കൊച്ചി: കാസര്‍ഗോഡ് ഫാഷന്‍ ജ്വല്ലറി തട്ടിപ്പ് കേസില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുള്ള എം.സി കമറുദ്ദീന്‍ എംഎല്‍എയുടെ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. ഇന്നലെ കാഞ്ഞങ്ങാട് ജില്ലാ ജയിലില്‍ റിമാന്റ് ചെയ്ത കമറുദ്ദീന്റെ ജാമ്യാപേക്ഷയില്‍ ഹൊസ്ദുര്‍ഗ് കോടതിയിലും ഇന്ന് ഉത്തരവുണ്ടാകും.
തട്ടിപ്പിന്റെ ബുദ്ധികേന്ദ്രം കമറുദ്ദീനാണെന്നും നിക്ഷേപകരെ വലയിലാക്കാന്‍ പ്രതി തന്റെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചെന്നും സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ സ്ഥാപനത്തിന്റെ നേരിട്ടുള്ള ചുമതലയില്‍ താനില്ലായിരുന്നെന്നും നിക്ഷേപകര്‍ സമീപിക്കേണ്ടിയിരുന്നത് കമ്പനി ലോ ബോര്‍ഡിനെ ആണെന്നുമാണ് കമറുദ്ദീന്റെ നിലപാട്.
ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ പ്രതി എംസി കമറുദ്ദീന്‍ എംഎല്‍എ സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ ഹൊസ്ദുര്‍ഗ് കോടതിയില്‍ ശക്തമായ വാദമാണ് കഴിഞ്ഞ ദിവസം നടന്നത്. കേസില്‍ തങ്ങള്‍ക്കെതിരെ ചുമത്തിയ 406, 409 വകുപ്പുകള്‍ നിലനില്‍ക്കില്ലെന്ന് പ്രതിഭാഗം പറഞ്ഞു. എന്നാല്‍ പൊതുപ്രവര്‍ത്തകന്‍ എന്ന നിലയിലല്ല കച്ചവടക്കാരന്‍ എന്ന നിലയിലാണ് ഐപിസി 409 ചുമത്തിയിരുക്കുന്നതെന്ന് കോടതി മറുപടി നല്‍കുകയും ചെയ്തു. കമറുദ്ദീന്‍ ഒപ്പിട്ട് നിയമ വിരുദ്ധ നിക്ഷേപങ്ങള്‍ വാങ്ങിയെന്നായിരുന്നു സര്‍ക്കാരിന്റെ വാദം.
എല്ലാത്തിനും ഉത്തരവാദി ജ്വല്ലറി എംഡി പൂക്കോയ തങ്ങളാണെന്ന് പ്രതിഭാഗം കോടതിയില്‍ വാദിച്ചു. പൂക്കോയ തങ്ങള്‍ ഒളിവിലായതിനാല്‍ രണ്ടാം പ്രതിയെ കസ്റ്റഡിയില്‍ വിടുന്നത് ശരിയല്ലെന്നും ദൈനംദിന കാര്യങ്ങളില്‍ ചെയര്‍മാന് പങ്കില്ലെന്നും പറഞ്ഞ പ്രതിഭാഗം, എംഎല്‍എയെ സമൂഹത്തിന് മുന്നില്‍ മോശക്കാരനാക്കാനുള്ള ശ്രമമാണ് കേസിന് പിന്നിലെന്നും വാദിച്ചു.










