തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഇന്റര്‍നെറ്റ് പദ്ധതിയായ കെ ഫോണിന്റെ ഒന്നാം ഘട്ടത്തിന് ഇന്ന് തുടക്കമാകും. ആദ്യ ഘട്ട ഉദ്ഘാടനം തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും.
ആദ്യ ഘട്ടത്തില്‍ ഏഴ് ജില്ലകളിലായി ആയിരം സര്‍ക്കാര്‍ സ്ഥാപനങ്ങളിലാണ് കെ ഫോണ്‍ കണക്ഷന്‍ നല്‍കുക. സര്‍ക്കാര്‍ ഓഫീസുകള്‍, ആശുപത്രികള്‍, പൊലീസ് സ്റ്റേഷനുകള്‍, തദ്ദേശസ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍,ഡാറ്റാ സെന്ററുകള്‍, കളക്ടറേറ്റുകള്‍ എന്നിവയില്‍ ആദ്യ ഘട്ടത്തില്‍ കണക്ഷന്‍ ലഭിക്കും. ജൂലൈ മാസത്തോടെ പ്രവര്‍ത്തനം സംസ്ഥാനവ്യാപകമാകും.
കെ ഫോണ്‍ പദ്ധതി
എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് അവകാശമായി പ്രഖ്യാപിച്ച സംസ്ഥാനമാണ് കേരളം. അതിന്റെ ചുവട് പിടിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ കെ-ഫോണ്‍ പദ്ധതി പ്രഖ്യാപിച്ചത്. സംസ്ഥാനത്താകെ സുശക്തമായ ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖല സ്ഥാപിക്കുന്നതാണ് പദ്ധതി. അതുവഴി അതിവേഗ ഇന്റര്‍നെറ്റ് കണക്ഷന്‍ വീടുകളിലും, 30,000 ത്തോളം ഓഫിസുകളിലും ലഭ്യമാക്കും. ഈ പദ്ധതിവഴി സംസ്ഥാനത്തെ 20 ലക്ഷത്തോളം വരുന്ന സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ഭവനങ്ങളിലേക്ക് സൗജന്യമായും മറ്റുള്ളവര്‍ക്ക് മിതമായ നിരക്കിലും ഇന്റര്‍നെറ്റ് ലഭ്യമാക്കും.