കൊച്ചി: കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കോവിഡ് ചികിത്സയിലിരുന്ന രോഗി മരിച്ച സംഭവത്തില്‍ വീഴ്ച്ച പറ്റിയെന്ന് ഡോക്ടര്‍ നജ്മ. കോവിഡ് രോഗിയായിരുന്ന സി.കെ. ഹാരിസ് മരിച്ചത് വെന്റിലേറ്ററിന്റെ ട്യൂബ് മാറികിടന്നത് കൊണ്ടാണെന്ന നഴ്സിംഗ് ഓഫീസറുടെ ശബ്ദസന്ദേശം വ്യാജമല്ല. ഇക്കാര്യങ്ങള്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പടെ ചൂണ്ടിക്കാട്ടിയതാണെന്നും ഡോ നജ്മ പറഞ്ഞു.
വിവരം പുറത്തുപറഞ്ഞ നഴ്‌സിനെതിരെ അച്ചടക്കനടപടി ശരിയല്ല. വീഴ്ച്ച പറഞ്ഞിട്ടും റിപ്പോര്‍ട്ട് ചെയ്യാത്ത ഡോക്ടര്‍മാരും കുറ്റക്കാരെന്ന് ഡോ നജ്മ പറഞ്ഞു. ഇത് പറഞ്ഞതിന് തനിക്കെതിരെയും നടപടി വന്നേക്കാമെന്നും നജ്മ പറഞ്ഞു.
വെന്റിലേഷന്‍ ട്യൂബ് ഘടിപ്പിക്കാതെയുള്ള സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ചില നഴ്‌സിംഗ് ജീവനക്കാര്‍ അശ്രദ്ധമായി പെരുമാറുന്നുണ്ട്. ഇക്കാര്യങ്ങള്‍ അധികൃതരെ അറിയിച്ചതാണ്. രണ്ട് രോഗികള്‍ക്ക് പരിചരണക്കുറവ് മൂലം ഓക്‌സിജന്‍ ലഭിച്ചില്ലെന്നും നജ്മ കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഹാരീസിന് നല്‍കിയ ശ്വസന സഹായിയുടെ ട്യൂബ് ഊരി പോകുന്നതല്ലെന്നാണ് മെഡിക്കല്‍ കോളജ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിശദീകരണം. മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍ കളമശേരി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്.