ജെ സി തോമസ്
കുറിക്കു കൊള്ളുന്ന പഴമൊഴികള്‍ പണ്ടേ നമുക്ക് സ്വന്തമായിരുന്നു. വെളുക്കാന്‍ തേച്ചത് പാണ്ടായി മറ്റൊരു കിടിലന്‍ വായ് മൊഴി. പക്ഷെ സായിപ്പു കോളനി അധിനിവേശത്തിന്റെ കുറ്റി അടിച്ചു നമ്മുടെ ബൗദ്ധികാവകാശം കവര്‍ന്നെടുത്തു. മൂര്‍ഖന്‍ എഫെക്ട് (Cobra effect) എന്നൊരു പ്രയോഗം ഉരുത്തിരിഞ്ഞു. ദില്ലിയില്‍ സായിപ്പിനെ വരവേറ്റത് മൂര്‍ഖന്‍ പട. ബീര്‍ബലിന്റെ നാട്ടില്‍ അവര്‍ക്കൊരു ബോധോദയം. പിടിച്ചു കൊണ്ട് വന്നു കാണിക്കുന്ന ഓരോ മൂര്‍ഖന്റെ ജഡത്തിനും ഒരു വെള്ളി രൂപ പാരിതോഷികം കിട്ടുമെന്നായപ്പോള്‍ നാട്ടുകാര്‍ അഹമഹിയാ പാമ്പ് പിടിത്തത്തിനിറങ്ങി. മൂര്‍ഖന്റെ ജനസംഖ്യ ഗണ്യമായി കുറഞ്ഞു. (ചത്ത പാമ്പിന്റെ പടം-തോല്‍ ) ആണെങ്കിലും മതിയെന്നു പറഞ്ഞതുകൊണ്ട്, പൊഴിഞ്ഞ പടങ്ങളും സന്നിധിയില്‍ എത്തി).
പക്ഷെ നാമുണ്ടോ തോല്‍ക്കുന്നു? വീടുകളിലും, പറമ്പുകളിലും കാവുകളിലും മൂര്‍ഖന്‍ കൃഷി തുടങ്ങി. നേരത്തെ മുഖം കാണിച്ച ‘മരിച്ചു ജീവിച്ച’ മൂര്‍ഖന്മാരെ തിരിച്ചും എത്തിച്ചു. കെണി മനസ്സിലാക്കിയ ബ്രിട്ടീഷുകാര്‍ പാരിതോഷികം പൊടുന്നനെ നിര്‍ത്തലാക്കി.
പാരിതോഷികം മുടങ്ങിയതോടെ, പാമ്പുകളെ അവര്‍ വീട്ടില്‍ നിന്നും ഇറക്കി. മുമ്പത്തേക്കാള്‍ മൂര്‍ഖന്മാര്‍ ദില്ലിയിലെ നിരത്തുകളില്‍ വിരാചിച്ചു .എന്തിനധികം,’ശങ്കരന്‍ തെങ്ങേല്‍ ‘ തന്നെ കൂടണഞ്ഞു.
ഒരു നോട്ടക്കുറവ്, ഒരു പരസ്യവാചകത്തിലെ തെറ്റ്, ദീര്‍ഘ വീക്ഷണം ഇല്ലായ്മ , ഇതൊക്കെ ഈ എഫക്ട് വിളിച്ചു വരുത്തും. ഗോതമ്പ് പൊടി കുഴയ്ക്കാനായി കെന്റ് ഇറക്കിയ യന്ത്രത്തിനായി ഹേമമാലിനി അഭിനയിച്ച പരസ്യം’ ആട്ട കുഴയ്ക്കുന്നത് ഇപ്പോഴും നിങ്ങളുടെ വാല്യക്കാരിയാണോ? അവരുടെ കൈകളില്‍ അണു ബാധ ഉണ്ടായേക്കാം’. വാല്യക്കാരികളുടെ പ്രതിഷേധം മൂലം ഈ പരസ്യം പിന്‍വലിക്കേണ്ടി വന്നു.
