തിരുവനന്തപുരം: കടയ്ക്കാവൂരില്‍ അമ്മ മകനെ പീഡിപ്പിച്ചെന്ന പോക്‌സോ കേസില്‍ ബാലക്ഷേമ സമിതി മകന് നടത്തിയ കൗണ്‍സിലിംഗ് റിപ്പോര്‍ട്ട് പുറത്ത്. അമ്മയക്ക് എതിരെ കുട്ടി പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. പോലീസ് കേസെടുത്തത് സിഡബ്ലൂസി കൗണ്‍സിലിംഗ് റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷമെന്ന് വിവരം.
നവംബര്‍ 13 ന് ബാലക്ഷേമ സമിതി തയ്യാറാക്കിയ റിപ്പോര്‍ട്ട് നവംബര്‍ 30 നാണ് പോലീസിന് നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഡിസംബര്‍ 18 നായിരുന്നു പോലീസ് എഫ്‌ഐആര്‍ തയ്യാറാക്കിയത്. പോലീസില്‍ പരാതി നല്‍കിയതിന് ശേഷം സിഡബ്ല്യൂസിയില്‍ പത്ത് ദിവസം കൗണ്‍സിലിംഗ് നടന്നിരുന്നുവെന്നും അതിന് ശേഷമാണ് കേസെടുത്തതെന്നും കുട്ടിയുടെ അച്ഛന്‍ പറഞ്ഞു. കൗണ്‍സിലിംഗ് സമഗ്രമായി നടത്താന്‍ കഴിഞ്ഞില്ല എന്നോ കൂടുതല്‍ കൗണ്‍സിലിംഗ് വേണമെന്നോ റിപ്പോര്‍ട്ടില്‍ പറയുന്നില്ല. കൗണ്‍സിലിംഗ് റിപ്പോര്‍ട്ട് മാത്രമാണ് നല്‍കിയതെന്നും ഇത് മൊഴിയായി കണക്കാക്കാന്‍ ആവില്ലെന്നും ബാലക്ഷേമ ചെയര്‍പേഴ്‌സണ്‍ പ്രതികരിച്ചു.
കേസില്‍ ഐജിയുടെ നേതൃത്വത്തില്‍ ഇന്ന് അന്വേഷണം തുടങ്ങും. ദക്ഷിണമേഖല ഐ ജി ഹര്‍ഷിത അട്ടല്ലൂരിയാണ് അന്വേഷണം നടത്തുക. കേസുമായി ബന്ധപ്പെട്ട ഫയലുകളും, കുട്ടിയുടെ രഹസ്യമൊഴിയും, മെഡിക്കല്‍ റിപ്പോര്‍ട്ടുകളുമടക്കം ഐജി പരിശോധിക്കും. അന്വേഷണ ഉദ്യോഗസ്ഥനില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കും. ആവശ്യമെങ്കില്‍ ഇരയുടെ മൊഴി വീണ്ടും രേഖപ്പെടുത്തും. കേസില്‍ പോലീസിന് വീഴ്ച പറ്റിയോ എന്നടക്കമാണ് ഐജി പരിശോധിക്കുക.