‘ദി ഹിന്ദു’വിന്റെ ഡെപ്യുട്ടി എഡിറ്റര്‍ എന്‍ ജെ നായര്‍(58) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം. നെഞ്ച് വേദനയെ തുടര്‍ന്ന് ഇന്നലെ രാത്രി എസ് യു ടി ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് ബ്ലോക്ക് നീക്കം ചെയ്തു. എന്നാല്‍ രാത്രി രണ്ടോടെ വീണ്ടും ഹൃദയഘാതം വരുകയും മരണപ്പെടുകയുമായിരുന്നു.
മാധ്യമപ്രവര്‍ത്തകന്റെ മരണത്തില്‍ രാഷ്ട്രീയ മാധ്യമ മേഖലയിലെ പ്രമുഖര്‍ അനുശോചിച്ചു. പത്രപ്രവര്‍ത്തകന്‍ എന്നതിലുപരി പതിറ്റാണ്ടുകളായുള്ള ബന്ധവും സ്‌നേഹവും ആണ് ഞങ്ങള്‍ തമ്മില്‍ ഉണ്ടായിരുന്നതെന്ന് മന്ത്രി കടകംപള്ളി സുരനേന്ദ്രന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. സെന്‍സേഷണലിസത്തിന്റെ പുകപടലങ്ങളൊഴിഞ്ഞ് നിന്ന പ്രൊഫഷണല്‍ ജീവിതമാണ് നായരുടേതെന്ന് ധനമന്ത്രി തോമസ് ഐസക്കും കുറിച്ചു.
കടകംപള്ളിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:
ഇന്ന് വെളുപ്പിനെ ഉണര്‍ന്നത് അതീവ ദു:ഖകരമായ ഒരു വിവരമറിയിച്ചുളള സന്ദേശം അറിഞ്ഞു കൊണ്ടാണ്. ദ ഹിന്ദു പത്രത്തിന്റെ ഡപ്യൂട്ടി എഡിറ്റര്‍ എന്‍.ജെ. നായര്‍ ഹൃദയാഘാതം മൂലം അന്തരിച്ചുവെന്ന ആ സന്ദേശം അവിശ്വസനീയമായിരുന്നു. ഉള്‍ക്കൊള്ളാനാകുന്നതായിരുന്നില്ല അത്. മനസിനെ വല്ലാതെ ഉലയ്ക്കുന്ന ആ വിവരം സത്യമാകരുതെന്ന് ആഗ്രഹിച്ചു. എന്‍.ജെ നായര്‍ എന്ന പത്രപ്രവര്‍ത്തകന്റെ ബൈ ലൈനോടുള്ള വാര്‍ത്ത ദ ഹിന്ദു വിന്റെ സ്റ്റേറ്റ് എഡിഷനില്‍ കാണാത്ത ദിവസങ്ങള്‍ ചുരുക്കമായിരുന്നു. പത്ര പ്രവര്‍ത്തകന്‍ എന്നതിലുപരി പതിറ്റാണ്ടുകളായുള്ള ബന്ധവും സ്‌നേഹവും ഞങ്ങള്‍ തമ്മിലുണ്ടായിരുന്നു. കമ്മ്യൂണിസ്റ്റ് പ്രത്യയ ശാസ്ത്രത്തോടും , ഇടതുപക്ഷ പ്രസ്ഥാനത്തോടും തനിക്കുള്ള അടുപ്പം മറച്ചുവെക്കാത്ത, അതില്‍ അഭിമാനിച്ചിരുന്ന പത്രപ്രവര്‍ത്തകനായിരുന്നു എന്‍.ജെ നായര്‍. വാര്‍ത്തകളെ സത്യസന്ധമായി സമീപിച്ചിരുന്ന എന്‍.ജെ. നായര്‍ പത്രപ്രവര്‍ത്തന മേഖലയില്‍ പുതിയ തലമുറയ്ക്ക് വഴി കാട്ടിയായിരുന്നു.
വാര്‍ത്തകള്‍ക്കായും ,അല്ലാതെ സമകാലിക കാര്യങ്ങള്‍ സംസാരിക്കുന്നതിനും, സൗഹൃദത്തോടെ ഫോണില്‍ വിളിക്കുമായിരുന്നു. വാര്‍ത്ത ശേഖരിക്കുക എന്ന ഉദ്ദേശത്തോട് കൂടിയല്ലാതെ, ഒരാവശ്യവും പറയാനല്ലാതെ എന്നെ കാണാന്‍ ഇടയ്‌ക്കൊക്കെ വീട്ടില്‍ വരുമായിരുന്നു. രണ്ടാഴ്ച്ച മുന്‍പ് ഞങ്ങള്‍ വീട്ടില്‍ വെച്ച് കുറേ നേരം സംസാരിച്ചിരുന്നു. ചാനല്‍ ചര്‍ച്ചകളില്‍ അടുത്തിടെ സജീവമായിരുന്നു എന്‍.ജെ നായര്‍. അദ്ദേഹം പങ്കെടുക്കുന്ന ചര്‍ച്ച ഞാന്‍ കാണാറുണ്ടായിരുന്നു. അതേക്കുറിച്ചൊക്കെ പിന്നെ വിളിക്കുമ്പോള്‍ സരസമായി സംസാരിക്കുമായിരുന്നു. കളങ്കമില്ലാത്ത സ്‌നേഹമായിരുന്നു എന്‍.ജെ. സഖാവായിരുന്നു, സുഹൃത്തായിരുന്നു, സഹോദരനായിരുന്നു.
