English हिंदी

Blog

Oommen-Chandy

രണ്ട് മലയാളി മത്സ്യത്തൊഴിലാളികളെ ഇറ്റാലിയന്‍ നാവികര്‍ വെടിവച്ചു കൊന്നകേസില്‍ അന്താരാഷ്ട്ര കോടതി മുമ്പാകെ യുഡിഎഫ് സര്‍ക്കാര്‍ രജിസ്റ്റര്‍ ചെയ്ത കൊലക്കുറ്റം ഉള്‍പ്പെടെയുള്ള കേസിന്‍റെ നിയമസാധുത സ്ഥാപിച്ചെടുക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ കുറ്റകരമായ വീഴ്ച വരുത്തിയെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കൊലയാളികളായ നാവികരെ എല്ലാ ക്രിമിനല്‍ നടപടികളില്‍ നിന്നും ഒഴിവാക്കി, കേവലം നഷ്ടപരിഹാരത്തിലൊതുങ്ങിയ വിധി പുന:പരിശോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.

കേന്ദ്രസര്‍ക്കാരിന്‍റെ ഗുരുതരമായ ഒത്തുകളിയും അനാസ്ഥയും ഉപയോഗപ്പെടുത്തിയാണ് കടല്‍ക്കൊല കേസ് അന്താരാഷ്ട്ര കോടതിയില്‍ എത്തിച്ചത്. ഐക്യരാഷ്ട്രസംഘടനയുടെ ലോ ഓഫ് സീസ് (യുഎന്‍സിഎല്‍ഒഎസ്) ന്റെ പരിരക്ഷ ഉണ്ടെന്ന ഇറ്റലിയുടെ വാദം പൂര്‍ണമായി തള്ളിക്കളഞ്ഞ സുപ്രീംകോടതി വിധിക്കേറ്റ പ്രഹരം കൂടിയാണ് അന്താരാഷ്ട്ര കോടതിയുടെ വിധി.

Also read:  കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് വാക്സിന്‍ ഉടന്‍ ; ക്ലാസ്സുകള്‍ ഉടന്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി

നേരത്തെ കൊലക്കേസ് ഒഴിവാക്കാന്‍ യുപിഎ, യുഡിഎഫ് സര്‍ക്കാരുകളില്‍ വന്‍സമ്മര്‍ദം ചെലുത്തപ്പെട്ടെങ്കിലും ഫലിക്കാതെ പോകുകയായിരുന്നു. പ്രതികള്‍ക്ക് അനുകൂലമായി തീരുമാനമെടുക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും മറ്റും ഗൂഢാലോചന നടത്തുന്നതായി 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പുവേളയില്‍ നരേന്ദ്രമോഡി ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ ആരോപണം ഉന്നയിച്ചു. കടല്‍ക്കൊല കേസില്‍ എല്ലാ നിയമവിരുദ്ധ നടപടികള്‍ക്കുമെതിരേ കേസ് എടുക്കാന്‍ ഇന്ത്യയ്ക്ക് അധികാരവും അവകാശവും ഉണ്ടെന്ന സുപ്രീംകോടതി വിധി കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ അന്നെടുത്ത നടപടിക്ക് ലഭിച്ച പൂര്‍ണ അംഗീകാരം ആയിരുന്നു. ഇന്ത്യയില്‍ തന്നെ കേസ് നടത്തുവാനും പ്രതികള്‍ നേരിട്ടു ഹാജരാകാനുമുള്ള വിധി ഇറ്റാലിയന്‍ ഗവണ്മെന്റിന്റെ ഒരു സമ്മര്‍ദവും കേന്ദ്രസംസ്ഥാന സര്‍ക്കാരുകളെ സ്വാധീനിച്ചില്ല എന്നതിന്റെ വ്യക്തമായ തെളിവാണെന്ന് ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി.

