തിരുവനന്തപുരം: റമദാന്‍ സമയത്ത് ഭക്ഷണക്കിറ്റ് വിതരണവുമായി ബന്ധപ്പെട്ടാണ് സ്വപ്‌ന തന്നെ വിളിച്ചതെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീല്‍. കോണ്‍സുല്‍ ജനറല്‍ പറഞ്ഞത് അനുസരിച്ചാണ് സ്വപനയെ വിളിച്ചത്. വിളിച്ചതൊന്നും അസമയത്തല്ല, ഔദ്യോഗിക കാര്യത്തിന് മാത്രമാണ് ഫോണ്‍വിളിച്ചതെന്ന് മന്ത്രി പറഞ്ഞു. സ്വപ്‌ന വിളിക്കുമെന്ന് കോണ്‍സുല്‍ ജനറല്‍ അറിയിച്ചിരുന്നു. മെയ് 27നായിരുന്നു കോണ്‍സുല്‍ ജനറല്‍ വിളിച്ചത്. മെയ് 27 ന് യുഎഇ കോണ്‍സുലേറ്റ് ജനറല്‍ അയച്ച സന്ദേശം മന്ത്രി പുറത്തുവിട്ടു.
കോണ്‍സുലേറ്റ് സെക്രട്ടറി എന്ന നിലയില്‍ സ്വപനയുമായാണ് എല്ലാവരും ബന്ധപ്പെടുന്നത്. ഇക്കാര്യത്തില്‍ വിശദീകരണം നല്‍കേണ്ടത് കോണ്‍സുല്‍ ജനറലാണെന്ന് മന്ത്രി കെ.ടി ജലീല്‍ പറഞ്ഞു.
യുഎഇ ദേശീയ ദിനത്തിന് ക്ഷണിക്കാന്‍ സ്വപ്‌ന ഓഫീസില്‍ വന്നിട്ടുണ്ട്. ഷാര്‍ജ സുല്‍ത്താന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ടും ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. കോണ്‍സുല്‍ ജനറലിന്റെ സെക്രട്ടറിയെന്ന നിലയില്‍ നാലുവര്‍ഷമായി സ്വപ്നയെ അറിയാമെന്നും മന്ത്രി പറഞ്ഞു.
സരിത്ത് പേഴ്‌സണല്‍ സ്റ്റാഫിനെ വിളിച്ചതിനെക്കുറിച്ച് അറിയില്ല. ഇതിനെക്കുറിച്ച് എന്‍ഐഎ അന്വേഷിക്കട്ടെയെന്ന് മന്ത്രി പറഞ്ഞു.