കാരാട്ട് ഫൈസലിനെ ചോദ്യം ചെയ്യലിന് ശേഷം കസ്റ്റംസ് വിട്ടയച്ചു. 2 ആഴ്ചക്ക് ശേഷം ഹാജരാകാൻ നിർദ്ദേശിച്ചു.
നയതന്ത്ര പാഴ്സലിൽ സ്വർണം കടത്തിയ കേസിലാണ് കൊടുവള്ളി നഗരസഭയിലെ എൽഡിഎഫ് കൗൺസിലർ കാരാട്ട് ഫൈസലിനെ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം ചോദ്യം ചെയ്തത്. ഇന്നലെ പുലർച്ചെ 4ന് കൊടുവള്ളിയിലെ വീട്ടിലെത്തിയ കസ്റ്റംസ് സംഘം 3 മണിക്കൂറോളം പരിശോധന നടത്തി മൊബൈൽ ഫോണുകൾ, ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ എന്നിവയടക്കം ഒട്ടേറെ രേഖകൾ പിടിച്ചെടുത്തു. രാവിലെ ഏഴോടെ കസ്റ്റഡിയിലെടുത്ത ഫൈസലിനെ രാത്രി വൈകിയും കൊച്ചിയിൽ ചോദ്യം ചെയ്തു.
കള്ളക്കടത്തിൽ ഫൈസൽ മുതൽമുടക്കിയെന്നും വിൽപനയ്ക്കു സഹായിച്ചുവെന്നുമുള്ള വിവരത്തെ തുടർന്നാണു ചോദ്യം ചെയ്യൽ നടന്നത്. കേസിലെ പ്രതി സന്ദീപ് നായരുടെ ഭാര്യയെ ആദ്യഘട്ടത്തിൽ ചോദ്യം ചെയ്തപ്പോൾ ഫൈസലിന്റെ പേരു പരാമർശിച്ചിരുന്നു. പിന്നീടു മറ്റു ചിലരിൽ നിന്നു കൂടി ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണു കസ്റ്റംസിന്റെ നടപടി.
പി.ടി.എ. റഹീം എംഎൽഎ ചെയർമാനും ഫൈസൽ ഡയറക്ടറുമായ കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ കസ്റ്റംസ് ഇന്നലെ വൈകിട്ട് പരിശോധന നടത്തി. ശരീരഭാഗങ്ങളിൽ ഒളിപ്പിച്ചു കടത്തുന്ന സ്വർണം ആശുപത്രിയിൽ വച്ചു പുറത്തെടുത്തിട്ടുണ്ടോ എന്നായിരുന്നു അന്വേഷണം. കൊച്ചിയിലെ ചോദ്യം ചെയ്യലിനിടെ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണിത്.
കോഴിക്കോട് വിമാനത്താവളത്തിൽ 2013 നവംബർ 8ന് 1.84 കോടി രൂപ വിലയുള്ള 6 കിലോഗ്രാം സ്വർണം പിടികൂടിയ കേസിലെ പ്രതിയാണു കാരാട്ട് ഫൈസൽ. അന്നു കൊടുവള്ളി പഞ്ചായത്ത് അംഗമായിരുന്നു. 2017 ൽ ‘ജനജാഗ്രതായാത്ര’യുടെ ഭാഗമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഫൈസലിന്റെ ‘മിനി കൂപ്പർ’ കാറിൽ യാത്ര ചെയ്തതു വിവാദമായിരുന്നു.










