ജെ.സി തോമസ്
ഉള്ളിക്ക് ചിക്കന്റെ വില. നമ്മുടെ ധനമന്ത്രി ഉള്ളി ഉപയോഗിക്കാത്തത് ഭാഗ്യം. അല്ലെങ്കില്‍ ഇനിയും ധനക്കമ്മി കൂടിയേനെ . പക്ഷെ ഉള്ളിയില്ലാതെ ചിക്കന്‍ ഉണ്ടാക്കാം. അമേരിക്കന്‍ പ്രസിഡന്റ് നിക്‌സണ്‍ ഈ കോഴി വിഭവം ആവര്‍ത്തിച്ചു വാങ്ങി കഴിച്ചത്രേ. 1972 -ലെ ചൈന സന്ദര്‍ശനത്തിന്റെ ഇടയിലായിരുന്നീ സാഹസം. (പക്ഷെ പ്രസിഡന്റ് ട്രംപ്, ഉത്തരകൊറിയന്‍ ഉന്നിനെ കാണാന്‍ സിംഗപ്പൂരില്‍ പോയപ്പോള്‍ ഈ കോഴി തട്ടി മാറ്റിയത്രേ.)
ബഗ്ഗര്‍ ചിക്കന്റെ തുടക്കം രസാവഹമാണ്. പല കഥകള്‍ ഉണ്ടെങ്കിലും ഇത് കേള്‍ക്കാം. എല്ലാ കഥയിലെയും നായകന്‍ യാചകന്‍ തന്നെ.
ക്വിങ് രാജകുലം ചൈന വാണിരുന്ന പതിനേഴാം നൂറ്റാണ്ട് കാലം. വിശന്നു വലഞ്ഞ ചാങ്ഷു എന്ന സ്ഥലത്തിലെ യാചകന്‍ ഒരു കര്‍ഷകന്റെ കോഴിക്കൂടില്‍ നിന്നും കോഴിയെ മോഷ്ടിച്ചു. പക്ഷെ ഉടമ വിടുമോ? കള്ളന്റെ പിന്നാലെ അയാള്‍ പാഞ്ഞു. പിച്ചക്കാരന്‍ നദിക്കരയില്‍ അത് കുഴിച്ചിട്ടു. പിന്നെ പമ്പ കടന്നു. ഉടമ പോയി എന്ന് ഉറപ്പു വരുത്തിയ യാചകന്‍ വിശപ്പ് കൂടിയതിനാല്‍ ചെളി പോലും നീക്കാതെ ഒരു താമരയിലയില്‍ പൊതിഞ്ഞു കോഴിയെ തീകുണ്ഡത്തില്‍ ഇട്ടു.
ചൂട് കൊണ്ട് ചെളിയും കളിമണ്ണും ഉറച്ചു. ആ കൂടു പൊട്ടിച്ചപ്പോള്‍ തൂവല്‍ എല്ലാം കൊഴിഞ്ഞു നല്ല രുചിയുള്ള കോഴി വിഭവം തയ്യാര്‍ . അയാളുടെ കച്ചവടക്കണ്ണു തുറന്നു. അയാള്‍ ഇത്തരം കളി മണ്ണിലും താമര ഇലയിലും പൊതിഞ്ഞു ചുട്ട കോഴി വില്‍ക്കാന്‍ തുടങ്ങി. എന്തിനേറെ ആ വിഭവത്തിന്റെ പ്രശസ്തി ചക്രവര്‍ത്തിയുടെ ചെവിയിലും എത്തി. അമാന്തിച്ചില്ല, ഹാനിലെ ഗൗസു ചക്രവര്‍ത്തി താമസിയാതെ യാചകന്റെ കുടില്‍ സന്ദര്‍ശിച്ചു.രാജകൊട്ടാരത്തിലെ തീന്‍ മേശയില്‍ ഇതൊരു വിഭവമാവാനും താമസമുണ്ടായില്ല.
ഈ കഥയുടെ കാലഘട്ടത്തില്‍ ചൈനയുടെ ചക്രവര്‍ത്തി കനത്ത നികുതിയും ചുങ്കവും ചെലുത്തി, ഏറെ കുലീനരും പണക്കാരും പിച്ചക്കാരായി. കുടുംബങ്ങള്‍ ശിഥിലമായി. മോഷണം പെരുകി. അതൊലൊരാള്‍ വിശന്നു തളര്‍ന്നു വീണു, കൂട്ടുകാര്‍ അയാള്‍ക്ക് കൊടുക്കാനായി ഒരു കോഴിയെ മോഷ്ടിച്ച് മണ്ണും താമര ഇലയും പൊതിഞ്ഞു കനല്‍ കൂനയില്‍ ഇട്ടു. പുറത്തെടുത്തപ്പോള്‍ പൊന്തിയ മണം നാട്ടുകാര്‍ ആസകലം അവിടേയ്ക്കു ആകര്‍ഷിച്ചു. ഇത് കഥയുടെ മറ്റൊരു വകഭേദം.
കൊറോണക്കാലത്ത് ഹാങ്ഷൗവിലെ പ്രസിദ്ധമായ പിച്ചക്കാരന്റെ കോഴിക്കടകള്‍ പൂട്ടിപ്പോയി. സിംഗപ്പൂരിലെ ജിയാങ് നാന്‍ സ്പ്രിങ് എന്ന മേല്‍ത്തരം ഭക്ഷണശാലയില്‍ ഒരു പിച്ചക്കാരന്റെ ചിക്കന് വില അയ്യായിരം രൂപ മാത്രം. ട്രോളിയില്‍ കൊണ്ട് വരുന്ന ആവി പറക്കുന്ന കോഴിപ്പൊതി കൂറ്റന്‍ ചുറ്റികകൊണ്ട് നമ്മുടെ മുന്നില്‍ വെച്ചാണ് പൊട്ടിക്കുക . പലരുടെയും കീശ കാലിയാക്കുന്ന വിഭവം!
‘നദിയുടെ തെക്ക്’എന്നാണ് ജിയാങ് നാന്‍ എന്ന പദം അര്‍ഥമാക്കുന്നത്. നദി, 5400 കിലോമീറ്ററില്‍ ഒഴുകുന്ന യാങ്‌റ്റെസ് ആണ്. ചൈനയുടെ ദുഃഖം എന്നര്‍ഥമുള്ള മഞ്ഞ നദി (യെല്ലോ റിവര്‍) ആയിരുന്നു കൂടുതല്‍ ചേര്‍ച്ചയുള്ള പേരെന്നു തോന്നി. പണക്കാരുടെയും കുലീനരുടെയും കോഴി എന്നും പൊതിഞ്ഞ കോഴി എന്നും പേരുണ്ടിതിന്. ഉള്ളി-മസാല രഹിത കോഴി നമുക്കും ഒന്ന് ഉണ്ടാക്കിയാലോ?
വാല്‍ കഷണം
അമേരിക്കന്‍ ചില്ലറ വില്പന ഭീമന്‍ വാള്‍മാര്‍ട്ട് സവാള വാങ്ങുന്നതിനു ചില നിബന്ധനകള്‍ വെച്ചിട്ടുണ്ടത്രെ. രണ്ടിഞ്ച് ചതുരത്തിലെ ഓട്ടയുള്ള അരിപ്പ. അതിലൂടെ കടന്നു പോകാത്ത ഉള്ളി മാത്രം സ്വീകാര്യം. ബാക്കി തിരികെ ഭൂമിക്ക് വളമായി മാറും. അതെങ്കിലും നമുക്ക് കിട്ടിയിരുന്നെങ്കില്‍!

















