കണ്ണൂര്‍: ആരോപണവിധേയനായ കണ്ണൂര്‍ ശിശുക്ഷേമ സമിതി അധ്യക്ഷന്‍ ഡോ. ഇ.ഡി. ജോസഫിനെ ചുമതലകളില്‍ നിന്ന് മാറ്റി. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി (സി.ഡബ്ല്യു.സി) കണ്ണൂര്‍ ജില്ലാ ചെയര്‍മാന്‍ എന്നീ ചുമതലകളില്‍ നിന്നും ഒഴിവാക്കി കൊണ്ട് സാമൂഹ്യനീതി വകുപ്പ് ഉത്തരവിട്ടു. പോക്‌സോ കേസിലെ ഇരയോട് മോശമായി പെരുമാറിയെന്ന് പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് തീരുമാനം.
കുടിയാന്മല പൊലീസ് പരിധിയിലെ പീഡനക്കേസില്‍ ഇരയായ പെണ്‍കുട്ടിക്കാണ് ചെയര്‍മാനില്‍നിന്നും മോശം അനുഭവം നേരിടേണ്ടിവന്നത്. അശ്ലീല ഭാഷയില്‍ സംസാരിച്ചതിന് തലശ്ശേരി പൊലീസാണ് കേസെടുത്തത്. മട്ടന്നൂര്‍ മജിസ്‌ട്രേറ്റ് മുന്‍പാകെ 164 വകുപ്പില്‍ മൊഴി നല്‍കുന്നതിനിടയിലാണ് ചെയര്‍മാനില്‍ നിന്നും കൗണ്‍സിലിങ്ങിനിടയില്‍ അപമര്യാദയായ പെരുമാറ്റം ഉണ്ടായ വിവരം പെണ്‍കുട്ടി പറഞ്ഞത്. സംഭവത്തെപ്പറ്റി പെണ്‍കുട്ടി പരാതിപ്പെട്ടതിനെ തുടര്‍ന്ന് അന്വേഷിക്കാന്‍ കുടിയാന്മല പൊലീസിനോട് മട്ടന്നൂര്‍ മജിസ്‌ട്രേറ്റ് ഉത്തരവിട്ടിരുന്നു. പെണ്‍കുട്ടിയുടെ അടുത്തേക്ക് വനിതാപൊലീസിനെ പറഞ്ഞയക്കാനാണ് മജിസ്‌ട്രേറ്റ് ഉത്തരവിട്ടത്.
സര്‍ക്കാര്‍ നിയന്ത്രിത കേന്ദ്രത്തില്‍ കഴിയുന്ന പെണ്‍കുട്ടിയില്‍ നിന്നും കുടിയാന്മല പൊലീസ് മൊഴിയെടുത്തു. കൗണ്‍സിലിങ് നടന്നത് തലശ്ശേരി പൊലീസ് പരിധിയിലെ എരഞ്ഞോളി ആഫ്റ്റര്‍ കെയര്‍ ഹോമിലായതിനാല്‍ കുടിയാന്മല പൊലീസ് കേസെടുത്ത ശേഷം എഫ്.ഐ.ആര്‍ തലശ്ശേരി പൊലീസിന് കൈമാറുകയായിരുന്നു.











