കാന്‍ബറ: ഓസ്‌ട്രേലിയക്കെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് 11 റണ്‍സ് ജയം. ഇന്ത്യ ഉയര്‍ത്തിയ 162 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയക്ക് നിശ്ചിത ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 150 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 10ന് മുന്നിലെത്തി.
ബൗളര്‍മാരുടെ കരുത്തിലായിരുന്നു ഇന്ത്യന്‍ വിജയം. അരങ്ങേറ്റം ഗംഭീരമാക്കിയ ടി. നടരാജനും കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂട്ടായി കളത്തിലിറങ്ങിയ യൂസ്വേന്ദ്ര ചാഹലും ചേര്‍ന്നാണ് ഓസീസിനെ തകര്‍ത്തത്. ഇരുവരും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.നടരാജന്‍ നാല് ഓവറില്‍ 30 റണ്‍സ് വഴങ്ങിയാണ് മൂന്നു വിക്കറ്റ് വീഴ്ത്തിയത്. ചാഹല്‍ നാല് ഓവറില്‍ 25 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റെടുത്തു. ബാറ്റിങ്ങിനിടെ തലയ്ക്ക് പന്ത് തട്ടിയ രവീന്ദ്ര ജഡേജയ്ക്ക് പകരം കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂട്ടായാണ് ചാഹല്‍ കളത്തിലിറങ്ങിയത്. സീനിയര്‍ താരം മുഹമ്മദ് ഷമി നിരാശപ്പെടുത്തി.
162 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയ ഓസീസിനായി ഓപ്പണര്‍മാരായ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചും ഡാര്‍സി ഷോര്‍ട്ടും മികച്ച തുടക്കമാണ് നല്‍കിയത്. ഓപ്പണിങ് വിക്കറ്റില്‍ 56 റണ്‍സ് ചേര്‍ത്ത ശേഷമാണ് ഈ സഖ്യം പിരിഞ്ഞത്. 26 പന്തില്‍ നിന്ന് ഒരു സിക്‌സും അഞ്ചു ഫോറുമടക്കം 35 റണ്‍സെടുത്ത ഫിഞ്ചിനെ പുറത്താക്കി യൂസ്വേന്ദ്ര ചാഹലാണ് ഇന്ത്യയെ മത്സരത്തിലേക്ക് തിരികെയെത്തിച്ചത്.പിന്നാലെ 12 റണ്‍സെടുത്ത സ്റ്റീവ് സ്മിത്തിനെയും ചാഹല്‍ മടക്കി. സഞ്ജു സാംസന്റെ തകര്‍പ്പന്‍ ക്യാച്ചിലാണ് സ്മിത്ത് പുറത്തായത്. 11ാം ഓവറില്‍ അപകടകാരിയായ ഗ്ലെന്‍ മാക്‌സ്വെല്ലിനെ മടക്കി ടി. നടരാജന്‍ ഓസീസിനെ പ്രതിരോധത്തിലാക്കി.
നടരാജന്റെ ട്വന്റി 20 കരിയറിലെ ആദ്യ വിക്കറ്റായിരുന്നു ഇത്. തുടര്‍ന്ന് നിലയുറപ്പിച്ച് കളിച്ചിരുന്ന ഡാര്‍സി ഷോര്‍ട്ടിനെയും നടരാജന്‍ പുറത്താക്കി. 38 പന്തില്‍ നിന്ന് 34 റണ്‍സെടുത്ത ഷോര്‍ട്ട് 15ാം ഓവറിലാണ് നടരാജനു മുന്നില്‍ വീണത്. മിച്ചല്‍ സ്റ്റാര്‍ക്കായിരുന്നു നടരാജന്റെ മൂന്നാമത്തെ ഇര.മാത്യു വെയ്ഡ് (7) കാര്യമായ സംഭാവനകളില്ലാതെ മടങ്ങി. 20 പന്തില്‍ 30 റണ്‍സെടുത്ത ഹെന്റിക്വസ് 18ാം ഓവറില്‍ വീണതോടെ ഓസ്‌ട്രേലിയയുടെ പോരാട്ടം അവസാനിച്ചു.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സെടുത്തിരുന്നു. കെ.എല്‍. രാഹുല്‍ അഞ്ചു ഫോറും ഒരു സിക്‌സുമടക്കമാണ് അര്‍ധശതകം പിന്നിട്ടത്. ഹാര്‍ദിക് പാണ്ഡ്യ (15 പന്തില്‍ 16) ആണ് ഇന്ത്യന്‍ നിരയില്‍ രണ്ടക്കം കടന്ന മറ്റൊരു ബാറ്റ്‌സ്മാന്‍. ശിഖര്‍ ധവാന്‍ (ആറു പന്തില്‍ ഒന്ന്), വിരാട് കോഹ്‌ലി (ഒമ്ബത് പന്തില്‍ ഒമ്പത്), മനീഷ് പാണ്ഡെ (എട്ടു പന്തില്‍ രണ്ട്), വാഷിങ്ടണ്‍ സുന്ദര്‍ (നാലു പന്തില്‍ ഏഴ്) എന്നിവരാണ് പുറത്തായ മറ്റു ബാറ്റ്‌സ്മാന്മാര്‍. മിച്ചല്‍ സ്റ്റാര്‍ക്ക് രണ്ടു വിക്കറ്റ് വീഴ്ത്തി.
മലയാളി താരം സഞ്ജു സാംസണാണ് മധ്യനിരയില്‍ അല്‍പ്പമെങ്കിലും ഭേദപ്പെട്ട പ്രകടനം നടത്തിയത്.തകര്‍ത്തടിച്ച് തുടങ്ങിയ സഞ്ജുവിനെ 12ാം ഓവറിലെ ആദ്യ പന്തില്‍ മോയസ് ഹെന്റിക്വസ് മടക്കുകയായിരുന്നു. 15 പന്തില്‍ നിന്ന് ഒന്ന് വീതം സിക്‌സും ഫോറുമടക്കം 23 റണ്‍സായിരുന്നു സഞ്ജുവിന്റെ സമ്പാദ്യം.












