ഗുരുവായൂർ: കേരളത്തില്‍ വാദ്യകലയെ മാത്രം ആശ്രയിക്കുന്ന ആയിരക്കണക്കിന് കലാകാരന്‍മാരാണ് കോവിഡ് വ്യാപനം മൂലം പരിപാടികള്‍ മാറ്റി വച്ചതിനാല്‍ ബുദ്ധിമുട്ടിലായത്. കേരള സര്‍ക്കാരും മറ്റ് സംഘടനകളും കലാകാരന്‍മാര്‍ക്ക് കൈത്താങ്ങായി നിരവധി പദ്ധതികള്‍ നടപ്പാക്കി വരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കോവിഡ് 19 പശ്ചാത്തലത്തിൽ തൊഴിലവസരങ്ങൾ നഷ്ടപ്പെട്ട വാദ്യമേഖലയിൽ സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന കലാകാരന്മാർക്ക് കൈത്താങ്ങായി ജ്യോതി ലാബ്സിന്റെ സാരഥി എം.പി രാമചന്ദ്രന്റെ നേതൃത്വത്തില്‍ സഹായം എത്തിച്ചത്.
ഒരു കുടുംബത്തിന് ആവശ്യമായ ഇരുപത്തിമൂന്നോളം പലചരക്കു സാധനങ്ങളും മറ്റും നൂറോളം വാദ്യകലാകാരന്മാർക്ക് നൽകിയാണ് എം.പി രാമചന്ദ്രന്‍ വേറിട്ട മാതൃകയായത്. ചൊവ്വല്ലൂർ ക്ഷേത്ര പരിസരത്ത് വച്ച് ക്ഷേത്ര വാദ്യകല അക്കാദമി തൃശ്ശൂർ ജില്ലാ പ്രസിഡണ്ട് ശ്രീ ചൊവ്വല്ലൂർ മോഹനന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങ് കവിയും കലാപ്രേമി കൂടിയായ ശ്രീ ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു. കണ്ടാണശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ശ്രീ പ്രമോദ് അധ്യക്ഷനായി.
എം.പി സിദ്ധാർത്ഥൻ, ഇരിങ്ങപ്പുറം ബാബു, ചൊവ്വല്ലൂർ സുനിൽ, ചൊവ്വല്ലുർ ഉണ്ണികൃഷ്ണൻ വാര്യർ, ചൊവ്വല്ലൂർ ഹരിദാസ് വാര്യർ, ഗുരുവായൂർ വിമൽ, പ്രദീപ് നെടിയേടത്ത് ക്ഷേത്ര വാദ്യകല അക്കാദമി തൃശ്ശൂർ ജില്ലാ സെക്രട്ടറി ഹരിശങ്കർ കല്ലേറ്റുംകര, ഖജാൻജി പെരുവനം ഉണ്ണി എന്നിവർ പങ്കെടുത്തു. സഹായ പരിപാടി സംഘടിപ്പിക്കുകയും അതിന്റ എല്ലാ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുകയും ചെയ്തത് വാദ്യകലാകാരനായ ശ്രീ ചൊവ്വല്ലൂർ മോഹനനാണ്.











