തിരുവനന്തപുരം: വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കേരളം സുപ്രീം കോടതിയെ സമീപിക്കുമെന്ന് കൃഷി മന്ത്രി വി എസ് സുനില്‍കുമാര്‍. ഒരു കാരണവശാലും നിയമം നടപ്പാക്കില്ല. ഇതുമൂലമുണ്ടാകുന്ന കേന്ദ്രസര്‍ക്കാരിന്റെ എന്ത് നടപടിയും സ്വീകരിക്കാന്‍ കേരളം തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
മൂന്നു നിയമങ്ങള്‍ക്കെതിരെയും സുപ്രീം കോടതിയില്‍ കേസ് ഫയല്‍ ചെയ്യാന്‍ അഡ്വക്കറ്റ് ജനറലിനു സര്‍ക്കാര്‍ നിര്‍ദേശം നല്‍കിക്കഴിഞ്ഞു. വിവാദ കാര്‍ഷിക നിയമത്തിനെതിരെ രാജ്യവ്യാപകമായ പ്രതിഷേധം തുടരവെയാണ് കേരളം ശക്തമായ നിലപാട് എടുത്തിരിക്കുന്നത്. കേന്ദ്ര നിയമങ്ങള്‍ക്കെതിരെ രാജസ്ഥാന്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ഇതിനോടകം തന്നെ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍, കോടതിയില്‍ ഇപ്പോഴുള്ള, കേസില്‍ കേരള സര്‍ക്കാര്‍ കക്ഷി ചേരേണ്ടതുണ്ടോ, പുതുതായി ഹര്‍ജി ഫയല്‍ ചെയ്യണോ എന്നതിനെക്കുറിച്ചും ആലോചനയുണ്ട്. ഇക്കാര്യത്തില്‍ നിയമോപദേശം അറിയിക്കാനും, അഡ്വക്കറ്റ് ജനറലിനോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ നിലപാട് സ്വീകരിക്കുന്ന പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് എതിരെ വിമര്‍ശനവുമായി കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ് രംഗത്തെത്തി. കാര്‍ഷിക നിയമങ്ങള്‍ സംബന്ധിച്ച് ഒരു ലജ്ജയുമില്ലാതെ ഇരട്ട നിലപാടാണ് പ്രതിപക്ഷവും മറ്റു രാഷ്ട്രീയ കക്ഷികളും സ്വീകരിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
കാര്‍ഷിക നിയമങ്ങള്‍ സംബന്ധിച്ച വിഷയത്തിലേക്ക് പ്രതിപക്ഷ പാര്‍ട്ടികള്‍ എടുത്തുചാടുകയായിരുന്നു. നരേന്ദ്ര മോദി സര്‍ക്കാര്‍ കാര്‍ഷിക മേഖലയിലെ പരിഷ്‌കരണത്തിനായി ഇപ്പോള്‍ ചെയ്യുന്ന കാര്യങ്ങള്‍ തന്നെയാണ് കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുളള യു പി എ സര്‍ക്കാരിന്റെ കാലത്ത് ചെയ്തതെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു.