ഇന്ന് ജന്‍മാഷ്ടമി. ശ്രീക്യഷ്ണന്‍ ജനിച്ച ദിവസം എന്നാണ് സങ്കല്‍പ്പം. ക്യഷ്ണന്റെ ജന്മസ്ഥലം മഥുരയാണെന്ന് വിശ്വസിക്കുന്നു. ഉത്തര്‍പ്രദേശിലെ മഥുരയിലുള്ള ഈദ്ഖാ പള്ളിയുടെ ചുമരിനോട് ചേര്‍ന്നാണ് ക്യഷ്ണന്റെ ജന്‍മമെന്ന വിശ്വാസത്തില്‍ അവിടെ ഒരു അമ്പലവും പണിതിട്ടുണ്ട്. 1992 ഡിസംബര്‍ 6ന് അയോധ്യയില്‍ കര്‍സേവ നടന്നപ്പോള്‍ ഉയര്‍ന്ന ഒരു മുദ്രാവാക്യം ഉണ്ട്. ‘യേ തോ സിര്‍ഫ് ജാന്‍കി ഹേ, അബ് കാശി മഥുര ബാക്കി ഹേ..’ അതായത് ഇപ്പോള്‍ അയോധ്യയില്‍ നടന്നത് ഒരു സൂചന മാത്രമാണെന്നും, കാശിയിലും മഥുരയിലും ബാക്കി ഉണ്ടെന്നാണ് മുദ്രാവാക്യം. ഈ മുദ്രാവാക്യം ബജ്രഗ്ദള്‍, വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍ വിളിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി.
മധുരയില്‍ ശ്രീക്യഷ്ണ ജന്‍മസ്ഥലം എന്ന് വിശ്വസിക്കിക്കുന്നതിന് ചേര്‍ന്നുള്ള ഈദ്ഖാ പള്ളിയും സംഘര്‍ഷ ഭൂമിയാണ്. അതും പൊളിക്കുമെന്നാണ് ഭീഷണി. രണ്ടിടങ്ങളിലായ കാശിയിലും, മഥുരയിലും ശക്തമായ പോലീസ് വിന്ന്യാസം ഇപ്പോഴുണ്ട്. അയോധ്യയിലും പോലീസ് വിന്ന്യാസം ഉണ്ടായപ്പോഴാണ് ബാബറി മസ്ജീദ് തകര്‍ക്കപ്പെട്ടത്. ഇന്ത്യയെ ഒരു ഹിന്ദു രാഷ്ട്രമാക്കുവാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് ചുരുക്കി പറയാം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരണസിയിലെ ഗ്യാന്‍വാപി മുസ്ലീം പള്ളി തകര്‍ക്കപെടുവാനുള്ള എല്ലാ സാഹചര്യങ്ങളും ഉണ്ട് എന്ന് വേണം മനസിലാക്കാന്‍. കാശി വിശ്വനാഥ ക്ഷേത്രത്തോട് ചേര്‍ന്ന് നില്‍ക്കുന്ന ഗ്യാന്‍വാപി പള്ളി പൊളിക്കണമെന്ന് ഹിന്ദു സംഘടനകള്‍ വര്‍ഷങ്ങളായി ആവശ്യപ്പെടുന്നതാണ്. അങ്ങനെ സംഭവിച്ചാല്‍ ബിജെപിക്ക് രാജ്യത്തെ ഹിന്ദുക്കളുടെ വോട്ട് വന്‍ തോതില്‍ ലഭിക്കുമെന്നാണ് കണക്ക് കൂട്ടല്‍. അയോധ്യ പോലെ തന്നെയാണ് കാശിയും, മഥുരയും. മൂന്നിടത്തും ക്ഷേത്രവും പള്ളിയും ചേര്‍ന്നാണ് നിലനില്‍ക്കുന്നത്.
ഇത് ഇന്ത്യന്‍ മതേതര വിശ്വാസികളുടെ മനസിലെ കനലായി വര്‍ഷങ്ങളായി എരിയുകയാണ്. വര്‍ഷങ്ങളായി ഉയരുന്ന മുദ്രാവാക്യം ഞെട്ടലോടെ കാതുകളില്‍ മുഴങ്ങുന്നു. രാമജന്‍മഭൂമി വിഷയത്തില്‍ ബാബറി മസ്ജീദ് തകര്‍ത്ത് അവിടെ രാമ ക്ഷേത്രം ഉയരാന്‍ ഒരുങ്ങുന്നു. പ്രക്യതിയെ തകര്‍ക്കുന്ന നിയമം നടപ്പിലാക്കാന്‍ കേന്ദ്രം തീരുമാനിച്ചു. 14 ലക്ഷം പരാതി ലഭിച്ചത് ഒരു തടസമാകുമെന്ന് തോന്നുന്നില്ല. മൃഗീയ ഭൂരിപക്ഷമുണ്ടല്ലോ… താമസിയാതെ നമ്മുടെ മതേതരത്ത്വം തകരുമോ…? കാത്തിരുന്ന കണ്ട് നമുക്ക് ഞെട്ടിത്തരിക്കാം…