കുട്ടനാട് സീറ്റില്‍ ജേക്കബ് എബ്രഹാമിനെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയാക്കാന്‍ യു.ഡി.എഫ് തീരുമാനം. ജോസ് കെ മാണിയോടുള്ള നിലപാട് പുന:പരിശോധിക്കില്ലെന്ന് യു.ഡി.എഫ് യോഗം കഴിഞ്ഞിറങ്ങിയ പിജെ ജോസഫ് പ്രതികരിച്ചു. ജോസ് വിഭാഗത്തോട് ഇനിയൊരു ചര്‍ച്ചയോ സംവാദമോ ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
യു.ഡി.എഫ് തികഞ്ഞ ആത്മവിശ്വാസത്തിലാണെന്നും രാഷ്ട്രീയ സാഹചര്യം യു.ഡി.എഫിന് അനുകൂലമാണെന്നും ജേക്കബ് എബ്രഹാം വ്യക്തമാക്കി.വെര്‍ച്വല്‍ യു.ഡി.എഫ് യോഗമാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും പി.ജെ ജോസഫ് അടക്കമുള്ള നേതാക്കള്‍ നേരിട്ട് കന്റോണ്‍മെന്റ് ഹൗസിലെത്തിയാണ് യോഗത്തില്‍ പങ്കെടുത്തത്. കഴിഞ്ഞ തവണ തോമസ് ചാണ്ടിക്കെതിരേയും കുട്ടനാട്ടില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ജേക്കബ് എബ്രഹാമായിരുന്നു.
അതേസമയം ജോസ് കെ മാണി പക്ഷത്തിന് രണ്ടില ചിഹ്നം അനുവദിച്ച കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഉത്തരവിന് എതിരെ പി.ജെ ജോസഫ് കേരള ഹൈക്കോടതിയെ സമീപിച്ചു. തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം നിയമപരമായി നിലനില്‍ക്കില്ലെന്ന് പി.ജെ ജോസഫിന്റെ ഹര്‍ജിയില്‍ പറയുന്നു.
വസ്തുതകള്‍ പരിശോധിക്കാതെയാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ജോസ് പക്ഷത്തിന് ചിഹ്നം അനുവദിച്ചത്. 450 അംഗ സംസ്ഥാന സമിതിയില്‍ 305 പേരുടെ നിലപാട് മാത്രം കണക്കിലെടുത്താണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഉത്തരവ്. കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ആയി ചുമതല ഏല്‍ക്കുന്നതില്‍ നിന്ന് മജിസ്‌ട്രേറ്റ് കോടതി ജോസ് കെ മാണിയെ വിലക്കിയിട്ടുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു. ഹര്‍ജി ഹൈക്കോടതി നാളെ പരിഗണിച്ചേക്കും.