കാസര്‍ഗോഡ് വെച്ച് മരിച്ച മോഗ്രാല്‍ സ്വദേശിക്ക് കോവിഡെന്ന് സംശയം. മൊഗ്രാല്‍ പുത്തൂര്‍ കോട്ടക്കുന്നിലെ ബിഎ അബ്ദുല്‍ റഹ്മാനാണ് മരിച്ചത്. കര്‍ണാടക ഹുബ്ലിയില്‍ നിന്നും വരുന്നതിനിടെ കാസര്‍ഗോഡ് വെച്ചാണ് ഇദ്ദേഹം മരിച്ചത്. ജനറല്‍ ഹോസ്പിറ്റലില്‍ വെച്ച് നടത്തിയ ഇദ്ദേഹത്തിന്‍റെ ട്രുനാറ്റ് പരിശോധനാഫലം പോസിറ്റീവാണ്. കോവിഡ് സ്ഥിരീകരിക്കാനായി സാമ്പിള്‍ വീണ്ടും പരിശോധിക്കും. അതേസമയം ഇദ്ദേഹത്തെ പരിശോധിച്ച കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയിലെ നാല് ജീവനക്കാര്‍ നിരീക്ഷണത്തില്‍ പോയി. ഇദ്ദേഹത്തിന്‍റെ ബന്ധുക്കളോടും നിരീക്ഷണത്തില്‍ പോകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
സുള്ളിയിലെ വ്യാപാരിയായ ഇദ്ദേഹം കഴിഞ്ഞ ദിവസമാണ് ആശുപത്രിയിലെത്തിയത്. ആംബുലന്‍സ് വഴി അതിര്‍ത്തിയായ തലപ്പാടിയിലെത്തുകയും അവിടെ നിന്നും ടാക്‌സിയില്‍ ആശുപത്രിയിലെത്തുകയുമായിരുന്നു. എന്നാല്‍ പനി കൂടുതലാണെന്ന് മാത്രമാണ് ആശുപത്രി അധികൃതരെ അറിയിച്ചിരുന്നത്. മരണം സംഭവിച്ചതോടെയാണ് ഡോക്ടര്‍മാര്‍ സ്രവം പരിശോധനയ്ക്ക് അയച്ചത്.