അമേരിക്കന്‍ ‘വിഖ്യാത’ വ്യക്തിത്വ വികസന ആചാര്യന്‍ കീത്ത് റാനിയേറിന് 120 വര്‍ഷം തടവ്. അനുയായികളെ ലൈംഗിക അടിമകളാക്കിയെന്ന വ്യവഹാരത്തില്‍ ഒക്ടോബര്‍ 27നാണ് റാനിയേറിനെതിരെ ശിക്ഷ വിധിച്ചത്-ലൈംഗിക ചൂഷണത്തിന് ഇരയായവരുടെയടക്കം വിശദമായ വാദം കേട്ടതിനു ശേഷം ബ്രൂക്ലിന്‍ ഫെഡറല്‍ കോടതി ജഡ്ജി നിക്കോളാസ് ഗരൗഫിസാണ് കീത്ത് റാനിയേറിന് 120 വര്‍ഷ ശിക്ഷ വിധിച്ചത്.
കോടീശ്വരന്മാരും ഹോളിവുഡ് അഭിനേതാക്കളുമുള്‍പ്പെട്ട എന്‍എസ്ഐവിഎം (നെക്‌സിയം) എന്ന വ്യക്തിത്വ വികസന ഉപാസന ക്രമത്തിന്റെ ആചാര്യനായാണ് കീത്ത് റാനിയേര്‍ അറിയപ്പെടുന്നത്.
1998 മുതല്‍ ന്യൂയോര്‍ക്കിലെ ക്ലിഫ്ടണ്‍ പാര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിങ് കമ്പനിയെന്നവകാശപ്പെടുന്ന എന്‍എസ്ഐവിഎം. എക്‌സിക്യൂട്ടീവ് ‘സക്‌സസ് പ്രോഗ്രാമുകള്‍’ എന്ന പേരില്‍ വ്യക്തിത്വ – പ്രൊഫഷണല്‍ വികസന സെമിനാറുകളിലൂടെയാണ് എന്‍എസ്ഐവിഎമ്മിന്റെ റാനിയേര്‍ ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങിയത്. ഒരു പ്രത്യേകതരം ഉപാസന രീതി അവലംബിക്കുന്നവരാണ് കീത്ത് റാനിയേറും സംഘവും. മെക്‌സിക്കോവിലും കാനഡയിലും നെക്‌സിയത്തിന് ശാഖകളുണ്ട്.
കീത്ത് റാനിയേര്‍ ക്രിമിനില്‍ സംഘത്തിന്റെ പ്രായോക്താവായിരുന്നുവെന്നാണ് കോടതിയില്‍ വാദിക്കപ്പെട്ടത്. റാനിയേറിനായി ലൈംഗിക പങ്കാളികളെ റിക്രൂട്ട് ചെയ്യുന്നതിന് സഹായിക്കുന്നവരാണ് സംഘാംഗങ്ങള്‍. കവര്‍ച്ച, മനുഷ്യക്കടത്ത്, ലൈംഗിക ചൂഷണം, ഭീഷണിപ്പെടുത്തി പണാപഹരണം, നീതി തടസ്സപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്ക് റാനിയേര്‍ കഴിഞ്ഞ വര്‍ഷം ശിക്ഷിക്കപ്പെട്ടിരുന്നു.
2005 ല്‍ 15 വയസുക്കാരിയെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്നും മറ്റൊരു കൗമാരക്കാരിയെ രണ്ട് വര്‍ഷത്തോളം തടങ്കലില്‍ വച്ചുവെന്നുമുള്ള കുറ്റവും റാനിയേറിനെതിരെയുണ്ട്.


















