കൊച്ചി: 93-ാമത് ഓസ്‌കാര്‍ പട്ടികയില്‍ നിന്ന് ജല്ലിക്കെട്ട് പുറത്തായി. മികച്ച വിദേശ ഭാഷ സിനിമകളുടെ പട്ടികയിലേക്കായിരുന്നു ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജല്ലിക്കെട്ട് പരിഗണിച്ചിരുന്നത്. വിദേശ ഭാഷ വിഭാഗത്തില്‍ ഇന്ത്യയില്‍ നിന്നുള്ള ഔദ്യോഗിക എന്‍ട്രിയായിരുന്നു ജല്ലിക്കട്ട്. എന്നാല്‍ അവസാന സ്‌ക്രീനിങ്ങില്‍ പുറത്താവുകയായിരുന്നു.
അതേസമയം പതിനഞ്ച് വിദേശ ഭാഷ ചിത്രങ്ങളാണ് അടുത്ത ഘട്ട നോമിനേഷനിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. മാര്‍ച്ച് പതിനഞ്ചിനാണ് നോമിനേഷനകളുടെ ഔദ്യോഗിക പ്രഖ്യാപനം. ഏപ്രില്‍ 25-നാണ് ഓസ്‌കാര്‍ അവാര്‍ഡുദാന ചടങ്ങ് നടക്കുക.
ഇന്ത്യന്‍ സിനിമകളെ അന്താരാഷ്ട്ര വേദികളിലെത്തിച്ച് ശ്രദ്ധേയയായ നിര്‍മാതാവ് ഗുനീത് മോംഗയായിരുന്നു ജല്ലിക്കെട്ടിന്റെ ഓസ്‌കാര്‍ കാമ്പയിന്‍ നയിച്ചിരുന്നത്. എസ്.ഹരീഷ് എഴുതിയ മാവോയിസ്റ്റ് എന്ന കഥയുടെ സ്വതന്ത്ര ആഖ്യാനമാണ് ജല്ലിക്കട്ട്. എസ്.ഹരീഷും ആര്‍.ജയകുമാറും ചേര്‍ന്നാണ് തിരക്കഥയെഴുതിയത്.
2019-ലെ ടൊറണ്ടോ ഇന്റര്‍നാഷ്ണല്‍ ഫിലിം ഫെസറ്റിവല്‍, ബുസാന്‍ ഇന്റര്‍നാഷ്ണല്‍ ഫിലിം ഫെസറ്റിവല്‍ എന്നിവടിങ്ങളില്‍ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. 50-ാമത് ഇന്റര്‍നാഷ്ണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യയില്‍ മികച്ച സംവിധായകനുള്ള പുരസ്‌കാരവും ലിജോ ജോസ് പല്ലിശ്ശേരിക്ക് ചിത്രം നേടിക്കൊടുത്തിരുന്നു. മികച്ച സംവിധായകനുള്ള കേരള സംസ്ഥാന ചലചിത്ര പുരസ്‌കാരവും ലിജോ ജോസ് പല്ലിശ്ശേരിക്ക് ലഭിച്ചിരുന്നു.