തിരുവനന്തപുരം: സംസ്ഥാനത്തെ മൂന്ന് നഗരങ്ങളില്‍ സ്ഥിതി രൂക്ഷമെന്ന് ആശങ്ക. തിരുവനന്തപുരത്തും കൊച്ചിയിലും കൂടുതല്‍പേര്‍ നിരീക്ഷണിലാണ്. കോഴിക്കോട് വലിയങ്ങാടിയിലും സെന്‍ട്രല്‍ മാര്‍ക്കറ്റിലും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി.
തലസ്ഥാനത്ത് കനത്ത ആശങ്കയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.ജനങ്ങള്‍ കൂട്ടമായി പുറത്തേക്കിറങ്ങുന്ന സാഹചര്യമാണ്. തിരുവനന്തപുരത്ത് കടുത്ത നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകും. സമൂഹ വ്യാപന സാധ്യത നിലനില്‍ക്കുന്നു എന്നും മന്ത്രി പറഞ്ഞു.
അതേസമയം, തിരുവനന്തപുരം നഗരത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയെന്ന് മേയര്‍ കെ ശ്രീകുമാര്‍ പറഞ്ഞു. മാളുകളിലെ സിസിടിവി നഗരസഭയുമായി ബന്ധിപ്പിക്കും. അനാവശ്യ യാത്രകള്‍ തടയുമെന്നും മേയര്‍ പറഞ്ഞു.
കോഴിക്കോട് നഗരത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ജില്ലാ ഭരണകൂടം ഏര്‍പ്പെടുത്തി. ഉറവിടമറിയാത്ത കോവിഡ് കേസുകള്‍ കൂടിയതോടെയാണ് നടപടി. വെള്ളയില്‍ തൂങ്ങിമരിച്ച സെക്യുരിറ്റി ജീവനക്കാരന്റേയും കല്ലായിലെ ഗര്‍ഭിണിയുടെയും രോഗ ഉറവിടം കണ്ടെത്താനായില്ല. കോര്‍പ്പറേഷനും ആരോഗ്യവകുപ്പും ചേര്‍ന്ന് കോഴിക്കോട് വലിയങ്ങാടിയില്‍ പരിശോധന നടത്തി.
പോലീസുകാര്‍ക്കും കര്‍ശന നിര്‍ദേശം ഡിജിപി പുറപ്പെടുവിച്ചിട്ടുണ്ട്. യാത്ര നിയന്ത്രിക്കണം, ഡ്യൂട്ടി കഴിഞ്ഞാല്‍ വീട്ടിലെത്തണം. മറ്റ് വീടുകളില്‍ പോവരുത്. നിയന്ത്രണം ലംഘിച്ചാല്‍ കര്‍ശന നടപടി ഉണ്ടാകുമെന്ന് ഡിജിപി അറിയിച്ചു.