നാവികര്‍ക്കെതിരേ കൊലക്കുറ്റം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്ത് കേരള പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് ചോദ്യം ചെയ്തുകൊണ്ട് ഇറ്റാലിയന്‍ സര്‍ക്കാരും പ്രതികളും ചേര്‍ന്ന് കേരള ഹൈക്കോടതിയേയും സുപ്രീംകോടതിയേയും സമീപിച്ചെങ്കിലും വന്‍ തിരിച്ചടിയാണ് ഇറ്റലിക്ക് ഉണ്ടായത്. യുപിഎ സര്‍ക്കാര്‍ ഒഴിഞ്ഞതിനെ തുടര്‍ന്നാണ് കടല്‍ക്കൊല കേസ് അന്താരാഷ്ട്ര കോടതിയില്‍ എത്തിയത്.

Also read:  പുസ്തകം വരും മുമ്പേ ഓഡിയോ ബുക്‌സ് വന്നു

ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കിയതും ഇന്ത്യയില്‍ നിലവിലുള്ള പീനല്‍ കോഡ് ഉള്‍പ്പെടെയുള്ള നിയമങ്ങള്‍ ഉപയോഗിച്ചും ഇന്ത്യന്‍ സമുദ്രാതിരിര്‍ത്തിയില്‍ നടക്കുന്ന ക്രിമിനല്‍ കുറ്റങ്ങള്‍ തടയാന്‍ കഴിയില്ലെന്ന തെറ്റായ സന്ദേശമാണ് ഈ വിധി നല്കുന്നത്. ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കിയ ടെറിറ്റോറിയല്‍ വാട്ടേഴ്‌സ് കോണ്ടിനെന്റല്‍ ഷെല്‍ഫ് ഇക്കണോമിക് സോണ്‍ ആന്‍ഡ് മാരിടൈം സോണ്‍ ആക്ട് 1976 ന്റെ നിയമസാധുത പരിശോധിക്കാന്‍ അന്താരാഷ്ട്ര കോടതിക്ക് അധികാരമില്ല.

Also read:  സംസ്ഥാനത്ത് ഇന്ന് 1417 പേര്‍ക്ക് കോവിഡ്; 1426 പേർക്ക് രോഗമുക്തി

ഇറ്റാലിയന്‍ കപ്പലായ എന്റിക ലക്‌സിയിലെ 2 നാവികരാണ് സെന്റ് ആന്റണീസ് മത്സ്യബന്ധന ബോട്ടിലെ അജീഷ് ബിങ്കി, വാലന്റൈന്‍ എന്നീ മത്സ്യത്തൊഴിലാളികളെ നീണ്ടകര തുറമുഖത്തുനിന്ന് 40 നോട്ടിക്കല്‍ മൈല്‍ അകലെ തോട്ടപ്പള്ളി കടലില്‍ വച്ച് 2012 ഫെബ്രുവരിയില്‍ വെടിവച്ചുകൊന്നത്. തുടര്‍ന്നു യാത്ര ചെയ്ത കപ്പലിനെ കൊച്ചിയില്‍ വിളിച്ചുവരുത്തി നാവികരെ അറസ്റ്റ് ചെയ്യുകയായിരുന്നു. കൊല്ലപ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്കും സംസ്ഥാന സര്‍ക്കാരിനും കേന്ദ്രസര്‍ക്കാരിന്റെയും അന്നത്തെ പ്രതിരോധ മന്ത്രിയായിരുന്നു എകെ ആന്റണിയുടെയും പൂര്‍ണ പിന്തുണ ലഭിച്ചിരുന്നെന്ന് ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി.

രണ്ടു പാവെപ്പട്ട മത്സ്യത്തൊഴിലാളികളുടെ ജീവനു ഒരുവിലയും കല്പിക്കാത്ത അന്താരാഷ്ട്ര കോടതിവിധിക്കെതിരേ ശക്തമായ നിയമപോരാട്ടത്തിന് കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകണമെന്ന് ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.