കെ ഫോണ്‍ അഴിമതി ആരോപണം ഉന്നയിച്ച പ്രതിപക്ഷ നേതാവിനെ പരിഹസിച്ച് ധനമന്ത്രി തോമസ് ഐസക്. കെഫോണ്‍ ഉദ്ഘാടനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിഞ്ഞോ ആവോ… പദ്ധതി നടത്തിപ്പ് ഭെല്ലിനെ ഏല്‍പ്പിച്ചതിനെതിരെ വലിയ അഴിമതിയാരോപണം അദ്ദേഹം ഉന്നയിച്ചിരുന്നു. തന്റെ ആരോപണത്തില്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുന്നുണ്ടോ എന്ന ആകാംക്ഷ അദ്ദേഹത്തിന്റെ അണികളിലെങ്കിലും സ്വാഭാവികമായും ഉണ്ടാകും. ഇന്നത്തെ യാത്രയിലെങ്കിലും നിലപാടു വ്യക്തമാക്കുമെന്ന് പ്രതീക്ഷിക്കാമെന്ന് ധനമന്ത്രി പറഞ്ഞു.
തോമസ് ഐസക്കിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:
കെഫോണ്‍ ഉദ്ഘാടനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിഞ്ഞോ ആവോ… പദ്ധതി നടത്തിപ്പ് ഭെല്ലിനെ ഏല്‍പ്പിച്ചതിനെതിരെ വലിയ അഴിമതിയാരോപണം അദ്ദേഹം ഉന്നയിച്ചിരുന്നു. തന്റെ ആരോപണത്തില്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുന്നുണ്ടോ എന്ന ആകാംക്ഷ അദ്ദേഹത്തിന്റെ അണികളിലെങ്കിലും സ്വാഭാവികമായും ഉണ്ടാകും. ഇന്നത്തെ യാത്രയിലെങ്കിലും നിലപാടു വ്യക്തമാക്കുമെന്ന് പ്രതീക്ഷിക്കാം.
കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഭാരത് ഇലക്ട്രിക്കല്‍സ് ലിമിറ്റഡിനാണ് കരാര്‍. ഭെല്‍ ഒരു കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമാണ് എന്നറിയാതെയാണോ അദ്ദേഹം ആരോപണം ഉന്നയിച്ചത് എന്ന സംശയവുമുണ്ട്. ടെന്‍ഡര്‍ വിളിച്ചത് സംസ്ഥാന സര്‍ക്കാര്‍, കരാര്‍ ലഭിച്ചത് കേന്ദ്ര പൊതുമേഖലാ സ്ഥാപനത്തിന്. ഇതില്‍ ആര്‍ക്ക് എവിടെയാണ് അഴിമതി നടത്താന്‍ പഴുത് എന്ന് പ്രതിപക്ഷ നേതാവിന് മാത്രം അറിയുന്ന രഹസ്യമാണ്. അത് അദ്ദേഹം പൊതുജനസമക്ഷം പങ്കുവെയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു.
1531 കോടി രൂപയ്ക്കാണ് കരാര്‍. ഒമ്പതു വര്‍ഷമാണ് സേവന കാലാവധി. ചെലവ് 1531 കോടി. 1168 കോടി രൂപ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും 363 കോടി രൂപ മെയിന്റനന്‍സിനും. 1168 കോടിയുടെ 70 ശതമാനം കിഫ്ബിയാണ് നല്‍കുന്നത്. അങ്ങനെ കേരള വികസനത്തിന്റെ മറ്റൊരു നിര്‍ണായക വഴിത്തിരിവിനൂകൂടി കിഫ്ബി പങ്കാളിയാകുന്നു.
