ഇന്ത്യയില്‍ നിന്നുള്ള ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രിയായി ലിജോ ജോസ് പെല്ലിശേരിയുടെ ജല്ലിക്കെട്ടിനെ തെരഞ്ഞെടുത്തു. ഫിലിം ഫെഡറേഷന് ഓഫ് ഇന്ത്യയാണ് ഇക്കാര്യം അറിയിച്ചത്. 93ാമത് ഓസ്കാർ പുരസ്കാരത്തിന് മികച്ച അന്താരാഷ്ട്ര ഫീച്ചർ ഫിലിം കാറ്റഗറിയിലേക്കാണ് ജെല്ലിക്കെട്ടിനെ തെരഞ്ഞെടുത്തിരിക്കുന്നത്. 2011 ന് ശേഷം ഔദ്യോഗിക എന്‍ട്രിയാകുന്ന മലയാള ചിത്രമാണ് ജെല്ലിക്കെട്ട്.
അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ മികച്ച പ്രതികരണമാണ് ജെല്ലിക്കെട്ട് നേടിയത്. കഴിഞ്ഞ തവണത്തെ ഐഎഫ്എഫ്ഐയില്‍ മത്സരവിഭാഗത്തിലെ ജനപ്രിയ ചിത്രത്തിനുള്ള രജത ചകോരം ജല്ലിക്കട്ട് നേടിയിരുന്നു, സംവിധാനത്തിനുള്ള പ്രത്യേക ജൂറി പരാമര്‍ശം ലിജോയ്ക്ക് ലഭിക്കുകയും ചെയ്തിരുന്നു. മറ്റ് നിരവധി പുരസ്‌കാരങ്ങളും ചിത്രത്തിന് ലഭിച്ചിരുന്നു.
എസ് ഹരീഷിന്റെ മാവോയിസ്റ്റ് എന്ന കഥയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ലിജോ ചിത്രം ഒരുക്കിയത്. എസ് ഹരീഷും ആര്‍ ജയകുമാറും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയത്. ടൊറന്‍റോ ഫിലിം ഫെസ്റ്റിവലിലെ പ്രീമിയറിനു ശേഷമായിരുന്നു റിലീസ്. ആന്റണി വർഗീസ്, ചെമ്പൻ വിനോദ്, ശാന്തി ബാലചന്ദ്രൻ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ.












