പനാജി: കോവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഗോവയില്‍ ഇന്നുമുതല്‍ ജനതാ കര്‍ഫ്യു പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. ഇന്ന് രാത്രി 8 മണി മുതല്‍ രാവിലെ 6 മണി വരെയാണ് കര്‍ഫ്യൂ. ഇത് ഓഗസ്റ്റ് 10 വരെ നീണ്ടു നില്‍ക്കുമെന്നും മുഖ്യമന്ത്രി പ്രമോദ് സാവന്ത് അറിയിച്ചു.
അതേസമയം ഈ ആഴ്ച്ച വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. ജൂലൈ 16ന് രാത്രി ആരംഭിക്കുന്ന സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ജൂലൈ 20 രാവിലെ വരെ നീണ്ടുനില്‍ക്കും. ഈ ദിവസങ്ങളില്‍ മെഡിക്കല്‍ സേവനങ്ങള്‍ മാത്രമെ അനുവദിക്കുകയുള്ളൂ എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പുകളും അഭ്യര്‍ത്ഥനകളും മാനിക്കാതെ സാമൂഹിക അകലം പാലിക്കാതെയും മാസ്ക്ക് ധരിക്കാതെയും ജനങ്ങള്‍ പുറത്തിറങ്ങുന്നത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് സര്‍ക്കാരിന്‍റെ തീരുമാനം. മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയതിന് 40,000ത്തോളം പേരില്‍നിന്നാണ് പിഴ ഈടാക്കിയതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.