പ്രണാമം… ഏറെ പ്രിയപ്പെട്ട എന്‍.ജെ… അടുത്തറിഞ്ഞവരുടെ ഓര്‍മ്മകളില്‍ എന്‍.ജെ നായര്‍ എന്നുമുണ്ടാകും. ലാല്‍സലാം.
-കടകംപള്ളി സുരേന്ദ്രന്‍
തോമസ് ഐസക്കിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:
വാര്‍ത്തകള്‍ വസ്തുനിഷ്ഠമായിരിക്കണം എന്ന നിര്‍ബന്ധബുദ്ധിയുള്ള മാധ്യമപ്രവര്‍ത്തകനായിരുന്നു ദി ഹിന്ദുവിലെ എന്‍ ജെ നായര്‍. ക്രോസ് ചെക്ക് ചെയ്യാതെ ഒരു വാര്‍ത്തയും അദ്ദേഹം എഴുതിയിരുന്നില്ല. ദി ഹിന്ദു പൊതുവേ ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യമാണത്. വാര്‍ത്താ ഉറവിടത്തിന്റെ താല്‍പര്യങ്ങളല്ല അദ്ദേഹത്തിന്റെ റിപ്പോര്‍ട്ടുകളുടെ ദിശ നിശ്ചയിച്ചിരുന്നത്. ലഭിക്കുന്ന വിവരങ്ങളില്‍ വസ്തുതയുണ്ടോ എന്നു പലതലങ്ങളില്‍ പരിശോധിച്ചുറപ്പു വരുത്തിയും, ആര്‍ക്കെങ്കിലും എതിരെയാണ് വാര്‍ത്തയെങ്കില്‍ അവര്‍ക്കു പറയാനുള്ളതുകൂടി റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയും തന്റെ വാര്‍ത്തകളില്‍ പത്രപ്രവര്‍ത്തനത്തിന്റെ മൂല്യം ഉയര്‍ത്തിപ്പിടിച്ചു. സമകാലിക മാധ്യമലോകത്ത് ഏതാണ്ട് അന്യം നിന്നു കഴിഞ്ഞ ഒരു ശാഖയുടെ വക്താവായിരുന്നു അദ്ദേഹം. സെന്‍സേഷണലിസത്തിന്റെ പുകപടലങ്ങളൊഴിഞ്ഞു നിന്ന പ്രൊഫഷണല്‍ ജീവിതം.
തികച്ചും അവിശ്വസനീയമാണ് പല സുഹൃത്തുക്കള്‍ക്കുമെന്ന പോലെ എനിക്കും ഈ വേര്‍പാട്. പകലൊടുങ്ങുവോളം കളിച്ചും ചിരിച്ചും തങ്ങള്‍ക്കൊപ്പമുണ്ടായിരുന്ന ആളാണ് ഒരു രാത്രിയുടെ മറവില്‍ വേര്‍പെട്ടു പോയത് എന്ന സഹപ്രവര്‍ത്തകരുടെ ഞെട്ടല്‍ ഫേസ്ബുക്ക് പേജുകളില്‍ കാണാം. മൂന്നോ നാലോ ദിവസം മുമ്പാണ് ഞാനും കണ്ടത്. വീട്ടില്‍ വന്നിരുന്ന ധാരാളം സംസാരിച്ചു. തന്നിലെ പ്രസന്നത ഒപ്പമുള്ളവര്‍ക്കു കൂടി പകര്‍ന്നുകൊടുക്കുന്ന സുഹൃത്തായിരുന്നു അദ്ദേഹം. ഓര്‍ക്കുന്തോറും ആഴം കൂടുന്ന നഷ്ടബോധം.
അദ്ദേഹത്തിന്റെ കുടുംബത്തിനും ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊന്നും ഈ വേര്‍പാട് അത്രപെട്ടെന്ന് ഉള്‍ക്കൊള്ളാനാവില്ല. അവരുടെയെല്ലാം ദുഃഖത്തില്‍ ഞാനും പങ്കുചേരുന്നു. എന്‍ ജെ നായരുടെ ഓര്‍മ്മകള്‍ക്കു മുന്നില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.
-തോമസ് ഐസക് (ധനകാര്യമന്ത്രി)