സ്വന്തം മണ്ഡലത്തിലെ സിപിഐഎമ്മിന്റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ വിലയിരുത്തി മുഖ്യമന്ത്രി. കണ്ണൂരിലെത്തിയ പിണറായി വിജയന്‍ പാര്‍ട്ടിയുടെ പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മറ്റി യോഗങ്ങളിലാണ് പങ്കെടുക്കുന്നത്. ആരോപണങ്ങള്‍ സ്വന്തം ഓഫീസിന് നേര്‍ക്കായതിനാല്‍ മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നില്ലെന്ന പ്രതിപക്ഷ ആക്ഷേപങ്ങള്‍ക്കിടെയാണ് കണ്ണൂര്‍ സന്ദര്‍ശനം.
സ്വന്തം വീടിന് തൊട്ടടുത്ത് ഒരു മാസം മുന്‍പ് മുഖ്യമന്ത്രി തന്നെ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്ത പിണറായി കണ്‍വെന്‍ഷന്‍ സെന്ററിലായിരുന്നു ആദ്യ പരിപാടി. പിണറായി പഞ്ചായത്തിലെ സിപിഐഎമ്മിന്റെ വാര്‍ഡ് സെക്രട്ടറിമാരും ചുരുക്കം ചില നേതാക്കളുമാണ് യോഗത്തില്‍ പങ്കെടുത്തത്.
ഇതുവരെയുള്ള തെരഞ്ഞെടുപ്പ് പ്രചാരണം മുഖ്യമന്ത്രി വിലയിരുത്തി. ചിട്ടയായ പ്രചാരണങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ ആഹ്വാനം ചെയ്ത അദ്ദേഹം നിയോചക മണ്ഡലത്തില്‍ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങളുടെ അവലോകനവും നടത്തി.
മലബാര്‍ റിവര്‍ ക്രൂയിസം പദ്ധതിയുടെ ഭാഗമായി പാറപ്രത്ത് നിര്‍മ്മിക്കുന്ന ബോട്ട് ജെട്ടിയും സന്ദര്‍ശിച്ചു. വരും ദിവസങ്ങളില്‍ ധര്‍മ്മടം നിയോചക മണ്ഡലത്തിലെ മറ്റ് പഞ്ചായത്തുകളിലെ യോഗങ്ങളിലും 10ന് കണ്ണൂര്‍ കോര്‍പ്പറേഷനിലെ സിപിഎം യോഗത്തിലും പിണറായി പങ്കെടുക്കും. ഒരാഴ്ചയിലേറെ കണ്ണൂരില്‍ തങ്ങുന്ന മുഖ്യമന്ത്രി ജില്ലയിലെ മറ്റിടങ്ങളില്‍ പാര്‍ട്ടി പരിപാടികള്‍ക്കെത്തുന്നില്ല എന്നത് ശ്രദ്ധേയമാണ്.
കോവിഡ് മാനദണ്ഡം കണക്കിലെടുത്താണ് തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണങ്ങള്‍ക്ക് മുഖ്യമന്ത്രി ഇത്തവണ ഇറങ്ങാത്തത് എന്നാണ് നേതാക്കളുടെ വിശദീകരണം. പതിനാലിന് വോട്ട് ചെയ്ത ശേഷമെ മുഖ്യമന്ത്രി ഇനി തിരുവനന്തപുരത്തേക്ക് മടങ്ങൂ.
