മറ്റു ചില മൂര്‍ഖന്‍ എഫെക്ട് ഇതാ:
യാത്രക്കാരുടെ ശുഭയാത്രക്കായി എയര്‍ ബസ് അവരുടെ അ 380 വിമാനം ഏതാണ്ട് ശബ്ദ രഹിതമാക്കി. പക്ഷെ ശുചിമുറിയിലെ നേരിയ ഒച്ചപോലും പുറത്തു കേള്‍ക്കാനായി. പൂര്‍വ ശബ്ദമാനമായ രൂപകല്‍പ്പനയിലേക്കു മടങ്ങാന്‍ അമാന്തിച്ചില്ല എയര്‍ ബസ്.
വാഹനമലിനീകരണം കൊണ്ട് പൊറുതിമുട്ടിയ മെക്‌സിക്കന്‍ സര്‍ക്കാര്‍, ഒറ്റ ഇരട്ട നമ്പറുകളുള്ള കാറുകള്‍ ഒന്നിടവിട്ടുള്ള ദിവസങ്ങളില്‍ നിരോധിച്ചു. (ഏതാണ്ട് കെജ്രിവാള്‍ ചെയ്തതുപോലെ). കാര്‍പൂള്‍, ടാക്‌സി, പൊതുഗതാഗതം എന്നിവയൊക്കെ ജനങ്ങള്‍ പയറ്റി. പക്ഷെ ബുദ്ധിരാക്ഷസന്മാര്‍, ഏറ്റവും പഴഞ്ചന്‍ സെക്കന്റ് ഹാന്‍ഡ് കാറുകള്‍ വാങ്ങി. തങ്ങളുടെ ആദ്യത്തെ കാറിന്റെ നമ്പര്‍ ഒറ്റയാണെങ്കില്‍, ഇരട്ടയും, മറിച്ചും സെക്കന്റ് ഹാന്‍ഡ് കാറിനാണെന്നു ഉറപ്പു വരുത്തി. അന്തരീക്ഷമലിനീകരണം പതിന്മടങ്ങു കൂടി എന്ന് ചുരുക്കം.
റെയില്‍വേ കോച്ചുകളില്‍ വശങ്ങളില്‍ രണ്ടു ബെര്‍ത്ത് ആണ് , യാത്രക്കാരുടെ എണ്ണം കൂട്ടാനായി ഇത് മൂന്നാക്കാന്‍ തീരുമാനിച്ചു. കോടികളുടെ ചെലവ് വന്ന പദ്ധതി പ്രാവര്‍ത്തികമായപ്പോള്‍, യാത്രക്കാര്‍ മുറുമുറുത്തു. കയറാനും ഇറങ്ങാനും ഏറെ കഷ്ടം. മൂന്നാം ബെര്‍ത്തിലാണെകില്‍ അവര്‍ യാത്ര റദ്ദാക്കി . അവസാനം, റെയില്‍വേ തന്നെ ഈ മൂന്നാം ബര്‍ത്ത് അഴിച്ചു, പൂര്‍വാധികം ചിലവോടെ.( കോവിഡ് ആയി വാര്‍ഡുകള്‍ മാറ്റിയ കോച്ചുകളും ആവശ്യക്കാരില്ലാത്തതിനാല്‍ പഴയ സ്ഥിതിയിലാക്കി)
ബോയിങ്ങ് കമ്പനിക്കും കിട്ടി ഒരടി
ബോയിങ്ങ് MAX ശ്രേണിയിലെ വിമാനത്തിലെ ഓട്ടോമേറ്റഡ് ഫ്‌ലൈറ്റ് കണ്‍ട്രോളിന് (Maneuvering Characteristics Augmentation System MCAS ), മുന്‍പ് വിമാനത്തിന്റെ കൂടെയായിരുന്നു വിലയിട്ടത്, അല്പം പണം ഉണ്ടാക്കാമെന്ന് കരുതി, അവര്‍ അത് ഓപ്ഷണല്‍ ആക്കി. അതായതു വേണമെങ്കില്‍ അധികം പണം കൊടുത്തു വാങ്ങണം. അല്പം പണം ലഭിക്കാമെന്നു കരുതി, ഉപഭോക്താക്കള്‍ MCAS ഇല്ലാതെ വിമാനം വാങ്ങി. അധികം താമസിച്ചില്ല, അത്തരം വിമാനങ്ങള്‍ ഒന്നൊന്നായി മൂക്ക് കുത്തി തകര്‍ന്നു വീണു, അങ്ങനെ MAX ശ്രേണിക്ക് വിലക്കും. ഉണ്ടായിരുന്ന ഓര്‍ഡറുകള്‍ റദ്ദായി .എന്തിനധികം, ബോയിങ് ഏതാണ്ട് പാപ്പരായി.
മാര്‍ക്ക് ടൈ്വന്‍ തന്റെ ആത്മകഥയില്‍ ഭാര്യയുടെ അനുഭവം പങ്കു വെയ്ക്കുന്നു. ‘ഈച്ച ശല്യം രൂക്ഷമായപ്പോള്‍ അവര്‍ ജോര്‍ജിനെ ഈച്ചകളെ കൊല്ലാന്‍ ഏര്‍പ്പാടാക്കി. ചത്ത ഈച്ചയ്ക്കു പ്രതിഫലവും വാഗ്ദാനം ചെയ്തു, ജോര്‍ജ് കൂട്ടുകാരെയെല്ലാം അതിലും കുറഞ്ഞ പ്രതിഫലത്തിന് ജോലി ഏല്പിച്ചു, ഫലമോ ദിവസവും മദാമ്മ സമക്ഷം നൂറു കണക്കിന് ചത്ത ഈച്ചകള്‍ .’
ആപ്പിളിന്റെ ഐ ഫോണ്‍
മുഹമ്മദ് ബിന്‍ തുക്ലക് ഇപ്പോഴും ജീവിക്കുന്നതിന്റെ ഒരു ഉദാഹരണം ആപ്പിളിന്റെ ഐ ഫോണ്‍ തന്നെ.
2017 ല്‍ ആപ്പിള്‍ കമ്പനി കുമ്പസാരിച്ചു. ‘പഴയ ഐ ഫോണിന്റെ വേഗത ബാറ്ററി പഴകും തോറും കുറയും’. പക്ഷെ കസ്റ്റമര്‍ക്കായി അവര്‍ 79 ഡോളര്‍ വിലയുള്ള ബാറ്ററി 29 ഡോളറിന് നല്‍കുന്നു. ഫോണ്‍ മാറുന്നതിനു പകരം കൂടുതല്‍ പേരും ബാറ്ററി മാറ്റി. ഫലമോ ആപ്പിളിന് ഈ വര്‍ഷം ആദ്യം 90 ലക്ഷം ഡോളറിന്റെ (600 കോടി രൂപ ) യുടെ നഷ്ടം ഈ മൂര്‍ഖന്‍ എഫക്ട് വരുത്തിയത്രെ.
ചൈനയുടെ ‘ചതുര്‍ ക്ഷുദ്രജീവി’ ഉച്ഛാടനം
ചൈനയുടെ ഭരണാധികാരിയായിരുന്ന മാവോ സേതുങ് തുടക്കമിട്ടു, രോഗവ്യാപനത്തിനു കാരണമായ കൊതുക്, എലി, ഈച്ച, അങ്ങാടിക്കുരുവികള്‍ എന്നിവയെ നിര്‍മ്മാജനം ചെയ്യാന്‍. അങ്ങാടിക്കുരുവികള്‍ ചത്തൊടുങ്ങിയപ്പോള്‍, കീടങ്ങള്‍ കൃഷി എല്ലാം തിന്നൊടുക്കി, കടുത്ത ക്ഷാമത്തിന് താമസമുണ്ടായില്ല. മലേഷ്യയിലെ എണ്ണപ്പന തോട്ടങ്ങളില്‍ എലിശല്യം. അതിനെ അവര്‍ തോട്ടത്തില്‍ പാമ്പുകളെ വളര്‍ത്താന്‍ തുടങ്ങി, പിന്നീട് കീരിയെയും പരുന്തിനെയും തേടേണ്ടി വന്നു അവര്‍ക്ക്.
