തിരുവനന്തപുരം: ശ്രീ പത്മനാഭ ക്ഷേത്ര ഭരണം സംബന്ധിച്ച സുപ്രീംകോടതി വിധിയില്‍ സന്തോഷമെന്ന് രാജകുടുംബം അറിയിച്ചു. ഇത് പത്മനാഭ സ്വാമിയുടെ വിജയമെന്ന് രാജകുടുംബം പറഞ്ഞു. സന്തോഷകരമായ വിധിയെന്ന് രാജകുടുംബം എക്‌സിക്യൂട്ടീവ് ഓഫീസര്‍ വി രതീശന്‍ അറിയിച്ചു. താല്‍ക്കാലിക സമിതി തുടരാനുള്ള തീരുമാനം അംഗീകാരമാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, സുപ്രീംകോടതി വിധി നടപ്പാക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. അപ്പീല്‍ നല്‍കാനില്ല. വിധി മാനിക്കുക എന്നത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് ദേവസ്വം മന്ത്രി പറഞ്ഞു.സര്‍ക്കാരിന് തിരിച്ചടിയാണ് വിധിയെന്ന് വ്യാഖ്യാനിക്കുന്നവര്‍ക്ക് അങ്ങനെയാകാമെന്നും മന്ത്രി പറഞ്ഞു.
ക്ഷേത്രത്തിന്‍മേല്‍ രാജകുടുംബത്തിന്‍റെ അവകാശം വിധിയുടെ ആദ്യഭാഗത്തില്‍ തന്നെ കോടതി വ്യക്തമാക്കുകയായിരുന്നു. ആചാരപരമായ അവകാശവും അംഗീകരിച്ചു. കവനന്‍റ് ഒപ്പുവെച്ച രാജാവിന്‍റെ മരണത്തോടെ അവകാശം നഷ്ടമാകില്ല. ക്ഷേത്രഭരണത്തിന് തിരുവനന്തപുരം ജില്ലാ ജഡ്ജിയുടെ നേതൃത്വത്തിലുള്ള സമിതി തുടരും. ഭരണസമിതിയില്‍ ഹിന്ദുക്കള്‍ മാത്രമാണുള്ളത്. പുതിയ സമിതി രൂപീകരിക്കുന്നത് വരെ നിലവിലുള്ള താല്‍ക്കാലിക സമിതി തുടരാനാണ് തീരുമാനം. ബി നിലവറ തുറക്കുന്ന കാര്യത്തില്‍ സ്ഥിരം സമിതിക്ക് തീരുമാനമെടുക്കാം. സമിതി തീരുമാനം എടുക്കണമെന്ന് സുപ്രീംകോടതി പറഞ്ഞു.
ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശം, നടത്തിപ്പ്, രാജകുടുംബങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ എന്നിവ സംബന്ധിച്ചുള്ള കേസാണിത്. ജഡ്ജിമാരായ യു.യു ലളിത്, ഇന്ദു മല്‍ഹോത്ര എന്നിവരാണ് വാദം കേട്ടത്. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ വാദം പൂര്‍ത്തിയാക്കിയെങ്കിലും വിധി പറയാന്‍ മാറ്റുകയായിരുന്നു. തിരുവിതാംകൂറിലെ അവസാന മഹാരാജാവിന്റെ കാലശേഷം ക്ഷേത്രം രാജകുടുംബത്തിലെ അനന്തരാവകാശിക്ക് കൈമാറാന്‍ വ്യവസ്ഥയില്ലെന്നും ക്ഷേത്രം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നുമാണ് 2011 ജനുവരി 31ലെ വിധിയില്‍ ഹൈക്കോടതി വ്യക്തമാക്കിയത്. തുടര്‍ന്ന് ഉത്രാടം തിരുന്നാള്‍ മാര്‍ത്താണ്ഡ വര്‍മ സുപ്രീംകോടതിയെ സമീപിച്ചു. മേയ് 2 ന് ഹൈക്കോടതി വിധി സുപ്രീംകോടതി സ്‌റ്റേ ചെയ്തു. എന്നാല്‍ നിലവറ വസ്തുക്കളുടെ കണക്കെടുപ്പിനായി അമിക്കസ് ക്യൂറിയെ നിയമിക്കുകയും ചെയ്തു.
രാജവാഴ്ച്ച അവസാനിച്ചെങ്കിലും രാജാവിനുള്ള അവകാശങ്ങള്‍ ഇല്ലാതായിട്ടില്ലെന്ന് രാജകുടുംബം വാദിച്ചു. പത്മനാഭസ്വാമി ക്ഷേത്രം പൊതുക്ഷേത്രമാണെങ്കിലും പ്രതിഷ്ഠയ്ക്കാണ് അവകാശമെന്നതിനാല്‍ ക്ഷേത്ര ഭരണം രാജകുടുംബത്തിന് അവകാശപ്പെട്ടതാണെന്ന് രാജകുടുംബം വാദിച്ചു. അതേസമയം, ക്ഷേത്ര നടത്തിപ്പില്‍ ക്രമക്കേടുണ്ടെന്ന് അമിക്കസ് ക്യൂറി കണ്ടെത്തിയിട്ടുണ്ടെന്നും അതിനാല്‍ ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ മാതൃകയിലുള്ള ഭരണസംവിധാനം നടപ്പിലാക്കാവുന്നതാണെന്ന് സര്‍ക്കാര്‍ വാദിച്ചു.