തിരുവനന്തപുരം: കെ ഫോണ്‍ വരുന്നു മറ്റു കേബിളുകള്‍ അഴിച്ചുമാറ്റണം കെഎസ്ഇബി എന്ന് മാതൃഭൂമി കണ്ണൂര്‍ എഡിഷനില്‍ പ്രസിദ്ധീകരിച്ച വാര്‍ത്ത വസ്തുതാവിരുദ്ധമാണെന്ന് കെഎസ്ഇബി ചീഫ് പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ അറിയിച്ചു. ഇതേക്കുറിച്ചു വിശദമായി മനസ്സിലാക്കാതെ ധൃതിയില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടായതു കൊണ്ടാകാം ഇങ്ങിനെ തെറ്റിദ്ധാരണാജനകമായ വാര്‍ത്ത പിറവിയെടുത്തതെന്നും അദ്ദേഹം പറഞ്ഞു.
കേബിള്‍ ഓപ്പറേറ്റര്‍മാര്‍ കെഎസ്ഇബി പോസ്റ്റുകള്‍ വഴി കൊണ്ടുപോയിരിക്കുന്ന തങ്ങളുടെ കേബിളുകള്‍ നിയമപരമായിരിക്കണമെന്നാണ് കെഎസ്ഇബി ആവശ്യപ്പെട്ടിരുന്നത്. അതിനു 2020 ഡിസംബര്‍ 31 വരെ സമയപരിധിയും അനുവദിക്കുകയുണ്ടായി. നിയമാനുസൃതം നിശ്ചിത നിരക്ക് നല്‍കി കെഎസ്ഇബി പോസ്റ്റുകളില്‍ സ്ഥാപിച്ചിരിക്കുന്ന കേബിളുകള്‍ മാറ്റാന്‍ കെഎസ്ഇബി തീരുമാനിച്ചിട്ടില്ലെന്നും പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. അതുവഴി പൊതുസമൂഹത്തിനു ഇന്റെര്‍നെറ്റോ കേബിള്‍ ടീവിയോ മുടക്കാനും കെഎസ്ഇബിക്കു ഉദ്ദേശമില്ലെന്നും പക്ഷെ പോസ്റ്റുകളില്‍ സ്ഥാപിക്കുന്ന കേബിളുകള്‍ നിയമാനുസൃതമല്ലെങ്കില്‍ നീക്കം ചെയ്യുകയും ചെയ്യും എന്നതാണ് വസ്തുതയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.