ഫ്രഞ്ച് മീന്‍ വലകള്‍
എണ്‍പതുകളില്‍ ഫ്രഞ്ച് സര്‍ക്കാര്‍, നോര്‍മണ്ടി തീരത്തു.മല്‍സ്യങ്ങളുടെ സംരക്ഷണത്തിനായി കടലില്‍ അശ്രദ്ധമായി ഒഴുകി നടക്കുന്ന മീന്‍ വലകള്‍ (പ്രേത വലകള്‍) തിരിച്ചെത്തിച്ചാല്‍ പാരിതോഷികം പ്രഖ്യാപിച്ചു. തിരിച്ചെത്തിച്ചവയില്‍ ഒഴുകിനടക്കുന്ന വലകള്‍ കുറവായിരുന്നു, ഏറെയും നല്ല വലകള്‍ കുത്തികീറിയവയായിരുന്നു.
മറ്റൊരു ബൂമറാങ്
കമ്പനി അവരുടെ ഉദ്യോഗസ്ഥര്‍ക്ക് കാര്‍ കൊടുത്തു, ഓഫീസില്‍ വരാനും പോകാനും വാരാന്ത്യങ്ങളില്‍ കുടുംബവുമായി യാത്രക്കും ഇന്ധനം സൗജന്യം. ഇന്ധന വില കുത്തനെ ഉയര്‍ന്നപ്പോള്‍ കമ്പനി കണ്ടെത്തിയത് ചിലര്‍ താരതമ്യേന മറ്റുള്ളവരെക്കാളും കൂടുതല്‍ കിലോമീറ്റര്‍ ഓടിക്കുന്നു എന്നാണ്. പേര് പറയാതെ കമ്പനി ഓരോരുത്തരുടെയും ഇന്ധനചെലവ് പരസ്യപ്പെടുത്തി. കൂടുതല്‍ ഉപയോഗിച്ചവര്‍ മന:സാക്ഷി കുത്തു മൂലം ഉപയോഗം കുറയ്ക്കുമെന്ന് കരുതി. പക്ഷെ സംഭവിച്ചത് മറിച്ചാണ്, കുറച്ചു ഉപയോഗിക്കുന്നവരും വാശിയോടെ കൂടുതല്‍ ഇന്ധനം കത്തിച്ചു. ഫലത്തില്‍ മുന്‍പത്തെക്കാളും ഇരട്ടിയായി ബില്ല്.
(ഒരു ഓസ്‌ട്രേലിയന്‍ ഉല്‍പ്പന്നമാണീ ബൂമറാങ്, പറത്തിയാല്‍ തിരിച്ചെത്തുന്ന ‘റ’ പോലുള്ള കളിപ്പാട്ടം)
പന്നി വാല്‍, എലിവാല്‍
അമേരിക്കയിലെ ജോര്‍ജിയയില്‍ പന്നി ശല്യം. പന്നിയുടെ വാലൊന്നിന് 40 ഡോളര്‍ കണക്കിന് പാരിതോഷികം ഏര്‍പ്പെടുത്തി. …….പലരും പന്നി കൃഷിയിലേക്കു തിരിഞ്ഞു . ഇത് ഈ നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ആയിരുന്നു.
വിയറ്റ്‌നാം ഫ്രഞ്ച് കോളനി ആയിരുന്നപ്പോള്‍ ഗ്രാമങ്ങളില്‍ എലി ശല്യം രൂക്ഷമാണെന്നു കണ്ടെത്തി(1902). കൊല്ലുന്ന ഓരോ എലിക്കും അവര്‍ പാരിതോഷികം നല്‍കി.തെളിവായി എലിയുടെ വാല്‍ കൊണ്ടുവരണം. വാലില്ലാത്ത എലികള്‍ എങ്ങും പാഞ്ഞു നടന്നു. ബുദ്ധിരാക്ഷസന്മാര്‍, എലിയുടെ വാല് മുറിച്ചു പെറ്റുപെരുകാനായി ഓടകളില്‍ വിട്ടു. താമസിയാതെ എലിശല്യം മുന്‍പത്തേക്കാളും രൂക്ഷമായി.
