഇത്തരം കള്ള വാര്‍ത്തകള്‍ ഒന്നാം പേജില്‍ കൊടുക്കുന്നതിനെതിരെ ദേശാഭിമാനിയുടെഓഫീസിന് മുന്നില്‍സമരം നടത്തുകയാണ്. സ്വപ്ന കൊടുത്ത ഒരു ഫോണ്‍ ശിവശങ്കരന്റെ കയ്യിലാണ് എന്ന് വാര്‍ത്ത വന്നിട്ടുണ്ട്. മറ്റൊന്ന് കോടിയേരിയുടെ മുന്‍ സെക്രട്ടറിയുടെ കയ്യിലാണ്.
ഈ ഫോണുകളെല്ലാം പോയത് എവിടെയാണ്. അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഞാന്‍ ഡി.ജി.പി.ക്ക് കത്ത് കൊടുത്തു. ഇതുവരെ ഒരു മറുപടിയും തന്നില്ല. വിജിലന്‍സ് അന്വേഷിക്കണമെന്ന് ഞാന്‍ ആവശ്യപ്പെട്ടു. ഇതുവരെ അന്വേഷണം നടന്നില്ല. എനിക്കാണ് ഈ അഞ്ച് ഫോണും തന്നതെന്നാണ് ദേശാഭിമാനി പറയുന്നത്. ഇപ്പോള്‍ ഫോണ്‍ ആര്‍ക്കാണ് കിട്ടിയതെന്ന് മനസ്സിലായല്ലോ. ശിവശങ്കറിനാണ് സ്വപ്ന ഫോണ്‍ കൊടുത്തത്.
ഇതിനെക്കാള്‍ വിലപിടിപ്പുള്ള ഒരു ഫോണുണ്ട്.അത് ആര്‍ക്ക് കിട്ടിയെന്നാണ് ഇനി അറിയാനുള്ളത്.അതുകൊണ്ട് ഈ ഫോണുകള്‍ ആര്‍ക്കെല്ലാം കിട്ടിയെന്നുള്ള അന്വേഷണം നടക്കണം. ഇപ്പോള്‍ എന്‍.ഐ.എ. അന്വേഷിക്കുകയാണെങ്കില്‍ അവര്‍ അന്വേഷിക്കട്ടെ. ഇ.ഡി.യാണെങ്കില്‍ അവര്‍ അന്വേഷിക്കട്ടെ. അങ്ങനെയെങ്കിലും സത്യം പുറത്തുവരണമെന്നാണ് എനിക്ക് പറയാനുള്ളത്. ഞാന്‍ ആവശ്യപ്പെട്ടിട്ട് ഗവണ്‍മെന്റ് അത് അന്വേഷിക്കാന്‍ തയ്യാറായില്ല. ഞാന്‍ മനനഷ്ടക്കേസുമായി മുന്നോട്ടു പോകാനുള്ള തീരുമാനം എടുത്തിട്ടുണ്ട്.
യു.ഡി.എഫ്. ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചിരിക്കുകയാണ്. നവംബര്‍ 1 ന് എല്ലാ വാര്‍ഡുകളിലും 10 പ്രവര്‍ത്തകര്‍ ഉള്‍പ്പെടുന്ന പ്രതിഷേധ പരിപാടി നടക്കും സ്പീക്ക് അപ്പ് കേരളയുടെ അഞ്ചാംഘട്ട പരിപാടിയാണിത്. തുടര്‍ന്നും സര്‍ക്കാരിനെതിരെ യു.ഡി. എഫ്. ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചിട്ടുണ്ട്.
സ്വര്‍ണ്ണക്കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഇനിയും മുഖ്യമന്ത്രിയുടെ ഓഫീസില്‍ ചോദ്യം ചെയ്യേണ്ട വ്യക്തികള്‍ ഉണ്ട്. അവരെ അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്യും എന്നാണ് എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞത്. . മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെയാണ് ഈ കള്ളക്കടത്തിന് എല്ലാ ഒത്താശകളും ചെയ്തു കൊടുത്തത്. ശിവശങ്കര്‍ ഐ.എ.എസ്. കാരനായതുകൊണ്ട് അത് അഖിലേന്ത്യാ സര്‍വ്വീസിനോട് ചോദിക്കണമെന്ന നിലപാട് എടുത്തതായി കണ്ടു. എതായാലും ഈ കാര്യത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലുള്ള മറ്റു ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുമ്പോള്‍ എന്തായിരിക്കും പാര്‍ട്ടിക്ക് പറയാനുള്ളത് . മുഖ്യമന്ത്രി അങ്ങനെ എളുപ്പത്തില്‍ രക്ഷപ്പെട്ടുകളയാം എന്ന ധാരണ വേണ്ട.