ഗാസിയാബാദില്‍ അക്രമികളുടെ വെടിയേറ്റ മാധ്യമ പ്രവര്‍ത്തകന്‍ വിക്രം ജോഷി മരിച്ചു. തലയ്ക്ക് വെടിയേറ്റ് ചികിത്സയില്‍ കഴിയവെ ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. ബന്ധുവായ പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയവര്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കിയതിനാണ് ഒരു സംഘം ആളുകള്‍ അദ്ദേഹത്തെ ആക്രമിച്ചത്. അദ്ദേഹത്തിന്റെ പെണ്‍മക്കളുടെ മുന്‍പില്‍ വെച്ചായിരുന്നു അക്രമികള്‍ വെടിയുതിര്‍ത്തത്. ഉത്തര്‍പ്രദേശ് സ്വദേശിയാണ് വിക്രം ജോഷി.
കേസില്‍ ഒമ്പത് പേരെ അറസ്റ്റ് ചെയ്യുകയും രണ്ട് പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. സംഭവത്തില്‍ പോലീസ് അനാസ്ഥ കാണിച്ചതായ ബന്ധുക്കളുടെ പരാതിയെ തുടര്‍ന്നാണ് സ്റ്റേഷന്‍ ചുമതലയുളള പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്തത്. രണ്ട് പെണ്‍മക്കളോടൊപ്പം ബൈക്കില്‍ യാത്ര ചെയ്തിരുന്ന അദ്ദേഹത്തെ അഞ്ചംഗ സംഘം ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. അക്രമത്തിന്റെ ദൃശ്യം സമീപത്തെ സിസിടിവിയില്‍ പതിഞ്ഞിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിലൂടെയാണ് പ്രതികളെ പിടികൂടിയത്.
അതേസമയം മാധ്യമപ്രവര്‍ത്തകന് വെടിയേറ്റ സംഭവത്തില്‍ യോഗി സര്‍ക്കാരിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാഗാന്ധി രംഗത്തെത്തിയിരുന്നു.