കോണ്‍ഗ്രസ് പച്ച, അരിപ്പൂച്ചെടി (Lantana cam-ara)
പത്തൊമ്പതാം നൂറ്റാണ്ടില്‍ അലങ്കാര സസ്യമായി ബ്രിട്ടീഷുകാര്‍ എത്തിച്ച അരിപ്പൂച്ചെടി പെട്ടെന്ന് ഇന്ത്യയിലെ ഒട്ടു മിക്കവാറും സ്ഥലങ്ങളില്‍ പടര്‍ന്നു പിടിച്ചു. 1960 -ല്‍ പി .എല്‍ .480 (ജൗയഹശര ഘമം 480) എന്ന പേരില്‍ അമേരിക്ക സൗജന്യമായി നല്‍കിയ ഗോതമ്പിനോടൊപ്പം മറ്റൊരു ബോണസും നമുക്ക് കിട്ടി- പാര്‍ത്തീനിയം അല്ലെങ്കില്‍ കോണ്‍ഗ്രസ് പച്ച. എവിടെ വേണമെങ്കിലും വളരാനാവുന്ന ഇവ പുഷ്പിക്കുന്ന കുറ്റിച്ചെടിയാണ് . അലര്‍ജി തുമ്മല്‍, തടിപ്പ്, തുടങ്ങി പലതിനും ഇതിന്റെ പൊടി കാരണമായേക്കും.
പൂന്തോട്ടങ്ങളെ മോടിപിടിപ്പിക്കാന്‍ വെച്ചുപിടിപ്പിക്കുന്ന ഈ ചെടിയ്ക്കു ജൈവവൈവിധ്യം (bio diversity) നശിപ്പിക്കാന്‍ നല്ല പാടവമുണ്ട്. വഴിമാറുന്ന ചെടിയുടെ (Viburnum lantana) പൂവിനോടുള്ള സാദൃശ്യം കൊണ്ട് ലന്റാനയും ഗ്രീക്കിലെ കാമറായും (കമാനം) ആണ് ഈ പേരിനു പിന്നില്‍.
കമ്മ്യൂണിസ്റ്റ് പച്ച (മെക്‌സിക്കന്‍ സാത്താന്‍)
പൂച്ചപ്പായല്‍, ഇന്ത്യന്‍ മുട്ടക്കോസ്, എന്നീ പേരുകളില്‍ അറിയപ്പെടുന്ന ഇവ സൂര്യകാന്തി കുടുംബത്തില്‍ നിന്നാണ്. തെക്കന്‍ അമേരിക്കയില്‍ നിന്ന് പറിച്ചു നടപ്പെട്ട ഇവ ഇവിടെ പച്ച പിടിക്കാന്‍ ഒട്ടും താമസമുണ്ടായില്ല. ചെടിയായോ വള്ളിയായോ വളരാനാവുന്ന ഇതിന്റെ രോമാവൃതമായ വിത്ത് തുണിയിലും മുടിയിലും പറ്റിപ്പിടിക്കും ( ഇതുപോലൊരു വിത്താണ് വെല്‍ക്രോയ്ക്കു പ്രചോദനമേകിയതു). ദിവസം മൂന്നു സെന്റീ മീറ്ററോളം വളരുന്ന ഇവയ്ക്കു സാധാരണ ഉയരമായ പത്തു മീറ്റര്‍ എത്താന്‍ ഏതാണ്ട് ഒരു മാസം മതി.
ജലചൂഷണത്തിന് കാരണമാകുന്ന ഇതു കാട്ടുതീക്കും വഴി വെയ്ക്കുന്നു. കമ്മ്യൂണിസ്റ്റ് മന്ത്രിസഭ ഭരിച്ചിരുന്ന കാലത്താണ് ഈ ചെടി കേരളത്തില്‍ പച്ച പിടിച്ചത്, കമ്മ്യൂണിസ്റ്റ് വിശേഷണം നേടിയതും.
