കോഴിക്കോട്: കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം തടയാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത് സ്വന്തം തടി രക്ഷപ്പെടുത്താനാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍.സി.ബി.ഐക്ക് കേരളത്തിലേക്ക് പ്രവേശനമില്ല എന്ന നിലപാട് സര്‍ക്കാര്‍ എടുക്കാന്‍ കാരണം സ്വര്‍ണ്ണക്കടത്ത് കേസിലും വടക്കാഞ്ചേരി ലൈഫ്മിഷന്‍ അഴിമതിയിലും അന്വേഷണം മുഖ്യമന്ത്രിയിലേക്കും കുടുംബത്തിലേക്കും എത്തിയതു കൊണ്ടാണ്. മുഖ്യമന്ത്രി സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷ്, മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കരന്‍ എന്നിവരുമായി നേരിട്ട് ബന്ധപ്പെട്ട് കൊള്ള മുതല്‍ പങ്കുവെച്ചിരിക്കുന്നു എന്ന സംശയം ശക്തമാണ്. പാര്‍ട്ടിസെക്രട്ടറിയും മകനും അതീവ ഗുരുതരമായ ആരോപണങ്ങളാണ് നേരിടുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.
അന്വേഷണം തടസപ്പെടുത്തിയാല്‍ സി.ബി.ഐ അന്വേഷിക്കുന്ന കേസുകള്‍ പെട്ടിയിലാക്കി പോകുമെന്ന് സര്‍ക്കാര്‍ കരുതേണ്ട. സി.ബി.ഐ അന്വേഷിക്കുന്ന കേസുകള്‍ കേരളത്തില്‍ തന്നെ നടക്കും. സി.പി.ഐ.എമ്മും സംസ്ഥാന സര്‍ക്കാരും ഉയര്‍ത്തുന്ന എല്ലാ പ്രതിരോധവും മറികടന്ന് സത്യം തെളിയിക്കും. കോണ്‍ഗ്രസ് അല്ല കേന്ദ്രം ഭരിക്കുന്നത് എന്ന് പിണറായി ഓര്‍ക്കണം. ഏറ്റുമുട്ടിയാല്‍ ശക്തമായ നടപടിയെടുക്കാന്‍ കേന്ദ്രസര്‍ക്കാരിനറിയാമെന്ന് സുരേന്ദ്രന്‍ മുന്നറിയിപ്പ് നല്‍കി.
സി.ബി.ഐ അന്വേഷിക്കേണ്ട കേസുകള്‍ ഇനിയും സി.ബി.ഐ തന്നെ അന്വേഷിക്കും. ഇപ്പോള്‍ സി.ബി.ഐ അന്വേഷിക്കുന്ന എല്ലാ കേസുകളും മുഖ്യമന്ത്രിയിലേക്കാണ് തിരിയുന്നത്. അതിന്റെ ഭയാശങ്കയിലാണ് പിണറായി വിജയന്‍ ഇത്തരത്തിലുള്ള ജനാധിപത്യവിരുദ്ധ സമീപനം സ്വീകരിക്കുന്നത്. അര്‍ണബ് ഗോസാമിയെ അറസ്റ്റ് ചെയ്തതിനെതിരെ കേരളത്തിലെ മുഖ്യമന്ത്രിയോ മന്ത്രിമാരോ പ്രതിപക്ഷ നേതാവോ പ്രതിഷേധിച്ചില്ല. ഇത്തരം സംഭവങ്ങള്‍ ഇന്ത്യയില്‍ ബി.ജെ.പി ഭരിക്കുന്ന ഏതെങ്കിലും സംസ്ഥാനത്താണെങ്കില്‍ ഇവരെല്ലാം പ്രതികരിക്കുമായിരുന്നു. സെലക്ടീവ് പ്രതികരണ ജീവികളായ ഇടതുപക്ഷത്തിന് ഇരട്ടത്താപ്പാണ്. ശിവസേനയും കോണ്‍ഗ്രസും മാദ്ധ്യമസ്വാതന്ത്ര്യം ലംഘിക്കുകയാണ്. ബിനീഷ് കോടിയേരിയുടെ വീട്ടിലെ റെയ്ഡ് സി.പി.എമ്മിന്റെ അപചയത്തിന്റെ തെളിവാണെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു. സി.പി.എം കേന്ദ്ര നേതൃത്വം ബിനീഷിന്റെ അഴിമതിയുടെ പങ്ക് പറ്റിയതുകൊണ്ടാണ് കോടിയേരിയെയും പിണറായിയെയും സംരക്ഷിക്കുന്നത്. കേരള ക്രിക്കറ്റ് അസോസിയേഷനെ കുറിച്ച് അന്വേഷണം നടത്തണം. കെ.സി.എ വെള്ളാനയാണ്. ശതകോടിയുടെ അഴിമതിയാണ് ഇവിടെ നടന്നിരിക്കുന്നത്. ഈ അഴിമതിപ്പണം ലഹരി ഇടപാടിന് ഉപയോഗിച്ചെന്ന് സംശയിക്കുന്നുവെന്നും സുരേന്ദ്രന്‍ പറഞ്ഞു.