ഇന്റര്‍നെറ്റ് എല്ലാവരുടെയും അവകാശമാണെന്ന പ്രഖ്യാപനത്തെ അതിവേഗ കണക്ഷന്‍ നല്‍കി യാഥാര്‍ത്ഥ്യമാക്കുമ്പോള്‍ കേരളം ഒരിക്കല്‍ക്കൂടി ലോകത്തിന്റെ വിസ്മയമാവുകയാണ്. 10 എംബിപിഎസ് മുതല്‍ 1 ജിബിപിഎസ് വരെ വേഗമുള്ള നെറ്റ് കണക്ഷന്‍ നമ്മുടെ വിദ്യാലയങ്ങളിലും സര്‍ക്കാര്‍ ഓഫീസുകളിലും വീടുകളിലും ഓപ്റ്റിക്കല്‍ ഫൈബറിലൂടെ എത്തുകയാണ്. അതോടെ ഏറ്റവും വേഗത്തില്‍ ഇന്റര്‍നെറ്റ് പ്രദാനം ചെയ്യുന്ന വികസിതരാജ്യങ്ങളുടെ നിരയിലേയ്ക്കാണ് കെ ഫോണ്‍ കേരളത്തെ എത്തിച്ചിരിക്കുന്നത്. നഗരമേഖലയിലെ സാമ്പത്തികശേഷി കൂടിയ വിഭാഗം മാത്രം അനുഭവിച്ചിരുന്ന സൌകര്യം കേരളത്തിന്റെ മുക്കിലും മൂലയിലുമുള്ള സകലമനുഷ്യരിലേയ്ക്കും കൈമാറുകയാണ് കെ ഫോണ്‍.
നാടിന്റെ വികസനഭാവിയില്‍ അതിവേഗക്കുതിപ്പു സൃഷ്ടിക്കുന്ന ഡാറ്റാ വിപ്ലവമാണിത്. സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തിന്റെയും അവ നല്‍കുന്ന സേവനങ്ങളുടെയും ഗുണമേന്മ വിസ്മയകരമായി മാറാന്‍ പോവുകയാണ്.
ഇപ്പോള്‍ത്തന്നെ ഹൈടെക് ക്ലാസ് മുറികള്‍ ആയിക്കഴിഞ്ഞ പൊതുവിദ്യാലയങ്ങളില്‍ ഓപ്റ്റിക്കല്‍ കേബിള്‍ വഴി അതിവേഗ ഇന്റര്‍നെറ്റ് എത്തുന്നതോടെ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരമുയരും. ഏറ്റവും പാവപ്പെട്ട കുട്ടികള്‍ക്കും ഏറ്റവും പുതിയ സാങ്കേതികവിദ്യയുടെ നേട്ടം ലഭിക്കും. അടുത്ത ഘട്ടത്തില്‍ 20 ലക്ഷം പാവപ്പെട്ട കുടുംബങ്ങള്‍ക്ക് സൌജന്യമായി അതിവേഗ ഇന്റര്‍നെറ്റ് കണക്ഷന്‍ ലഭിക്കും. പുതിയ സാങ്കേതികവ്യവസായങ്ങള്‍ നാട്ടിലെത്തും. തൊഴില്‍ത്തുറകള്‍ക്കും വിസ്മയകരമായ വേഗത്തില്‍ രൂപമാറ്റം സംഭവിക്കും. പാവപ്പെട്ടവരുടെ വീടുകളിലടക്കം അതിവേഗ ഇന്റര്‍നെറ്റ് കണക്ടിവിറ്റി സാധ്യമാകുന്നതോടെ ജനങ്ങളുടെ ജീവിതഗുണനിലവാരത്തില്‍ അത്ഭുതകരമായ രാസമാറ്റം സംഭവിക്കും. അത് നമ്മുടെ സമ്പദ്ഘടനയ്ക്ക് കുതിപ്പിന്റെ റോക്കറ്റ് വേഗം കൈവരും.