ആഫ്രിക്കന്‍ പായല്‍
യന്ത്രം കൊണ്ട് വേരറുക്കാന്‍ നോക്കി, അവയെ തിന്നുന്ന പ്രാണികളെ ഇറക്കുമതി ചെയ്തു, മണ്ണെണ്ണ ഉപയോഗിച്ച് കത്തിക്കാന്‍ നോക്കി, കീടനാശിനി തളിച്ചു ……പക്ഷെ ആഫ്രിക്കന്‍ പായലിന്റെ അതിജീവന ശേഷി അപാരം.
കരുവേലകവും, ശീമക്കൊന്നയും, മുട്ടപ്പായലും ആഫ്രിക്കന്‍ മുഷിയും നിലാ പുല്ലും, മഞ്ഞ പായലും, തിലാപിയയും, ചൊറിയന്‍ തവളയും, അമേരിക്കന്‍ പൊന്തന്‍തവളയും, ആഫ്രിക്കന്‍ ഒച്ചും ഏഷ്യന്‍ കാര്‍പ്പും ഈ ഗണത്തില്‍ പെടും.
അനാഥാലയം, മാനസികാരോഗ്യ കേന്ദ്രം
1960-ല്‍ കാനഡ, ക്യൂബെക്കിലെ മാനസികാരോഗ്യ കേന്ദ്രങ്ങള്‍ക്ക് വിഹിതം കൂട്ടി- ദിവസംപ്രതി ഒരു അന്തേവാസിക്ക് 2.75 ഡോളര്‍ വീതം. അതെ സമയം അനാഥാലയങ്ങള്‍ക്ക് 1 .25 ഡോളറും. കത്തോലിക്ക സഭ കൂടുതല്‍ സബ്‌സിഡി കിട്ടാനായി ഏകദേശം 2 ,000 സാധാരണ കുട്ടികളെ മാനസിക രോഗികളാക്കി മുദ്രകുത്തി. ഏഴു മുതല്‍ 18 വയസ്സു വരെയുള്ള കുട്ടികള്‍ ശാരീരികവും മാനസികവും ലൈംഗികവുമായ ചൂഷണത്തിന് വിധേയരായി.
നാനോ കാറിന്റെ തകര്‍ച്ച
ഇന്ത്യയില്‍ കാര്‍ എന്നാല്‍ ഒരു സ്റ്റാറ്റസ് സിംബല്‍ ആണല്ലോ. ലോകത്തിലെ ഏറ്റവും വില കുറഞ്ഞ കാര്‍ ‘ എന്ന് നാനോയെ ടാറ്റ മോട്ടോര്‍ അവതരിപ്പിച്ചപ്പോള്‍ ഒരു സര്‍പ്പ ദോഷം ഉണ്ടായി. ‘സസ്ത ‘ കാര്‍ , സ്റ്റാറ്റസ് ഉയര്‍ത്തില്ലല്ലോ. ആവശ്യക്കാര്‍ കുത്തനെ കുറഞ്ഞു. രത്തന്‍ ടാറ്റ തന്നെയാണിത് വെളിപ്പെടുത്തിയത്.
അന്യഥാ ചിന്തിതം കാര്യം
പത്തമ്പതു വര്‍ഷം മുമ്പ് പി കെ മന്ത്രി എന്നൊരു കാര്‍ട്ടൂണിസ്റ്റ് നമുക്കുണ്ടായിരുന്നു.അദ്ദേഹത്തിന്റെ ഒരു കാര്‍ട്ടൂണ്‍ . കാലന്‍ കുടയുമായി പോയ ഒരാള്‍ മൂര്‍ഖനെ കണ്ടു മുട്ടുന്നു. പേടിച്ചരണ്ട് അയാള്‍ മരത്തിന്റെ കൊമ്പില്‍ കുട തൂക്കി രക്ഷപ്പെടാനായി ശ്രമിക്കുന്നു, കുടയുടെ കാല്‍ പൊട്ടി അയാള്‍ താഴെ വീഴുന്നു. വീണത് പാമ്പിന്റെ പത്തിയില്‍…… ‘അന്യഥാ ചിന്തിതം കാര്യം.

















