തിരുവനന്തപുരം: സംസ്ഥാന ആഭ്യന്തരവകുപ്പിനും സ്വര്‍ണക്കടത്ത് ബന്ധമെന്ന് ബിജെപി. സ്വര്‍ണക്കടത്തില്‍ ആഭ്യന്തര, ഐ.ടി വകുപ്പുകളുടെ സഹായം ലഭിച്ചു. ഗണ്‍മാന്‍ ജയഘോഷിന്റെ നിയമനം ഉന്നതരുടെ താല്‍പര്യ സംരക്ഷണത്തിന് വേണ്ടിയാണ്. കോണ്‍സല്‍ ജനറലിന് ഗണ്‍മാന്‍ വേണമെന്ന് കേന്ദ്രം പറഞ്ഞിട്ടില്ല. കോണ്‍സുലേറ്റിന് സുരക്ഷയ്ക്കായി പോലീസ് വേണമെന്നായിരുന്നു നിര്‍ദേശം. കോണ്‍സലിന് ഗണ്‍മാനെ നിയമിക്കാന്‍ നിര്‍ദേശിച്ചിട്ടില്ലെന്ന് കെ.സുരേന്ദ്രന്‍ പറഞ്ഞു.
അതേസമയം, മൂന്ന് തവണയാണ് ജയഘോഷിന്റെ ഗണ്‍മാന്‍ കാലാവധി നീട്ടിയത്. എല്ലാതവണയും ഉത്തരവിറക്കിയത് ഡിജിപിയാണ്. ജയഘോഷിനെ നിലനിര്‍ത്താന്‍ കോണ്‍സുല്‍ ജനറലും കത്തയച്ചു. ജയഘോഷിന്റെ നിയമനത്തിലും കാലാവധി നീട്ടലിലും ചട്ടലംഘനമെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി തേടിയില്ലെന്നാണ് ആക്ഷേപം.
എന്നാല്‍, ജയഘോഷിന്റെ നിയമനത്തില്‍ പ്രോട്ടോകോള്‍ ലംഘനം നടന്നിട്ടില്ലെന്ന് പോലീസ്. സംസ്ഥാന ആഭ്യന്തര സുരക്ഷാസമിതിയുടെ തീരുമാന പ്രകാരമാണ് സുരക്ഷ ഉദ്യോഗസ്ഥനെ നല്‍കിയത്. കോണ്‍സുല്‍ ജനറലിന് എക്സ് കാറ്റഗറി സുരക്ഷ നല്‍കാനായിരുന്നു തീരുമാനം. ഇതിന്റെ അടിസ്ഥാനത്തിലാണ് 2017 മുതല്‍ ഗണ്‍മാനെ നിയമിച്ചതെന്നും പോലീസ് വിശദീകരിച്ചു.