ശ്രീനഗര്‍: രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്കൊരുങ്ങി ജമ്മു കശ്മീര്‍ സര്‍ക്കാര്‍. സംസ്ഥാനത്തിന്റെ സുരക്ഷയിലും നിയമവ്യവസ്ഥയിലും വീഴ്ച്ച വരുത്തിയ ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്നും പിരിച്ചുവിടാനാണ് തീരുമാനം.1000 ജീവനക്കാരുടെ പട്ടിക സര്‍ക്കാര്‍ തയ്യാറാക്കിയതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.
നിയമവീഴ്ച്ച വരുത്തിയ ഉദ്യോഗസ്ഥരെ കണ്ടെത്തുന്നതിനായി സര്‍ക്കാര്‍ പ്രത്യേക സമിതി രൂപീകരിച്ചു. ചീഫ് സെക്രട്ടറി ബിവിആര്‍ സുബ്രഹ്മണ്യം സമിതിക്ക് നേതൃത്വം നല്‍കും. ആഭ്യന്തര സെക്രട്ടറി,പോലീസ് മേധാവി എന്നിവരും സമിതിയില്‍ ഉണ്ട്.ആഭ്യന്തര വകുപ്പിന്റെയും പോലീസിന്റെയും മുന്‍കാല റിപ്പോര്‍ട്ടുകള്‍ സമിതി വിശകലനം ചെയ്യും.
ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ 311-ാം വകുപ്പ് പ്രകാരമാണ് ഇത്തരക്കാര്‍ക്കെതിരെ നടപടി.സമിതിയുടെ നിര്‍ദ്ദേശ പ്രകാരം ഇത്തരം ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രത്യക്ഷമായോ പരോക്ഷമായോ അച്ചടക്ക നടപടി സ്വീകരിക്കും. രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തുന്നതിന്റെ ഭാഗമായി ഉദ്യോഗസ്ഥരുടെ സമൂഹ മാധ്യമ അക്കൗണ്ടുകളും സൂക്ഷ്മമായി നിരീക്ഷിക്കും. കേന്ദ്രഭരണ പ്രദേശങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയുണ്ടാക്കുന്ന പ്രവൃത്തികളില്‍ ഏര്‍പ്പെടുന്ന ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ പൊതുഭരണ വകുപ്പിന് കൈമാറും. തുടര്‍ന്ന് പോലീസിന് കൂടുതല്‍ അന്വേഷണം നടത്താതെ തന്നെ കുറ്റക്കാര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാം.