കളമശ്ശേരി മെഡിക്കല്‍ കോളേജുമായി ബന്ധപ്പെട്ട് വീണ്ടും ഒരു പരാതി കൂടി ഉയര്‍ന്ന് വന്നിരിക്കുകയാണ്. സൗത്ത് വാഴക്കുളം വിനോദ് വിഹാറില്‍ വിനോദ് ബി എന്നയാളാണ് പരാതിക്കാരന്‍. കഴിഞ്ഞ ജൂലൈ 7 ന് അദ്ദേഹം തന്റെ അമ്മ കെ.ജി രാധാമണിയെ ആലുവ കാര്‍മ്മല്‍ ഹോസ്പിറ്റലില്‍ നിന്നും മെഡിക്കല്‍ കോളേജില്‍ എത്തിച്ചു. തുടര്‍ന്ന് രോഗിയെ ഐ.സി.യുവിലും എം.ഐ.സി.യു.വിലും പ്രവേശിപ്പിച്ചു. 22 ന് രാവിലെ അദ്ദേഹത്തിന്റെ അമ്മയുടെ അവസ്ഥ അപകടകരമായ നിലയിലാണ് എന്നറിയിച്ചുവെങ്കിലും ഉച്ചയോടെ അവരുടെ കോവിഡ് റിസല്‍ട്ട് നെഗറ്റീവ് ആണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
തുടര്‍ന്ന് ഡിസ്ചാര്‍ജ് ചെയ്ത് മറ്റൊരു ഹോസ്പിറ്റലിലേക്ക് മാറ്റുന്നതിനുള്ള നടപടികള്‍ സ്വീകരിക്കവേ അദ്ദേഹത്തിന്റെ അമ്മ മരണമടയുകയായിരുന്നു. അവരുടെ ഭൗതീക ശരീരം കോവിഡ് രോഗിയുടേതെന്ന പോലെ ബാഗിലാക്കി നല്കുകയും അത് തുറക്കരുതെന്ന് നിര്‍ദേശം നല്കുകയുമായിരുന്നു. മരണശേഷം അമ്മയുടെ ആഭരണങ്ങള്‍ കൈമാറിയത് ഏകദേശം രണ്ട് പവനുള്ള മാലയും അര പവനുള്ള ഒരു കമ്മലുമാണ്. എന്നാല്‍ അമ്മയുടെ പക്കല്‍ രണ്ട് പവനുള്ള രണ്ട് വളകളും അര പവനുള്ള ഒരു കമ്മലും അരപവനുള്ള ഒരു മോതിരവും കൂടി ഉണ്ടായിരുന്നു എന്ന് വിനോദ് പരാതിയില്‍ പറയുന്നു. അത് മടക്കി നല്കണമെന്ന് ആവശ്യപ്പെട്ടാണ് വിനോദ് പരാതി നല്കിയത്.