Web Desk
കേരള തീരത്തുവച്ച് ഇറ്റാലിയന്‍ നാവികര്‍ മത്സ്യത്തൊഴിലാളികളെ വെടിവച്ചു കൊലപ്പെടുത്തിയ കേസില്‍ അന്താരാഷ്ട്ര നീതിന്യായക്കോടതിയില്‍ ഇന്ത്യക്ക് വിജയം.നാവികര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി, ഇറ്റലിയുടെ വാദങ്ങള്‍ തള്ളി നിയമപരമായ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ടു. നാവികരായ സാല്‍വത്തോര്‍ ഗിറോണ്‍, മാസിമിലാനോ ലത്തോറെ എന്നിവര്‍ അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ചതായി കോടതി കണ്ടെത്തി. ഇറ്റലി യുഎന്‍ കടല്‍നിയമവും ഇന്ത്യയുടെ കപ്പലോട്ട അവകാശവും ലംഘിച്ചു. ജീവന്‍ നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്ക് ഇറ്റലി നഷ്ടപരിഹാരം നല്‍കണം. തൊഴിലാളികളെ ഉപദ്രവിച്ചതിനും വസ്തുവകകള്‍ നശിപ്പിച്ചതിനും ബോട്ടില്‍ ഉണ്ടായിരുന്നവരുടെ അന്തസ് കളങ്കപ്പെടുത്തിയതിനും നഷ്ടപരിഹാരം നല്‍കണമെന്നും അന്താരാഷ്ട്ര നീതിന്യായക്കോടതി വിധിച്ചു.നാവികരെ തടഞ്ഞുവെച്ചതിന് നഷ്ടപരിഹാരം നല്‍കണമെന്ന ഇറ്റലിയുടെ അവകാശവാദം ട്രൈബ്യൂണല്‍ നിരസിച്ചു.
2012-ലാണ് മലയാളികളായ മത്സ്യത്തൊഴിലാള്‍ ഇറ്റാലിയന്‍ എണ്ണക്കപ്പല്‍ എന്‍ റീക്കാ ലെക്‌സിയില്‍ നിന്ന് വെടിയേറ്റ് കൊല്ലപ്പെട്ടത്. ലക്ഷദ്വീപ് കടലില്‍ വെച്ചായിരുന്നു സംഭവം. പിന്നാലെ ഇന്ത്യന്‍ അതിര്‍ത്തി രക്ഷാസേന കപ്പല്‍ കസ്റ്റഡിയില്‍ എടുത്തു. കൊച്ചി തുറമുഖത്ത് അടുപ്പിച്ചു. സെന്‍റ് ആന്‍റണി എന്ന മത്സ്യബന്ധന ബോട്ടിന് നേരെയാണ് വെടിവെപ്പുണ്ടായത്. അജേഷ്, വാലന്‍റൈന്‍ എന്നിവര്‍ കൊല്ലപ്പെട്ടു.