കെഎസ്ഇബിയുടെ വിതരണ സംവിധാനം വഴിയാണ് കെഫോണിന്റെ കേബിളുകള്‍ ബന്ധിക്കപ്പെട്ടിരിക്കുന്നത്. ട്രാന്‍സ്മിഷന്‍ ടവറുകളിലൂടെ കോര്‍ ലൈനുകളും ഇലക്ട്രിക് പോസ്റ്റുകളിലൂടെ ബാക്കി ലൈനുകളും കടന്നുപോകും. 14 ജില്ലകളിലും കെഎസ്ഇബിയുടെ ഒരു സബ്‌സ്റ്റേഷന്‍ പ്രധാന നെറ്റു്വര്‍ക്കുമായി ബന്ധിപ്പിച്ചിരിക്കും. സാങ്കേതികമായി ഈ സബ്‌സ്റ്റേഷനെ കോര്‍ പോയിന്റ് ഓഫ് പ്രസന്‍സ് എന്നു വിളിക്കാം. റിംഗ് ടോപ്പോളജി (വളയ രൂപത്തില്‍) സംവിധാനത്തിലാണ് 14 ജില്ലകളെയും ഇത്തരത്തില്‍ ബന്ധിപ്പിച്ചിരിക്കുന്നത്. എന്തെങ്കിലും കാരണത്താല്‍ ഒരു സ്ഥലത്ത് തകരാറുണ്ടായാല്‍ മറുവശം വഴിയുള്ള ഡാറ്റാ സഞ്ചാരത്തിനുവേണ്ടിയാണ് ഈ സംവിധാനം രൂപപ്പെടുത്തിയത്. തടസമില്ലാത്ത എല്ലായ്‌പോഴും ഡാറ്റ പ്രവഹിക്കുമെന്ന് ഇങ്ങനെ ഉറപ്പുവരുത്തിയിരിക്കുന്നു.
ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍, കണ്ടെന്റ് സര്‍വീസ് പ്രൊവൈഡര്‍, കേബിള്‍ ഓപ്പറേറ്റര്‍, ടെലികോം ഓപ്പറേറ്റര്‍ തുടങ്ങി എല്ലാവര്‍ക്കും തുല്യമായ അവസരം ലഭിക്കുന്ന ഓപ്റ്റിക്കല്‍ ഫൈബര്‍ നെറ്റ് വര്‍ക്കാണ് കെ ഫോണ്‍. അതുവഴി ഏറ്റവും ഉയര്‍ന്ന വേഗത്തിലുള്ള കണക്ഷന്‍ ഏറ്റവും കുറഞ്ഞ ചെലവില്‍ ലഭ്യമാകും.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സ്, ബ്ലോക്ക് ചെയിന്‍, ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ്, സ്റ്റാര്‍ട്ട് അപ്പുകള്‍, സ്മാര്‍ട്ട് സിറ്റി തുടങ്ങിയ മേഖലകളില്‍ കേരളം മികവിന്റെ കേന്ദ്രമാകും.
കേരള വികസനത്തിന്റെ രൂപവും ഭാവവും അടിമുടി മാറ്റി സമ്പദ്ഘടനയെ മറ്റൊരു വിതാനത്തിലെത്തിക്കുന്ന ഈ പദ്ധതിയെയും പതിവുപോലെ പ്രതിപക്ഷം എതിര്‍ക്കാനും തടയാനും ശ്രമിച്ചിരുന്നു എന്ന് തുടക്കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നല്ലോ. മറ്റ് സേവനദാതാക്കള്‍ ഉള്ളപ്പോള്‍ കെഫോണ്‍ അധികപ്പറ്റാണ് എന്ന് നിയമസഭയില്‍ത്തന്നെ പ്രതിപക്ഷ നേതാവ് ഒരു മറയും കൂടാതെ പ്രസ്താവിച്ചിരുന്നു. അതായത്, നഗരപ്രദേശങ്ങളിലെ ഒരു ചെറുന്യൂനപക്ഷത്തിനു മാത്രം കരഗതമായിരുന്ന സൌകര്യം എല്ലാവര്‍ക്കുമായി വീതിക്കപ്പെടുന്നതിലെ അസഹിഷ്ണുതയാണ് പുറത്തുവന്നത്. അവരുടെ ദൃഷ്ടിയില്‍ അതിവേഗ ഇന്റര്‍നെറ്റ് വരേണ്യവര്‍ഗത്തിനു മാത്രം കരഗതമാകേണ്ടതും, കുത്തകകളാല്‍ മാത്രം വിതരണം ചെയ്യേണ്ടതുമാണ്. ബിപിഎല്ലുകാര്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങളുമായി അതു വീതം വെയ്ക്കാന്‍ ഇത്രയും തുക മുടക്കുന്നതില്‍ യുഡിഎഫിന് ഈര്‍ഷ്യയും അസഹിഷ്ണുതയും ഉണ്ടാവുക സ്വാഭാവികം. വിഭവങ്ങളുടെ നീതിപൂര്‍വമായ വിതരണം എന്ന വികസന സങ്കല്‍പ്പത്തെ അവര്‍ ഒരിക്കലും ഉള്ളാലെ അംഗീകരിച്ചിട്ടില്ലെന്നു മാത്രമല്ല എല്ലാക്കാലത്തും തള്ളിപ്പറയുകയും നടപ്പാക്കാന്‍ ശ്രമിക്കുമ്പോഴൊക്കെ പരാജയപ്പെടുത്താന്‍ അരയും തലയും മുറുക്കി രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്.
