രാജ്യസഭാ സീറ്റില്‍ ജോസ് കെ. മാണിയുടെ പിന്‍ഗാമിക്കായി കേരള കോണ്‍ഗ്രസില്‍ (എം) ചര്‍ച്ച തുടങ്ങി. മാധ്യമപ്രവര്‍ത്തകന്‍ ജോര്‍ജ് കള്ളിവയലിന്റെ പേരാണ് ഉയര്‍ന്നു കേള്‍ക്കുന്നത്. സംസ്ഥാന ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ്, ഉന്നതാധികാര സമിതി അംഗം പ്രഫ. കെ.ഐ. ആന്റണി എന്നിവരും പട്ടികയില്‍ ഉണ്ടെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഇവര്‍ പാര്‍ട്ടിയുടെ മുന്‍നേതാക്കളായി നിലകൊള്ളാനാണ് സാധ്യത. കാഞ്ഞിരപ്പള്ളി സിറ്റിങ് എംഎല്‍എ എന്‍. ജയരാജില്‍ നിന്നും സീറ്റ് തിരികെ വാങ്ങി അദ്ദേഹത്തെ ഡല്‍ഹിയിലേക്ക് നിയോഗിക്കാനും പകരം സീറ്റ് സിപിഐ യ്ക്ക് നല്‍കാനുമുള്ള ഫോര്‍മുല ആദ്യം മുതല്‍ക്കേ ചര്‍ച്ചയിലുണ്ടായിരുന്നുവെങ്കിലും രാഷ്ട്രീയമായി ഇത് ഗുണമാകില്ലെന്നു കണ്ട് ഉപേക്ഷിച്ചിരിക്കുകയാണ്. ഇതോടെയാണ് മാധ്യമപ്രവര്‍ത്തകനായ ജോര്‍ജ് കള്ളിവയലിന് സാധ്യതയേറിയത്. ഡല്‍ഹിയിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എന്ന മികവും കേരള കോണ്‍ഗ്രസിന്റെ രാഷ്ട്രീയതന്ത്രജ്ഞത ഒരുക്കുന്നതിലെ വൈദഗ്ധ്യവും കണക്കിലെടുത്താണ് ജോര്‍ജ് കള്ളിവയലിനെ പരിഗണിക്കുന്നത്.
രാജ്യസഭാ സീറ്റ് ഉടനെ രാജി വയ്ക്കുമെന്ന് കഴിഞ്ഞദിവസം ജോസ്. കെ. മാണി പറഞ്ഞിരുന്നു. ആ സീറ്റ് കേരള കോണ്‍ഗ്രസിന് (എം) തന്നെ നല്‍കാനാണ് എല്‍ഡിഎഫിലെ ധാരണ. അടുത്തദിവസം ചേരുന്ന പാര്‍ട്ടി യോഗത്തില്‍ രാജ്യസഭ സീറ്റ് കാര്യം ചര്‍ച്ച ചെയ്തേക്കും. ജോസ് കെ. മാണി ഇപ്പോള്‍ രാജി വച്ചാലേ നിയമസഭയുടെ കാലാവധി തീരും മുന്‍പേ തെരഞ്ഞെടുപ്പ് നടത്താനാകൂ. സിപിഐഎം മത്സരിക്കുന്ന കാഞ്ഞിരപ്പള്ളി നിയമസഭാ സീറ്റ് കേരള കോണ്‍ഗ്രസ് (എം) ന് ലഭിക്കുമോ എന്നതിലുള്ള തീരുമാനം രാജ്യസഭാ സീറ്റ് നിര്‍ണയത്തെ ബാധിക്കില്ലെന്നാണ് ജോസ്.കെ. മാണിയോട് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന. കാഞ്ഞിരപ്പള്ളി സീറ്റ് വിട്ടുനല്‍കിയാലും സിറ്റിങ് എംഎല്‍എ ജയരാജിന് രാജ്യസഭയിലേക്ക് പോകാന്‍ താത്പര്യമില്ല. പകരം മറ്റേതെങ്കിലുമൊരു മണ്ഡലമാണ് പരിഗണിക്കുക. ആ നിലയ്ക്ക് ചങ്ങനാശേരിക്ക് സാധ്യതയുണ്ട് താനും. ജയരാജിനെ രാജ്യസഭയിലേക്ക് പരിഗണിക്കുന്നില്ലെങ്കില്‍ ജോര്‍ജ് കള്ളിവയലിനു തന്നെയാവും നറുക്കു വീഴുക. ഇതു സംബന്ധിച്ച പാര്‍ട്ടി യോഗം വൈകാതെ കോട്ടയത്ത് ചേരും.