ചങ്ങനാശേരി എംഎല്‍എ സി.എഫ് തോമസിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി സ്പീക്കര്‍ പി രാമകൃഷ്ണന്‍.സി.എഫ്. തോമസിന്റെ അന്ത്യം വളരെ ദുഃഖകരമായ ഒരു വാര്‍ത്തയായാണ് കേട്ടത്. അദ്ദേഹം ദീര്‍ഘകാലമായി രോഗബാധിതനായി ചികത്സയിലായിരുന്നു. ഈ രോഗപീഡയ്ക്കിടയിലും നിയമസഭയില്‍ പങ്കെടുക്കാനും നടപടിക്രമങ്ങളില്‍ സജീവമായി സാന്നിധ്യം വഹിക്കാനും ശ്രദ്ധിച്ചിരുന്നുവെന്ന് സ്പീക്കര്‍ പറഞ്ഞു.
സൗമ്യദീപ്തമായ കാര്‍ക്കശ്യക്കാരനായിരുന്നു സി.എഫ്. തോമസ്. അദ്ദേഹത്തിനു പറയാനുള്ളത് ഏറ്റവും സൗമ്യമായി എന്നാല്‍ ഏറ്റവും ശക്തമായി സഭാവേദികളില്‍ ഉന്നയിക്കാനും ഉന്നയിക്കുന്ന വിഷയങ്ങള്‍ സൂക്ഷ്മതയോടുകൂടി കാര്യങ്ങള്‍ മനസ്സിലാക്കിക്കൊണ്ടുതന്നെ ഇടപെടാനും ശ്രദ്ധിച്ചിരുന്ന ഒരു സാമാജികനായിരുന്നു അദ്ദേഹമെന്നും സ്പീക്കര്‍ ഓര്‍മിച്ചു.
സി.എഫ് തോമസിന്റെ സൂക്ഷ്മത നിയമസഭയിലെ പുതിയ സാമാജികര്‍ക്ക് ഒരു മാതൃകയാണ്. നിയമസഭാ ചട്ടങ്ങളും നടപടിക്രമങ്ങളും കീഴ്വഴക്കങ്ങളും പാലിക്കുന്നതിലും അച്ചടക്കത്തോടുകൂടി പാര്‍ലമെന്‍ററി ജനാധിപത്യത്തില്‍ ഇടപെടുന്നതിനും കാണിക്കുന്ന മര്യാദയും അങ്ങേയറ്റം അനുകരണീയമാണ്. അദ്ദേഹത്തിന്‍റെ ഓര്‍മ്മകള്‍ക്കുമുന്നില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നുവെന്ന് സ്പീക്കര്‍ പറഞ്ഞു.