വികസനത്തിന്റെ രൂപപരിണാമങ്ങള്‍ ഇന്ന് അതിവേഗ ഇന്റര്‍നെറ്റുമായി ബന്ധപ്പെട്ടിരിക്കുന്നു. രാഷ്ട്രത്തിന്റെ ഭാവിയ്ക്കും പൌരന്റെ ജീവിതത്തിനും മുന്നില്‍ അത് അനന്തമായ സാധ്യതകള്‍ തുറന്നിടുന്നു. ഏറ്റവും പ്രധാനം ഡിജിറ്റല്‍ ഡിവൈഡ് ഏറെക്കുറെ ഇല്ലാതാകുമെന്ന കാര്യമാണ്. ഇന്റര്‍നെറ്റ് എല്ലാവരുടെയും അവകാശമാക്കിയതില്‍ ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങള്‍ക്ക് കേരളം മാതൃകയായതുപോലെ ഡിജിറ്റല്‍ ഡിവൈഡ് പരിഹരിക്കാന്‍ ഏറ്റവും നിലവാരമുള്ള കേബിള്‍ കണക്ഷന്‍ സ്ഥാപിച്ചതിന്റെ ബഹുമതിയും നമ്മുടെ സംസ്ഥാനം നേടും. 30000 സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാലയങ്ങള്‍ക്കും ഇന്റര്‍നെറ്റ് നല്‍കുന്ന ചെലവില്‍ നിന്നു തന്നെ 20 ലക്ഷം പാവപ്പെട്ട കുടുംബങ്ങള്‍ക്ക് സൌജന്യമായി ഇന്റര്‍നെറ്റ് നല്‍കാനും കഴിയും. ഇത്തരമൊരു പദ്ധതിയ്ക്ക് രാജ്യത്ത് മുന്‍മാതൃകയില്ല. സര്‍ക്കാര്‍ ഉടമസ്ഥതയില്‍ സ്ഥാപിക്കപ്പെടുന്ന ഇന്റര്‍നെറ്റ് സൂപ്പര്‍ഹൈവേ ഉപയോഗപ്പെടുത്തി ചെറുകിട മേഖലയടക്കം കേരളത്തിലെ വ്യവസായ, വാണിജ്യ. ടൂറിസം സംരംഭങ്ങള്‍ക്ക് ഇ കൊമേഴ്‌സും മറ്റു ഡിജിറ്റല്‍ സേവനങ്ങളും ഉയര്‍ന്ന ഗുണനിലവാരത്തില്‍ ലഭ്യമാകും.
ഇത്തരത്തില്‍, പൊതുസ്ഥാപനങ്ങളിലേയ്ക്കും ഏറ്റവും പാവപ്പെട്ടവരുടെ പക്കലേയ്ക്കും അതിവേഗ വികസനത്തിന്റെ ഈ മുന്നുപാധി കൈമാറാന്‍ ഇടതുപക്ഷ സര്‍ക്കാരിനേ കഴിയൂ. പാവപ്പെട്ടവരോടും പൊതുസ്ഥാപനങ്ങളോടുമുള്ള പിണറായി സര്‍ക്കാരിന്റെ പ്രതിബദ്ധതയാണ് കെഫോണ്‍.
https://www.facebook.com/thomasisaaq/posts/4373500945999346











