കായംകുളത്ത് സിപിഎം പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ കോണ്‍ഗ്രസ് കൗണ്‍സിലറെ പൊലീസ് അറസ്റ്റ് ചെയ്തു. കൗണ്‍സിലര്‍ കാവില്‍ നിസാം ആണ് അറസ്റ്റിലായത്. മുഖ്യപ്രതി മുജീബിനെ ബൈക്കില്‍ രക്ഷപ്പെടാന്‍ സഹായിച്ചത് കാവില്‍ നിസാമാണെന്ന് പൊലീസ് പറഞ്ഞു. കുറ്റകൃത്യം നടന്നത് അറിഞ്ഞിട്ടും നിസാം പൊലീസില്‍ അറിയിച്ചില്ലെന്നും അന്വേഷണ സംഘം വ്യക്തമാക്കി. കൊലപാതകത്തിന് പിന്നില്‍ നാലംഗ ക്വട്ടേഷന്‍ സംഘമാണെന്ന് കായംകുളം പൊലീസ് ഇന്നലെ പറഞ്ഞിരുന്നു.
ബൈക്കിലെത്തിയ രണ്ടുപേരും കാറിലെത്തിയ രണ്ടുപേരും ചേര്‍ന്നാണ് കൊലപാതകം നടത്തിയതെന്നാണ് നാട്ടുകാര്‍ പറയുന്നത്. റോഡരികില്‍ സുഹൃത്തുക്കളുമായി സംസാരിച്ചു നിന്ന സിയാദിനെ ഗുണ്ടാനേതാവായ രണ്ട് തവണ കഠാരകൊണ്ട് കുത്തുകയായിരുന്നു. കരളില്‍ ആഴത്തില്‍ മുറിവേറ്റതാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം. കുത്തുകൊണ്ട് നിലത്തുവീണ സിയാദിനെ നാട്ടുകാരും സുഹൃത്തുക്കളും ഉടനടി കായംകുളം ഗവ. താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ് മാര്‍ട്ടത്തിന് ശേഷം ആറ് മണിയോടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. പുത്തന്‍ തെരുവു ജമാഅത്തില്‍ ഖബറടക്കം നടത്തി.
വിവിധ സ്റ്റേഷന്‍ പരിധികളിലായി 25ലധികം കേസുകളില്‍ പ്രതിയാണ് വെറ്റ മുജീബ്. ജയില്‍ മോചിതനായി കഴിഞ്ഞ നാല് മാസമായി നാട്ടില്‍ കഴിയുകയായിരുന്നു ഇയാള്‍. മുജീബിനോടപ്പം നാലംഗ സംഘത്തില്‍ ഉണ്ടായിരുന്ന ഫൈസലിനെ പൊലീസ് സംഘം അറസ്റ്റ് ചെയ്തിരുന്നു. എംഎസ്‌എം സ്കൂള്‍ ജംഗ്ഷന്‍ കേന്ദ്രീകരിച്ച് നാളുകളായി തമ്ബടിച്ചിരുന്ന ക്വട്ടേഷന്‍ സംഘങ്ങളെ സിയാദിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ ചോദ്യം ചെയ്തതതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം.